India - 2025
ത്യാഗപൂര്‍ണ്ണ സേവനം സഭയുടെ കരുത്ത്: മാര്‍ പെരുന്തോട്ടം
സ്വന്തം ലേഖകന്‍ 06-08-2019 - Tuesday
പാലാ: സഭയില്‍ ത്യാഗപൂര്‍ണമായ സേവനം നടത്തിയ വിശ്വാസി സമൂഹത്തിന്റെയും വൈദിക ശ്രേഷ്ഠരുടെയും പ്രവര്‍ത്തനങ്ങളാണ് സഭയുടെ കരുത്ത് എന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. പാലാ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ ഇന്നലെ നടന്ന രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും സംയുക്തസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പാരന്പര്യം കാത്തുസൂക്ഷിച്ച് മുന്നോട്ടുപോകാന്‍ സഭാമക്കളായ ഏവര്‍ക്കും കടമയുണ്ടെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
എഴുപത് വര്‍ഷം പിന്നിടുന്ന പാലാ രൂപത വിവിധ മണ്ഡലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശക്തിപ്പെടണമെന്ന് സമ്മേളനത്തിന് അധ്യക്ഷത വഹിച്ച പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. സഭാകാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും അല്മായ ദൈവശാസ്ത്ര പരിശീലനം ശക്തിപ്പെടുത്തണമെന്നും ബിഷപ്പ് ഓര്‍മപ്പെടുത്തി. പാലാ രൂപതയുടെ സര്‍വതോന്മുഖ വളര്‍ച്ചയ്ക്ക് ശക്തിയും കരുത്തും പകര്‍ന്ന രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലിലിനെയും അല്മായ നേതാക്കളെയും അനുസ്മരിച്ച് പാസ്റ്ററല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസ് പ്രസംഗിച്ചു.
അതോടൊപ്പം പാസ്റ്ററല്‍ കൗണ്‍സിലില്‍ അംഗമായിരുന്ന അന്തരിച്ച കെ.എം. മാണി എംഎല്‍എയെ അനുസ്മരിക്കുകയും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് പ്രസംഗിച്ചു.
ഷംഷാബാദ് രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കൊല്ലംപറന്പില്‍ ഗുജറാത്ത് മിഷനെ സംബന്ധിച്ചും ഫാ. ജോര്‍ജ് കാരാംവേലി അഡിലാബാദ് മിഷനെപ്പറ്റിയും വിശദീകരിച്ചു. വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപ്പറന്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജു സെബാസ്റ്റ്യന്‍ കൃതജ്ഞതയര്‍പ്പിച്ചു.
