India - 2025

പ്രാര്‍ത്ഥനക്കും സഹായത്തിനും ആഹ്വാനവുമായി മാനന്തവാടി രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍

സ്വന്തം ലേഖകന്‍ 11-08-2019 - Sunday

മാനന്തവാടി: മഴക്കെടുതി ഏറ്റവും രൂക്ഷമായ വയനാട്ടില്‍ സഹായത്തിനും പ്രാര്‍ത്ഥനക്കും ആഹ്വാനവുമായുള്ള മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടത്തിന്റെ സര്‍ക്കുലര്‍ ദേവാലയങ്ങളില്‍ വായിച്ചു. ദൈവ സന്നിധിയില്‍ നമുക്ക് അഭയം പ്രാപിക്കാമെന്നും പ്രാര്‍ത്ഥനയോടൊപ്പം കൂടുതല്‍ തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാമെന്നും ബിഷപ്പ് സര്‍ക്കുലറില്‍ കുറിച്ചു. ഭക്ഷണം ഇല്ലാതെയൊ ചികിത്സ കിട്ടാന്‍ മാര്‍ഗ്ഗമില്ലാതെയൊ ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ വികാരിയച്ചന്മാര്‍ വഴിയോ ഇടവകയിലെ സമര്‍പ്പിതര്‍ വഴിയോ സംഘടനാ ഭാരവാഹികള്‍ വഴിയോ അക്കാര്യം അറിയിച്ചാല്‍ രൂപതാ കേന്ദ്രത്തില്‍ നിന്ന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതാണെന്ന്‍ അദ്ദേഹം അറിയിച്ചു. വൈദ്യുത പ്രതിസന്ധിയുണ്ടെങ്കില്‍ പള്ളികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ആവശ്യക്കാരെ സഹായിക്കുന്നതില്‍ വൈദികരും സഭാ സ്ഥാപനങ്ങള്‍ നടത്തുന്നവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ദേവാലയങ്ങളില്‍ ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധന നടത്താനും മാര്‍ ജോസ് പൊരുന്നേടം ആഹ്വാനം ചെയ്തു.

സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം ‍

കര്‍ത്താവില്‍ ഏറ്റവും പ്രിയപ്പെട്ട വൈദിക സഹോദരന്മാരേ, സമര്‍പ്പിതരേ, സഹോദരീ സഹോദരന്മാരേ,

കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ തിയതികളില്‍ ഉണ്ടായ കാലവര്‍ഷക്കെടുതികളില്‍ നമ്മളനുഭവിച്ച ദുഃഖദുരിതങ്ങളില്‍ നിന്നും പല തരത്തിലുള്ള നഷ്ടങ്ങളില്‍ നിന്നും ഇനിയും നമ്മള്‍ മുക്തരായിട്ടില്ല. പലര്‍ക്കും കയറിക്കിടക്കാന്‍ ഒരു വീടു പോലും ആയിട്ടില്ല. അതിന് മുമ്പേ തന്നെ ഈ വര്‍ഷം വീണ്ടും വെള്ളപ്പൊക്കവും അതോടനുബന്ധിച്ചുള്ള പ്രയാസങ്ങളും നമ്മളെ തേടിയെത്തിയിരിക്കുന്നു. ഈ പ്രതിഭാസത്തിന്‍റെ കാരണങ്ങളൊന്നും നമുക്ക് വ്യക്തമായി നമുക്കറിഞ്ഞു കൂടാ. എങ്കിലും ഭാവിയില്‍ അതേപ്പറ്റി നമ്മള്‍ വളരെ ഗൌരവമായി ചിന്തിക്കുകയും ആവശ്യമായ മുന്‍‌കരുതലുകള്‍ എടുക്കുകയും വേണം. കാരണം കാലാവസ്ഥ മുമ്പത്തേതില്‍ നിന്ന് വളരെ മാറിക്കഴിഞ്ഞു.ഏതായാലും കഴിഞ്ഞ വര്‍ഷത്തെ അനുഭവം നമ്മെ കുറേ കാര്യങ്ങള്‍ പഠിപ്പിച്ചു എന്നത് ഈ വര്‍ഷം പ്രവൃത്തിയിലൂടെ നമ്മള്‍കാണിച്ചു. അതിന്‍റെ ഫലമായി കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ നമുക്ക് മഴക്കെടുതിയെ നേരിടാന്‍ കഴിയുന്നുണ്ട്. ഭരണാധികാരികളുടെ മുന്നറിയിപ്പുകള്‍ പാലിക്കുന്നതില്‍ നമ്മള്‍ കൂടുതല്‍ ജാഗരൂകരായി എന്നത് ഏറെ ആശ്വാസകരമാണ്. ഭരണതലങ്ങളിലുള്ളവരും കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട് എന്നത് ശുഭോദര്‍ക്കമാണ്.

ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന മഴ നമ്മളെ ഭയപ്പെടുത്തുന്നുണ്ടെങ്കിലും നമ്മെയെല്ലാം കാത്ത് പരിപാലിക്കുന്ന കാരുണ്യവാനായ ദൈവം ഇതെല്ലാം കാണുകയും അറിയുകയും ചെയ്യുന്നുണ്ട് എന്ന വസ്തുത ദൈവവിശ്വാസികളെ, പ്രത്യേകിച്ച് ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച്, ആശ്വാസം നല്കേണ്ടതാണ്. അതിനാല്‍ അവിടുത്തെ സന്നിധിയില്‍ നമുക്ക് അഭയം പ്രാപിക്കാം. എത്രയും വേഗം നമുക്ക് നല്ല കാലാവസ്ഥ തന്ന് അനുഗ്രഹിക്കണമെ എന്ന് തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കാം. ഈ ദിവസങ്ങളില്‍ നമ്മുടെ വിശുദ്ധ കുര്‍ബാനകളിലും കുടുംബ പ്രാര്‍ത്ഥനയിലും എല്ലാം നല്ല കാലാവസ്ഥക്കായി പ്രാര്‍ത്ഥിക്കണം. അടുത്ത രണ്ടാഴ്ചത്തേക്ക് ബഹുമാനപ്പെട്ട വൈദികര്‍ വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തില്‍ ഇക്കാര്യം വിശ്വാസികളെ ഓര്‍മ്മപ്പെടുത്തുകയും പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്യുകയും വേണം.

അതുപോലെ സമര്‍പ്പിതഭവനങ്ങളിലെ പ്രാര്‍ത്ഥനാസമയത്തും നല്ല കാലാവസ്ഥക്കും കഷ്ടതകള്‍ അനുഭവിക്കുന്നവരുടെ കഷ്ടതകള്‍ നീക്കുന്നതിനും പ്രാര്‍ത്ഥിക്കണം. അതിലുപരി ഇപ്പോഴത്തെ അവസ്ഥ എത്രയും വേഗം മാറ്റിത്തരണമേ എന്ന പ്രാര്‍ത്ഥനയോടെ എല്ലാ പള്ളികളിലും വി. കുര്‍ബാനക്ക് ശേഷം ഒരു മണിക്കൂര്‍ ആരാധന നടത്തുന്നതും നന്നായിരിക്കും. ഇടവകയിലെ കഴിയുന്നത്ര അംഗങ്ങള്‍ അതില്‍ പങ്കെടുത്ത് തീക്ഷ്ണമായി പ്രാര്‍ത്ഥിക്കണം. കുടുംബങ്ങളില്‍ സന്ധ്യാപ്രാര്‍ത്ഥനാസമയത്ത് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടിക്കൊണ്ട് ജപമാലയര്‍പ്പിക്കുകയും വേണം. നമ്മുടെ രൂപതയുടെ പ്രത്യേകമദ്ധ്യസ്ഥയായ പരി. അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ അടുത്തു വരുകയാണല്ലൊ. കുടുംബനാഥന്മാരും നാഥമാരും ഇക്കാര്യത്തില്‍ പ്രത്യേക താത്പര്യം എടുത്ത് മക്കളെ അതിന് പ്രോത്സാഹിപ്പിക്കണം.

