News - 2025
ആറായിരം ജപമാല: സിറിയയിലെ ക്രൈസ്തവര്‍ക്ക് പാപ്പയുടെ സ്നേഹ സമ്മാനം
സ്വന്തം ലേഖകന്‍ 16-08-2019 - Friday
വത്തിക്കാന്‍ സിറ്റി: ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണത്തെയും ആഭ്യന്തര പ്രശ്നങ്ങളെയും തുടര്‍ന്നു അതികഠിനമായ സഹനങ്ങളിലൂടെ കടന്നുപോകുന്ന സിറിയയിലെ പീഡിതരായ ക്രൈസ്തവ സമൂഹത്തിന് പാപ്പയുടെ സ്നേഹ സമ്മാനം. രാജ്യത്തെ വിശ്വാസികള്‍ക്ക് കൈമാറാന്‍ പാപ്പ ആറായിരത്തോളം ജപമാല ആശീര്‍വ്വദിച്ചു നല്‍കി. ഇന്നലെ പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ ത്രികാലപ്രാര്‍ത്ഥനയുടെ അന്ത്യത്തിലാണ് പാപ്പ വെഞ്ചിരിപ്പ് നടത്തിയത്. യേശുവിന്റെ ജന്മം കൊണ്ട് അനുഗ്രഹീതമായ ബെത്ലഹേമിലെ കര്‍മ്മലീത്താ സന്ന്യാസിനിമാരാണ് മരത്തിന്‍റെ മുത്തുകള്‍ കൊണ്ടുള്ള ജപമാലകള്‍ നിര്‍മ്മിച്ചത്. ജപമാലകള്‍ പീഡിതരായ ക്രൈസ്തവരുടെ സമീപത്തുള്ള തന്‍റെ സാന്നിദ്ധ്യത്തിന്‍റെ അടയാളമാകട്ടെയെന്ന് പാപ്പ ആശംസിച്ചു.
അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് വഴി സിറിയയിലെ പീഡിതരായ കത്തോലിക്കര്‍ക്കും യുദ്ധത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും ജപമാല കൈമാറും. സമാധാനമില്ലാതെ കടുത്ത അരക്ഷിതാവസ്ഥയില്‍ തുടരുന്ന രാജ്യമായി സിറിയ മാറിയിരിക്കുകയാണ്. തന്റെ മിക്ക പ്രസംഗങ്ങളിലും സിറിയന്‍ സമൂഹത്തിന് സമാധാനം ലഭിക്കുന്നതിന് വേണ്ടി പാപ്പ പ്രാര്‍ത്ഥനക്കു ആഹ്വാനം ചെയ്യാറുണ്ട്. ഇതിന്റെ ബാക്കിപത്രമെന്നോണമാണ് പാപ്പ വെഞ്ചിരിച്ച ജപമാല വരും ദിവസങ്ങളില്‍ സിറിയയില്‍ എത്തിക്കുക.
![](/images/close.png)