Faith And Reason - 2024

ഹൂസ്റ്റണിലെ പൊതുവേദിയിൽ കറുത്ത കുർബാന: ജപമാല റാലിയുമായി വിശ്വാസികള്‍

സ്വന്തം ലേഖകന്‍ 23-11-2019 - Saturday

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണിലുള്ള വീഞ്ഞു നിർമ്മാണശാലയില്‍ പൊതുവേദിയിൽ ഇന്ന് കറുത്ത കുർബാന സംഘടിപ്പിക്കുവാനിരിക്കെ ജപമാല റാലിയുമായി വിശ്വാസി സമൂഹം. സാത്താനിക് ടെമ്പിളിന്റെ ഹൂസ്റ്റണ്‍ ശാഖയാണ് "ആൻ ഈവിനിംഗ് വിത്ത് ദി ബീസ്റ്റ്" എന്ന പേരില്‍ കറുത്ത കുർബാന സംഘടിപ്പിക്കാൻ ചുക്കാൻ പിടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് പൊതുസ്ഥലത്ത് കറുത്ത കുർബാന അർപ്പിക്കുന്നത്. തങ്ങളുടെ നഗരത്തിൽ കർത്താവിനെ അവഹേളിക്കാൻ, ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്ന് കേട്ടപ്പോൾ ഞെട്ടല്‍ ഉളവാക്കിയെന്ന്, ജപമാല റാലിയുടെ സംഘാടകയായ എൽവിയ ലീവ 'ചർച്ച് മിലിറ്റന്‍റ്' എന്ന കത്തോലിക്ക മാധ്യമത്തോട് പറഞ്ഞു.

പൊതുസ്ഥലത്ത് നടത്തുന്ന കറുത്ത കുർബാന നഗരത്തിനു മേൽ വലിയ ശാപം കൊണ്ടുവരുമെന്ന് എൽവിയ ലീവ മുന്നറിയിപ്പ് നൽകി. ഇത് പിശാചുക്കൾക്ക് വാതിൽ തുറന്നു കൊടുക്കുന്നത് പോലെയാണ്. കർത്താവ് തന്റെ കൃപ പിൻവലിക്കാനും ഇതുവഴി ഇടയാക്കുമെന്നും ലീവ പറയുന്നു. കറുത്ത കുർബാന സംഘടിപ്പിക്കുന്ന ഇന്ന്‍ (നവംബർ 23) ഹൂസ്റ്റണിലെ റെജീന സീലി, അനൗൺസിയേഷൻ ഇടവകകൾ ദിവ്യകാരുണ്യത്തിന് മുന്നിൽ പാപപരിഹാര പ്രാർത്ഥനകളും നടത്തുന്നുണ്ട്.

പൈശാചിക ആരാധന സംഘടിപ്പിക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് വീഞ്ഞ് നിർമ്മാണ ശാലയിലേക്ക് വിളിച്ച് ആവശ്യപ്പെടണമെന്നും പ്രാർത്ഥന ശക്തമാക്കാനും ലീവ അഭ്യര്‍ത്ഥിച്ചു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കാനഡയുടെ ചരിത്രത്തിലെ ആദ്യ ബ്ലാക്ക് മാസിന് വേദിയായ ഒട്ടാവയിലെ ദി കൊവെന്‍ ഹോട്ടലിന് മുന്നില്‍ വിശ്വാസികളും വൈദികരും പ്രാര്‍ത്ഥനയുമായി സംഘടിച്ചിരിന്നു. ഇതേ തുടര്‍ന്നു ബ്ലാക്ക് മാസ് പരാജയപ്പെട്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വന്നത്. അതീവ തീക്ഷ്ണതയോടെ ജപമാലയും ക്രൂശിത രൂപവും ഉയര്‍ത്തിപ്പിടിച്ചു പ്രാര്‍ത്ഥിക്കുന്ന വിശ്വാസികളെ നോക്കി സ്തബ്ദരായി നില്‍ക്കുന്ന സാത്താന്‍ ആരാധകരുടെ ചിത്രം വൈറലായിരിന്നു.


Related Articles »