നമ്മുടെ രൂപതാര്‍ത്തിയില്‍ പെട്ട മേപ്പാടിക്കടുത്ത് ഉരുള്‍പൊട്ടി 40-ലേറെ പേരെ കാണാതായി. ഇതുവരെ ഏതാനും പേരുടെ മൃതദേഹങ്ങള്‍ മാത്രമേ കണ്ടു കിട്ടിയുള്ളു. അതുപോലെ വലിയൊരു ഭൂപ്രദേശം മുഴുവന്‍ അവിടെയുണ്ടായിരുന്ന സകലതോടും കൂടി ഒലിച്ചു പോയി. പ്രതീക്ഷ കൈവെടിയാതെ രക്ഷാപ്രവര്‍ത്തകര്‍ രാപകല്‍ അദ്ധ്വാനിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തനം വൃഥാവിലാകാതിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കാം. നമ്മുടെ രൂപതയുടെ തന്നെ ഭാഗമായ മണിമൂളി-നിലമ്പൂര്‍ മേഖലയിലെ ഭൂദാനത്തും പാതാറിലും ഉരുള്‍പൊട്ടലില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഭൂദാനത്ത് നാല്പതിലേറെപ്പേരെ കാണാതായി. ഏതാനും മൃതദേഹങ്ങള്‍ കണ്ടുകിട്ടിയതായി അറിയുന്നു. മരിച്ചവരില്‍ ഭൂദാനം ഇടവകയിലെ രണ്ട് കൊച്ചുമക്കളും ഉള്‍പ്പെടുന്നു. മരണം സഭവിച്ച എല്ലാ കുടുംബങ്ങളോടും മാനന്തവാടി രൂപതയിലെ എല്ലാവരുടേയും പേരില്‍ അനുശോചനം രേഖപ്പെടുത്തുന്നു. ബന്ധുമിത്രാദികളെ പ്രത്യേകം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നു. അവരുടെ ഹൃദയവേദനയില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുകയും മരിച്ചവര്‍ക്ക് കര്‍ത്താവിന്‍റെ സന്നിധിയില്‍ ആയിരിക്കാന്‍ കൃപയാകണമെ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

പ്രാര്‍ത്ഥന പോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രവൃത്തിയും. പ്രാര്‍ത്ഥന നമുക്കതിനുള്ള മനസ്സും ഊര്‍ജ്ജവും പ്രചോദനവും നല്കും എന്നതാണ് വസ്തുത. നമ്മുടെ പ്രാര്‍ത്ഥന നമ്മെ സഹായിക്കാനായി മറ്റുള്ളവരുടെ മനസ്സിനെ തയ്യാറാക്കുകയും ചെയ്യും. നമ്മുടെ അയല്പക്കത്ത് ഭക്ഷണവും വസ്ത്രവും മരുന്നും താമസസ്ഥലവും ഇല്ലാതെ വരുന്നവര്‍ക്ക് അത് ഉണ്ട് എന്ന് നമ്മള്‍ ഉറപ്പ് വരുത്തണം. പരസ്പരം അക്കാര്യം അന്വേഷിക്കുകയും അങ്ങനെയുള്ളവരെ കണ്ടെത്തി സ്വയം സഹായം കൊടുക്കുകയോ അതിനായി തയ്യാറുള്ളവരെ അറിയിക്കുകയോ ചെയ്യണം. റോഡുകളെല്ലാം അടഞ്ഞു കിടക്കുന്നതുകൊണ്ട് എത്ര ശ്രമിച്ചാലും പുറത്ത് നിന്ന് സഹായം എത്തിക്കാന്‍ വൈകിയെന്ന് വരാം. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷം പുറമെ നിന്ന് സഹായം എത്തിയെന്നും വരുകയില്ല.

