News - 2024

കലാപ നടുവില്‍ ദശാബ്ദത്തിന് ശേഷം തെക്കന്‍ സുഡാനി രൂപതക്ക് ഇടയന്‍

സ്വന്തം ലേഖകന്‍ 12-08-2019 - Monday

മലക്കല്‍: ആഭ്യന്തര പ്രശ്നങ്ങള്‍ കൊണ്ട് സമാധാന അന്തരീക്ഷം നഷ്ട്ടമായ തെക്കന്‍ സുഡാനിലെ പ്രാദേശിക രൂപതക്ക് നീണ്ട പത്തു വര്‍ഷങ്ങള്‍ക്കു ശേഷം പുതിയ അധ്യക്ഷന്‍. 2009-ല്‍ ബിഷപ്പ് അന്തരിച്ചതിനെ തുടര്‍ന്ന്‍ മെത്രാനില്ലാതിരുന്ന മലക്കല്‍ രൂപതയുടെ പുതിയ മെത്രാനായി മുന്‍ വികാര്‍ ജനറലായിരുന്ന അഭിവന്ദ്യ റവ. ഡോ. സ്റ്റീഫന്‍ അഡോര്‍ മോജ്വോക്കാണ് അഭിഷിക്തനായത്. ജൂലൈ 28-ഞായറാഴ്ച മലക്കലെ ക്രൈസ്റ്റ് ദി കിംഗ് ഇടവകയില്‍ വെച്ച് നടന്ന സ്ഥനാരോഹരണ ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. ഉപരാഷ്ട്രപതി ജെയിംസ് വാനി ഇഗ്ഗ, കര്‍ദ്ദിനാള്‍ ഗബ്രിയേല്‍ സുബേര്‍ വാക്കോ എന്നിവര്‍ക്ക് പുറമേ കിഴക്കന്‍ ആഫ്രിക്കയിലെ വത്തിക്കാന്‍ പ്രതിനിധിയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിരവധി പുരോഹിതരും ചടങ്ങില്‍ പങ്കെടുത്തു.

രാജ്യത്തെ ആഭ്യന്തരകലഹങ്ങള്‍ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ശുശ്രൂഷക്കിടയില്‍ നടത്തിയ പ്രസംഗത്തില്‍ പുതിയ മെത്രാന്‍ പ്രധാനമായും പരാമര്‍ശിച്ചത്. തെക്കന്‍ സുഡാനില്‍ സമാധാനം പുലര്‍ന്നുകാണുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരസ്പരം സ്നേഹിക്കണമെന്നും സമാധാന കരാര്‍ നമ്മുക്ക് തന്നെ നേടിയെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ സുഡാനില്‍ നിന്നും 2011-ല്‍ സ്വാതന്ത്ര്യം നേടിയ റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാന്‍ ആഭ്യന്തരയുദ്ധത്താല്‍ ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് പുതിയ മെത്രാന്‍ അഭിഷിക്തനായിരിക്കുന്നത്.

തെക്കന്‍ സുഡാനില്‍ നിലനില്‍ക്കുന്ന മൃഗീയമായ അക്രമങ്ങളെ 2015-ല്‍ ആഫ്രിക്കന്‍ യൂണിയന്‍ അപലപിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഐക്യരാഷ്ട്ര സഭാ കേന്ദ്രത്തിനു നേര്‍ക്കുണ്ടായ ആക്രമത്തില്‍ 18 പേര്‍ കൊല്ലപ്പെടുകയും 40-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2013-മുതല്‍ ഇതുവരെ ഏതാണ്ട് നാലുലക്ഷത്തോളം പേരാണ് ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ മെത്രാന്റെ നിയമനത്തില്‍ സമാധാന ഇടപെടലുകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍.


Related Articles »