India - 2025
കുടുംബാസൂത്രണം: മോദിയുടെ പരാമര്‍ശം ദുരുദ്ദേശ്യപരമെന്ന് പ്രോലൈഫ് സമിതി
17-08-2019 - Saturday
കൊച്ചി: ഇന്ത്യയില്‍ കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണമെന്നും അതു രാജ്യസ്‌നേഹത്തിന്റെ ഭാഗമാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശം ദുരുദ്ദേശ്യപരമാണെന്നു കെസിബിസി പ്രോലൈഫ് സമിതി. ജീവന്റെ സൃഷ്ടി എന്നത് ദൈവത്തിന്റെ പ്രവൃത്തിയാണ്. അതുപോലെ തന്നെ ജീവനെ നശിപ്പിക്കുന്നത് ദൈവത്തിനെതിരായ പ്രവൃത്തിയാണ്. ലോകത്തിന്റെ താളക്രമം സൃഷ്ടിച്ചത് ദൈവമാണ്. ഈ താളക്രമത്തില്‍ എവിടെയെങ്കിലും അപഭ്രംശം സംഭവിച്ചാലും അതു ദൈവത്തിന്റെ പദ്ധതിയെ അട്ടിമറിക്കലാകും. ദൈവത്തിന്റെ സൃഷ്ടിയില്‍തന്നെയുള്ള താളക്രമം നിലനിര്‍ത്തുകയാണ് ലോകം നിലനില്‍ക്കാനുള്ള ഏക മാര്‍ഗം. മറിച്ച് പ്രസ്തുത താളക്രമത്തെ നാം തകര്‍ക്കുന്‌പോള്‍ കാലക്രമത്തില്‍ പിന്നീട് തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധം താളപ്പിഴകള്‍ സംഭവിക്കുന്നു.
യാതൊരുവക നിയന്ത്രണവുമില്ലാതെ ഗര്‍ഭഛിദ്രാനുമതി നല്കിയ പല രാജ്യങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നതും ഇതുതന്നെയാണെന്ന് കെസിബിസി പ്രൊലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ ഫാ പോള്‍ മാടശേരി പറഞ്ഞു. പൊതുസമൂഹം ഇതിനെതിരേ പ്രതികരിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു. പാലാരിവട്ടം പിഒസിയില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ്, ജനറല്‍ സെക്രട്ടറി അഡ്വ. ജോസി സേവ്യര്‍, ട്രഷറര്‍ ടോമി പ്ലാത്തോട്ടം, ജോര്‍ജ് എഫ്. സേവ്യര്‍, സിസ്റ്റര്‍ മേരി ജോര്‍ജ്, ഷിബു ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സമിതിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ അഞ്ചു മേഖലകളിലായി ഇതിനെതിരേ പ്രതിഷേധ റാലികളും ബോധവത്കരണ സെമിനാറുകളും നടത്തും. കുടുംബാസൂത്രണം ഇന്ത്യയില്‍ വരുംനാളുകളില്‍ കൂടുതല്‍ ഫലപ്രദമായി നടപ്പാക്കണമെന്നു ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.