Life In Christ - 2025

ക്രൈസ്തവര്‍ യേശുവിന്റെ അഗ്നി പടര്‍ത്താന്‍ വിളിക്കപ്പെട്ടവരെന്ന് പാപ്പ

സ്വന്തം ലേഖകന്‍ 20-08-2019 - Tuesday

വത്തിക്കാന്‍ സിറ്റി: പിതാവിന്‍റെ സ്നേഹാഗ്നി ഭൂമിയിലേക്കു കൊണ്ടുവരികയാണ് യേശുവിന്‍റെ അഭിലാഷമെന്നും ഈ അഗ്നി ലോകത്തില്‍ പടര്‍ത്താന്‍ യേശു നമ്മെ വിളിക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച നടത്തിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശത്തിലാണ് പാപ്പയുടെ പരാമര്‍ശം. ക്രിസ്തു പരിശുദ്ധാത്മാവു വഴി ലോകത്തില്‍ കൊളുത്തിയ സ്നേഹാഗ്നി സീമാതീതമായ ഒരു തീയാണെന്നും വ്യക്തികള്‍ തമ്മിലും സാമൂഹ്യവിഭാഗങ്ങള്‍ക്കിടയിലും ജനതകള്‍ക്കു മദ്ധ്യേയും രാഷ്ട്രങ്ങള്‍ക്കിടയിലുമുള്ള സകല ഭിന്നിപ്പുകളെയും തരണം ചെയ്തുകൊണ്ട് അഗ്നിയായി സുവിശേഷസാക്ഷ്യം പടര്‍ന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

യേശു ഭൂമിയിലേക്കു കൊണ്ടുവന്ന സ്നേഹാഗ്നിയെ ആശ്ലേഷിക്കുക എന്നു പറയുമ്പോള്‍ ദൈവത്തെ ആരാധിക്കാനും അയല്‍ക്കാരനെ സേവിക്കാന്‍ സന്നദ്ധരായിരിക്കാനും ആവശ്യപ്പെടുകയുമാണ്. ദൈവത്തെ ആരാധിക്കുയെന്നാല്‍ അര്‍ത്ഥമാക്കുന്നത് ആരാധനയ്ക്കുള്ള പ്രാര്‍ത്ഥന പഠിക്കുകയെന്നതുമാണ്. ഇതു നാം പലപ്പോഴും മറന്നുപോകുന്നു. അതുകൊണ്ട് ആരാധനോന്മുഖമായ പ്രാര്‍ത്ഥനയുടെ മനോഹാരിത വീണ്ടും കണ്ടെത്താനും കൂടെക്കൂടെ ഉപയോഗിക്കാനും ഞാന്‍ നിങ്ങളെ ഏവരെയും ക്ഷണിക്കുകയാണ്. രണ്ടാമത്തേത്, പരസേവന സന്നദ്ധതയാണ്. രോഗികളെയും ദരിദ്രരേയും അംഗവൈകല്യമുള്ളവരേയും സേവിക്കുന്നതിന് വേനല്‍ക്കാലാവധിയുടെ വേളയിലും പരിശ്രമിക്കുന്ന നിരവധിയായ സംഘടനകളെയും യുവസമൂഹങ്ങളെയും ഞാന്‍ ആദരവോടെ അനുസ്മരിക്കുന്നു.

ലോകത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നൂതനങ്ങളായ ആവശ്യങ്ങള്‍ക്കുമുന്നില്‍ സുവിശേഷാരൂപിക്കനുസൃതം ജീവിക്കുന്നതിന്, ഉപവിയുടെ പുതുപുത്തന്‍ സംരംഭങ്ങള്‍കൊണ്ട് പ്രത്യുത്തരിക്കാന്‍ കഴിവുറ്റ ക്രിസ്തുശിഷ്യര്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. ഇപ്രകാരം ദൈവത്തെ ആരാധിക്കുകയും അയല്‍ക്കാരനെ സേവിക്കുകയും ചെയ്യുമ്പോള്‍, സുവിശേഷം തീര്‍ച്ചയായും രക്ഷ പ്രദാനം ചെയ്യുകയും ഓരോ വ്യക്തിയുടെയും ഹൃദയത്തെ നവീകരിക്കുകയും അത് ലോകത്തെ തന്നെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്ന അഗ്നിയായി രൂപാന്തരീകരണം പ്രാപിക്കുമെന്നും പാപ്പ പറഞ്ഞു.


Related Articles »