ആദ്യമായി ശ്രദ്ധിക്കേണ്ടത് താമസഥലം നഷ്ടപ്പെട്ടവര്‍ക്ക് തത്ക്കാലികമായിട്ടെങ്കിലും കയറിക്കിടക്കാന്‍ ഒരിടം കണ്ടെത്തിക്കൊടുക്കുക എന്നതാണ്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ തന്നെ ഈ വര്‍ഷവും നിങ്ങളുടെ സഹായസഹകരണങ്ങള്‍ ഇക്കാര്യത്തില്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. കുടുംബങ്ങള്‍ അവര്‍ക്കുള്ള സൌകര്യങ്ങള്‍ പരിമിതങ്ങളാണെങ്കിലും ആവശ്യക്കാരുമായി പങ്ക് വയ്ക്കാന്‍ ശ്രമിക്കണം. താത്ക്കാലിക താമസത്തിനായി നമ്മുടെ പള്ളികളോ മറ്റ് കെട്ടിടങ്ങളോ ആവശ്യമെങ്കില്‍ തുറന്ന് കൊടുക്കാന്‍, കഴിഞ്ഞ വര്‍ഷം നിങ്ങള്‍ പ്രദര്‍ശിപ്പിച്ച സന്മനസ്സ്, ഈ വര്‍ഷവും ഉണ്ടാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനായി ബഹുമാനപ്പെട്ട വികാരിയച്ചന്മാരെ പ്രത്യേകം അഹ്വാനം ചെയ്യുന്നു.

രണ്ടാമതായി ഭക്ഷണം, മരുന്ന്, വസ്ത്രങ്ങള്‍, മറ്റ് അത്യാവശ്യവസ്തുക്കള്‍ എന്നിവ കൊടുക്കുന്നതിനെനെപ്പറ്റിയാണ് പറയേണ്ടത്. റോഡുകളിലൂടെ സാധനങ്ങള്‍ എത്തിക്കാന്‍ പറ്റാത്തതുകൊണ്ട് കടകളിലെ സാധനങ്ങള്‍ പെട്ടെന്ന് തീര്‍ന്നെന്നു വരാം. അതുപോലെ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും മറ്റും ബുദ്ധിമുട്ട് ഉണ്ടാകാം. ഭക്ഷണം ഇല്ലാതെയൊ ചികിത്സ കിട്ടാന്‍ മാര്‍ഗ്ഗമില്ലാതെയൊ ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കില്‍ ബഹുമാനപ്പെട്ട വികാരിയച്ചന്മാര്‍ വഴിയോ ഇടവകയിലെ സമര്‍പ്പിതര്‍ വഴിയോ സംഘടനാ ഭാരവാഹികള്‍ വഴിയോ അക്കാര്യം അറിയിച്ചാല്‍ രൂപതാ കേന്ദ്രത്തില്‍ നിന്ന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യുന്നതാണ്. ബഹുമാനപ്പെട്ട വികാരിയച്ചന്മാരുടെയും സമര്‍പ്പിതരുടെയും സംഘടനാ ഭാരവാഹികളുടെയും ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാവുകയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്ന രൂപതാ സംവിധാനത്തില്‍ അറിയിക്കുകയും ചെയ്യുകയാണെങ്കില്‍ വേണ്ടത് ചെയ്യാന്‍ സാധിക്കും.

പ്രളയവും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കായി സോഷ്യല്‍ സര്‍വ്വീസ് സെന്‍ററിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന റേഡിയോ മാറ്റൊലി ഇടക്കിടെ വിവരങ്ങളും അറിയിപ്പുകളും കൊടുക്കുന്നതാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രത്യേകമായി നാട്ടില്‍ മുഴുവന്‍ അറിയിക്കണമെന്നുണ്ടെങ്കില്‍ റേഡിയോ മാറ്റൊലിയിലേക്ക് വിളിച്ചാല്‍ മതി. അവിടെ നിന്ന് അനൌണ്‍സ് ചെയ്തുകൊള്ളും. മൊബൈല്‍ നമ്പര്‍: 9446034422. എഫ്.എം. 90.4 ആണ് റേഡിയോയുടെ പ്രക്ഷേപണത്തിന്‍റെ ഫ്രീക്വന്‍സി. റേഡിയോ സെറ്റില്‍ പ്രക്ഷേപണം കിട്ടുന്നില്ലെങ്കില്‍ മൊബൈലിലൂടെ ഓണ്‍ലൈനായി പ്രക്ഷേപണം ലോകത്തിന്‍റെ ഏത് ഭാഗത്തും ലഭ്യമാണ്.

