News - 2024

ദുരന്തമുഖത്ത് സജീവ പ്രവര്‍ത്തനവുമായി കേരള സഭ

സ്വന്തം ലേഖകന്‍ 15-08-2019 - Thursday

കൊച്ചി: മഴക്കെടുതിയെ തുടര്‍ന്നുണ്ടായ അതികഠിനമായ ദുരിതാവസ്ഥയില്‍ നിന്ന്‍ കരകയറുന്ന പാവങ്ങള്‍ക്കു പ്രതീക്ഷയുടെ തണല്‍ ഒരുക്കി കേരള സഭ. സര്‍ക്കാര്‍ സംവിധാനത്തോടു സഹകരിച്ചും, അതാതു രൂപതകളിലെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളുടെ തലവന്മാരുമായി പരസ്പരം ആലോചിച്ചും വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതായി കേരള മെത്രാന്‍ സമിതിയുടെ നീതിക്കും സമാധാനത്തിനു വികസനത്തിനുമായുള്ള കമ്മിഷന്‍ സെക്രട്ടറി, ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ വത്തിക്കാന്‍ വാര്‍ത്താവിഭാഗത്തോട് പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു പുറമേ കേരളത്തിലെ മുപ്പത്തിരണ്ട് കത്തോലിക്ക രൂപതകളുടെ കീഴിലുള്ള സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികളുടെ നേതൃത്വത്തിലാണ് കേരളസഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ മുന്നേറുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

32 രൂപതകളിലുമുള്ള എല്ലാ ഇടവകകളും അവയുടെ സ്ഥാപനങ്ങളുംവഴി ആയിരത്തിലധികം ക്യാമ്പുകള്‍ കെസിബിസി കോര്‍ഡിനേറ്റു ചെയ്യുന്നുണ്ട്. ഈ ക്യാമ്പുകളില്‍ അരലക്ഷത്തോളം പേരെയാണ് സംരക്ഷിച്ചിരിക്കുന്നത്. അവര്‍ക്കു ഭക്ഷണം, വസ്ത്രം, മറ്റ് പാര്‍ക്കുവാനുള്ള അടിസ്ഥാന സാധനങ്ങള്‍, മരുന്ന്, ശുചിത്വ സൗകര്യങ്ങള്‍ എന്നിവ ക്രമീകരിക്കാനും ലഭ്യമാക്കാനും സാധിക്കുന്നുണ്ട്. കേരളത്തിലെ ഇടവകകളില്‍നിന്നും, സ്ഥാപനങ്ങളില്‍നിന്നും, യുവജനപ്രസ്ഥാനങ്ങളില്‍നിന്നുമായി അല്‍മായരും യുവജനങ്ങളും, ധാരാളം വൈദികരും സന്ന്യസ്തരും രക്ഷാപ്രവര്‍ത്തനങ്ങളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും അപകടസ്ഥാനങ്ങളിലും സജീവമാണെന്നും ഫാ. വെട്ടിക്കാട്ട് പറഞ്ഞു.


Related Articles »