India - 2024

മഞ്ചേശ്വരത്തു കത്തോലിക്ക ദേവാലയത്തിന് നേരെ മണല്‍ മാഫിയയുടെ ആക്രമണം

സ്വന്തം ലേഖകന്‍ 20-08-2019 - Tuesday

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് കത്തോലിക്ക ദേവാലയത്തിന് നേരെ മണല്‍ മാഫിയയുടെ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ 3.25ന് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കാരുണ്യമാത ദേവാലയത്തിന് നേരെ ആക്രമണം നടത്തിയത്. അക്രമത്തില്‍ പള്ളിയുടെ മുൻഭാഗത്തെ ജനലിന്റെ ചില്ലുകൾ തകർത്തു. രാവിലെ 6ന് പള്ളിയിൽ കുർബാനയ്ക്ക് എത്തിയവരാണു ചില്ലുകൾ തകർന്നതു കണ്ടത്. പിന്നീട് പള്ളി വികാരി ഫാ.വിൽസൻ സൽദാന എത്തി സിസി ക്യാമറ പരിശോധിച്ചപ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയതായി ദൃശ്യങ്ങളിൽ വ്യക്തമായത്.

ഒരാൾ ബൈക്കിൽ വടിവാളുമായി പുറത്ത് നിൽക്കുകയും മറ്റൊരാൾ ഹെൽമറ്റ് കൊണ്ട് മുഖം മറച്ച് മതിൽ കടന്ന് ജനൽച്ചില്ല് തകർക്കുകയായിരുന്നു. നുറുവർഷം പഴക്കമുള്ള ഈ പള്ളി മംഗളുരു അതിരൂപതയ്ക്കു കീഴിലാണ്. അടുത്തു തന്നെയാണ് ഫാ.വിൽസൻ സൽദാന, ഫാ. വെൽവിൻ ലോബോ, പാചകക്കാരൻ ഫ്രാൻസിസ് എന്നിവർ താമസിക്കുന്നത്. രാത്രിയും പകലുമെന്നില്ലാതെ നടക്കുന്ന അനധികൃത മണല്‍ ഖനനം പ്രദേശത്തിന്റെ പരിസ്ഥിതിയെതന്നെ പാടേ മാറ്റിമറിക്കുന്ന നിലയിലായപ്പോഴാണു പ്രദേശവാസികള്‍ ജനകീയ പ്രതിരോധവുമായി രംഗത്തുവന്നതെന്നു ഫാ. വിന്സന്റ് പറഞ്ഞു. ജനകീയ സമരത്തിന് ഇടവകാംഗങ്ങളുടെ പിന്തുണയും സജീവ പങ്കാളിത്തവുമുണ്ടായിരുന്നു. ഇതാണ് മണല് മാഫിയയെ പള്ളിക്കെതിരായി തിരിയാന്‍ പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നു.

മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി കേസെടുത്തു. ജില്ലാ പോലിസ് മേധാവി ജെയിസ് ജോസഫ്, എഎസ്പി ഡി.ശിൽപ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. അന്വേഷണത്തിനായി അഞ്ചംഗ പൊലീസ് സംഘത്തെ നിയമിച്ചു. കുറച്ച് ദിവസമായി മണൽ കടത്തുമായി ബന്ധപ്പെട്ട് ഈ പ്രദേശങ്ങളിൽ തർക്കം ഉണ്ടായിരുന്നു. ദേവാലയം അക്രമിച്ചവരെ ഉടൻ പിടികൂടണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ എം.സി. ഖമറുദ്ദീൻ, മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, സജി സെബാസ്റ്റ്യൻ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് എന്നിവർ ആവശ്യപ്പെട്ടു.


Related Articles »