News - 2024

ഭ്രൂണഹത്യക്കു നിർദ്ദേശം നൽകുന്ന കുടുംബാസൂത്രണ ക്ലിനിക്കുകൾക്ക് കടിഞ്ഞാണിടാന്‍ ട്രംപ്

സ്വന്തം ലേഖകന്‍ 28-02-2019 - Thursday

വാഷിംഗ്ടണ്‍ ഡി‌സി: ഭ്രൂണഹത്യ നടത്താൻ നിർദ്ദേശം നൽകുന്ന സർക്കാർ ധനസഹായത്തിൽ പ്രവർത്തിക്കുന്ന, കുടുംബാസൂത്രണ ക്ലിനിക്കുകൾക്ക് കടിഞ്ഞാണിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആരോഗ്യത്തിനും, മാനുഷിക സേവനങ്ങൾക്കുമായി എന്ന പ്രവർത്തിക്കുന്ന സർക്കാർ വകുപ്പാണ് വെള്ളിയാഴ്ച പുതിയ ഉത്തരവിറക്കിയത്. ഉത്തരവു പ്രകാരം കുടുംബാസൂത്രണ ക്ലിനിക്കുകളും ഗര്‍ഭഛിദ്ര ക്ലിനിക്കുകളും ഒരേ സ്ഥലത്ത് പ്രവർത്തിക്കാൻ പാടില്ല.

രണ്ടും തമ്മിൽ സാമ്പത്തികമായ ഇടപാടുകൾക്കും കർശന നിയന്ത്രണമാണ് പുതിയ ഉത്തരവ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഭ്രൂണഹത്യക്കെതിരെ ശക്തമായ നിലപാടുകൾ എടുക്കുന്ന ട്രംപ് ഭരണകൂടം, ഭ്രൂണഹത്യ നിയന്ത്രിക്കാൻ നടത്തുന്ന വലിയൊരു കാൽവെപ്പാണ് പുതിയ ഉത്തരവിലൂടെ നടപ്പിലാക്കുന്നത്. അതേസമയം ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന വിഭാഗങ്ങൾ ശക്തമായി ഉത്തരവിനെതിരെ രംഗത്തുവന്നിട്ടുണ്ട്.

ട്രംപ് ഭരണകൂടത്തിന്റെ ശക്തമായ തീരുമാനത്തെ പ്രോലൈഫ് സംഘടനയായ സൂസൻ ബി ആന്റണി ലിസ്റ്റ് സ്വാഗതം ചെയ്തു. വർഷങ്ങളായി പൊതുഖജനാവിലെ പണം ഭ്രൂണഹത്യ നടത്താനായി വഴിതിരിച്ച് വിടുന്നതിൽ അറുതിവരുത്താൻ ട്രംപ് ഭരണകൂടം പുതിയ ഉത്തരവ് പുറപ്പെടുവിച്ചതിൽ ആഹ്ലാദത്തിലാണ് പ്രോലൈഫ് പ്രവർത്തകരും, ക്രൈസ്തവ നേതാക്കളും.


Related Articles »