News
ആധുനിക തുര്‍ക്കിയിലെ ആദ്യ ക്രിസ്ത്യന്‍ ദേവാലയത്തിന് പ്രസിഡന്റ് തറക്കല്ലിട്ടു
സ്വന്തം ലേഖകന്‍ 06-08-2019 - Tuesday
അങ്കാറ: ഒരു നൂറ്റാണ്ട് മുന്‍പ് റിപ്പബ്ലിക്കായി മാറിയശേഷം മുസ്ലീം ഭൂരിപക്ഷ രാജ്യമായ തുര്‍ക്കിയില്‍ നിര്‍മ്മിക്കുന്ന ആദ്യ ക്രിസ്ത്യന്‍ ദേവാലയത്തിന് പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ തറക്കല്ലിട്ടു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ഇസ്താംബൂളിലെ യെസില്‍കോവ് ജില്ലയില്‍ നിര്‍മ്മിക്കുന്ന ക്രൈസ്തവ ദേവാലയത്തിന് തറക്കല്ലിട്ടത്. ഇതോടെ ഇസ്താംബൂളിലെ ഏതാണ്ട് പതിനയ്യായിരത്തോളം വരുന്ന സിറിയന്‍ ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ അസ്സീറിയക്കാരുടെ ചിരകാലാഭിലാഷം പൂര്‍ത്തിയാകുവാന്‍ ഒരുങ്ങുകയാണ്.
തുര്‍ക്കിയിലെ ഏറ്റവും പുരാതന സമുദായങ്ങളിലൊന്നായ അസ്സീറിയന്‍ സമൂഹത്തിന്റെ ആരാധനാപരവും, അല്ലാത്തതുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റേണ്ടത് തുര്‍ക്കി റിപ്പബ്ലിക്കിന്റെ കടമയാണെന്ന്‍ തറക്കല്ലിടല്‍ ചടങ്ങില്‍ വെച്ച് എര്‍ദോര്‍ഗന്‍ പറഞ്ഞു. കഴിഞ്ഞ നൂറ്റിയന്‍പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ തുര്‍ക്കിയില്‍ നിരവധി പ്രശ്നങ്ങളും, കഷ്ടതകളും ഉണ്ടായിട്ടുണ്ടെങ്കില്‍ പോലും പരസ്പര സഹവര്‍ത്തിത്വത്തില്‍ വിള്ളല്‍ ഏല്‍ക്കുവാന്‍ നമ്മള്‍ സമ്മതിച്ചിട്ടില്ലെന്നും, രാജ്യത്തോട് കൂറുള്ള എല്ലാവരും രാജ്യത്തിലെ ഒന്നാംതരം പൗരന്‍മാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2009-ല്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രിയായിരിക്കെ തന്നെയാണ് എര്‍ദോഗന്‍ ഇസ്താംബൂള്‍ മെട്രോപ്പോളിറ്റന്‍ മുനിസിപ്പാലിറ്റിയോട് ദേവാലയത്തിന് പറ്റിയ സ്ഥലം കണ്ടെത്തുവാന്‍ ആവശ്യപ്പെടുന്നത്. ദേവാലയ നിര്‍മ്മാണത്തിനുള്ള പദ്ധതി 2015-ല്‍ പ്രഖ്യാപിക്കപ്പെട്ടെങ്കിലും ചില നിയമ തടസ്സങ്ങളെ തുടര്‍ന്നു നിര്‍മ്മാണം ആരംഭിക്കുവാന്‍ വൈകുകയായിരിന്നു. പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണം 2 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാകുമെന്ന പ്രതീക്ഷ ചടങ്ങില്‍ എര്‍ദോഗന്‍ പങ്കുവെച്ചു.
ചടങ്ങില്‍ കത്തോലിക്ക സഭ പ്രതിനിധികളും രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കാന്‍ എത്തിയിരിന്നു. അടുത്തിടെ ജനാധിപത്യപരമായ നവീകരണങ്ങളുടെ ഭാഗമായി എര്‍ദോഗന്റെ അധ്യക്ഷതയിലുള്ള ജസ്റ്റിസ് ആന്‍ഡ് ഡെവലപ്മെന്റ് പാര്‍ട്ടി (AKP) ക്രിസ്തീയ സഭകളുടെ ഭൂസ്വത്തുക്കളുടെ ഉടമസ്ഥാവകാശം തിരികെ നല്‍കിയിരിന്നു.