അതിനുള്ള മൊബൈല്‍ ആപ്പ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ മാത്രമേ ലഭ്യമായിട്ടുള്ളു. പ്ലേ സ്റ്റോറില്‍ നിന്ന് റേഡിയോ മാറ്റൊലി (Radio Mattoli)എന്ന മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. അതിലൂടെ എല്ലാ പ്രക്ഷേപണങ്ങളും 24 മണിക്കൂറും ലഭ്യമാണ്. മൊബൈലില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരിക്കണം. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ വാര്‍ത്തകള്‍ രൂപതയുടെ Diocese of Mananthavadyഎന്ന ഫെയ്സ് ബുക്ക് പേജിലും ലഭ്യമാണ്. വാര്‍ത്തകളും ചിത്രങ്ങളും 9744667206 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് അയച്ചുകൊടുത്താല്‍ പ്രാധാന്യമുള്ളവയെങ്കില്‍ അതില്‍ ചേര്‍ക്കുന്നതാണ്.

നമ്മുടെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ അവയുടെ ബാറ്ററി ചാര്‍ജ്ജ് ചെയ്യണമല്ലൊ. പലപ്പോഴും കറന്‍റ് ഇല്ലാത്തതു കൊണ്ട് അത് സാധ്യമാകണമെന്നില്ല. അങ്ങനെയുള്ള സ്ഥലങ്ങളില്‍ പള്ളികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച് ആവശ്യക്കാരെ സഹായിക്കുന്നതില്‍ ബഹുമാനപ്പെട്ട വികാരിയച്ചന്മാരും മറ്റ് സ്ഥാപനങ്ങള്‍ നടത്തുന്നവരും ശ്രദ്ധിക്കുമല്ലൊ.

കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ കാക്കനാട് മൌണ്ട് സെന്‍റ് തോമസില്‍ കേരളകത്തോലിക്കാ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുക്കുകയായിരുന്നു. ധ്യാനം കഴിഞ്ഞെങ്കിലും വയനാട്ടിലേക്കുള്ള യാത്ര ഈ അവസരത്തില്‍ സാധ്യമല്ലാത്തതുകൊണ്ട് റോഡുകള്‍ തുറക്കുന്നത് കാത്ത് ഞാന്‍ കഴിയുകയാണ്. അതുകൊണ്ട് വ്യക്തിപരമായി ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്കിപ്പോള്‍ സാധ്യമല്ല. എന്‍റെ അസാന്നിദ്ധ്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ബഹുമാനപ്പെട്ട ജനറാളച്ചന്‍റെയും രൂപതാ സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടറുടെയും നേതൃത്വത്തില്‍ നന്നായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്. അവരുടെ മൊബൈല്‍ നമ്പറുകള്‍ താഴെക്കൊടുക്കുന്നു. മോണ്‍സിഞ്ഞോര്‍ അബ്രാഹം നെല്ലിക്കല്‍ (വികാരി ജനറാള്‍): 8547407101. ഫാ. പോള്‍ കൂട്ടാല (സോഷ്യല്‍ സര്‍വ്വീസ് ഡയറക്ടര്‍): 9897809310.

ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവരേയും ഹൃദയപൂര്‍വ്വം അനുമോദിക്കുന്നു, നന്ദി പറയുന്നു; പ്രാര്‍ത്ഥന വാഗ്ദാനം ചെയ്യുന്നു. അതുപോലെ തന്നെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവിന്‍റെ കൃപ നിങ്ങളേവരോടും കൂടെ ഉണ്ടായിരിക്കട്ടെ.

യേശുവില്‍, ബിഷപ്പ് ജോസ് പൊരുന്നേടം
മാനന്തവാടി രൂപതാ മെത്രാന്‍


Related Articles »