News - 2024

തിരുസഭ പാരമ്പര്യം സംരക്ഷിക്കണമെന്ന് അമേരിക്കന്‍ മെത്രാന്മാരോട് വിശ്വാസികൾ

സ്വന്തം ലേഖകന്‍ 16-08-2019 - Friday

വാഷിംഗ്ടണ്‍ ഡി‌സി: വിശുദ്ധ കുർബാനയിലുളള യേശുവിന്റെ സാന്നിധ്യത്തെ പറ്റി അമേരിക്കയിലെ ഭൂരിഭാഗം പേര്‍ക്കും അജ്ഞതയാണെന്ന പ്യൂ റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ പാരമ്പര്യ കുർബാന രീതികൾ സംരക്ഷിക്കണമെന്ന് അമേരിക്കൻ മെത്രാൻ സമിതിയോട് വിശ്വാസികൾ. വിശുദ്ധ കുർബാനയിലെ ദൈവിക സാന്നിധ്യത്തെ പറ്റി വിശ്വാസികളെ ബോധവാന്മാരാക്കാൻ എന്തുചെയ്യണമെന്ന് അമേരിക്കൻ മെത്രാൻ സമിതിയുടെ ഫേസ്ബുക്ക് പേജിൽ അവർ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് കമന്റ് ചെയ്ത ആയിരത്തിഇരുനൂറു പേരിൽ ഭൂരിപക്ഷവും വിശുദ്ധ കുർബാനയിൽ യേശുവിന് ബഹുമാനം നൽകുന്ന രീതിയിലുള്ള പഴയ ആരാധനാരീതികൾ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കിഴക്കോട്ട് നോക്കിയുള്ള കുർബാന ക്രമമാണ് വിശ്വാസികളുടെ മുഖ്യമായ ആവശ്യങ്ങളിൽ ഒന്ന്.



പട്ടം സ്വീകരിച്ച വൈദികരും, ഡീക്കന്മാരും മാത്രമേ വിശുദ്ധ കുർബാന വിശ്വാസികൾക്ക് നൽകാവൂ എന്ന്‍ ആവശ്യപ്പെട്ടവര്‍ നിരവധിയാണ്. വിശുദ്ധ കുർബാന കൈകളിൽ മാത്രമേ നൽകാവൂ, വിശുദ്ധ കുർബാന സ്വീകരിക്കാൻ വരുന്നവർ മാന്യമായ വസ്ത്രം ധരിക്കണം, ദിവ്യകാരുണ്യ ആരാധന പ്രോത്സാഹിപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും നിരവധി ആളുകള്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതിനിടെ അകത്തോലിക്കാ വിശ്വാസിയായ ടീം ക്ലിൻ എന്നൊരാളുടെ കമന്റും ശ്രദ്ധയാകര്‍ഷിക്കുകയാണ്. മാനസാന്തരപ്പെടാത്ത പാപികൾക്ക് (ഭ്രൂണഹത്യയെ പിന്തുണക്കുന്ന രാഷ്ട്രീയക്കാർ അടക്കമുള്ളവര്‍ക്കു) വൈദികരും, മെത്രാൻമാരും വിശുദ്ധ കുർബാന നൽകുമ്പോൾ ദിവ്യകാരുണ്യത്തിന് അർത്ഥമില്ലായെന്ന് അവർ തന്നെ പ്രഖ്യാപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിശുദ്ധ കുർബാനയിൽ പാരമ്പര്യ ആരാധനാരീതികൾ കൊണ്ടുവരുമ്പോൾ ദേവാലയത്തിലേക്ക് വിശ്വാസികളുടെ ഒഴുക്കാണെന്ന് ചില വൈദികരും അഭിപ്രായപ്പെട്ടു.


Related Articles »