India - 2025
ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുമായി നെയ്യാറ്റിന്‍കര രൂപത
സ്വന്തം ലേഖകന്‍ 14-08-2019 - Wednesday
നെയ്യാറ്റിന്‍കര: ദുരിത ബാധിതര്‍ക്ക് കൈത്താങ്ങുമായി നെയ്യാറ്റിന്‍കര രൂപതയുടെ ആദ്യ വാഹനം വയനാട്ടിലേക്ക് പുറപ്പെട്ടു. കുപ്പിവെളളം, തുണികള്‍, മരുന്നുകള്‍ തുടങ്ങി ദുരിതാശ്വാസ ക്യാമ്പുകളില്‍ അത്യാവശ്യം വേണ്ട എല്ലാ സാധനങ്ങളുമായാണ് ആദ്യ സംഘം പുറപ്പെട്ടത്. നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ബിഷപ്പ് വിൻസെന്റ് സാമുവല്‍ ആദ്യസംഘത്തിന്റെ യാത്ര ഉദ്ഘാടനം ചെയ്തു. രൂപതാ യൂത്ത് കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ബിനു റ്റി., ജീസസ് യൂത്ത് കോ-ഓർഡിനേറ്റര്‍ ധനീഷ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രൂപതയുടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന സാധനങ്ങളുമായി നാളെ 11നു വയനാട് – കോഴിക്കോട് – കണ്ണൂര്‍ ജില്ലകളിലേക്കും വാഹനങ്ങള്‍ പുറപ്പെടുമെന്ന് രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റര്‍ മോണ്‍.വി.പി.ജോസ് അറിയിച്ചു.
നല്ല അയൽക്കാരൻ എന്ന പേരിൽ ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ പ്രളയ ബാധിത പ്രദേശങ്ങളിൽ വോളന്റിയറായി പ്രവർത്തിക്കുവാൻ ആഗ്രഹമുള്ളവരെ ക്ഷണിക്കുന്നതിനായി ജീവനസ്‌മൃതി എന്നപേരിൽ “ഓൺലൈൻ റെജിസ്ട്രേഷൻ” അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. http://jeevanasamridhi.org/volunteers.html എന്നതാണ് വെബ്സൈറ്റ്. കഴിഞ്ഞ പ്രളയത്തില്‍ നെയ്യാറ്റിന്‍കര രൂപതയുടെ വിവിധ ശുശ്രൂഷകളുടെയും, ഭക്ത-സംഘടനകളുടേയും നേതൃത്വത്തില്‍ 8 ലോറികളിലാണ് നിത്യോപയോഗ സാധനങ്ങള്‍ ദുരിത മേഖലകളില്‍ എത്തിച്ചത്.
