News

പാവങ്ങളുടെ അമ്മയുടെ ജന്മദിനം ആഘോഷിച്ച് കൊല്‍ക്കത്ത

സ്വന്തം ലേഖകന്‍ 27-08-2019 - Tuesday

കൊൽക്കത്ത: പാവങ്ങളുടെ അമ്മ എന്ന പേരില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച വിശുദ്ധ മദർ തെരേസയുടെ ജന്മദിനം ആഘോഷിച്ച് കൊല്‍ക്കത്ത. അഗതികളുടെ അമ്മയുടെ പ്രവര്‍ത്തന മണ്ഡലമായ കൊൽക്കത്തയിൽ നടന്ന നൂറ്റിയൊൻപതാമത് ജന്മദിന അനുസ്മരണബലിയ്ക്കു കൊൽക്കത്ത ആര്‍ച്ച്ബിഷപ്പ് തോമസ് ഡിസൂസ കാർമ്മികത്വം വഹിച്ചു. പരസ്പരം സ്നേഹിക്കുവാനാണ് ക്രിസ്തു നമ്മെ വിളിച്ചിരിക്കുന്നതെന്നും ആ വിളി സ്വീകരിച്ചു പാവപ്പെട്ടവരെ നിസ്വാർത്ഥമായി സ്നേഹിച്ചുകൊണ്ട് മദർ തെരേസ, ക്രിസ്‌തുവിനായി ഓരോരുത്തരെയും നേടുകയായിരുന്നുവെന്നു ആർച്ച്ബിഷപ് ഡിസൂസ പറഞ്ഞു.

വിശ്വസ്തരായിരിക്കുവാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നതെന്നു മദർ പറഞ്ഞിരുന്നതായി സന്യാസസഭയുടെ സുപ്പീരിയർ ജനറല്‍ സിസ്റ്റർ മേരി പ്രേമ, ദിവ്യബലിയ്ക്കു ശേഷം സ്മരിച്ചു. വിശുദ്ധ മദർ തെരേസയുടെ ജന്മദിനം ആചരിക്കാനും നന്ദി പ്രകാശിപ്പിക്കാനുമായി അനേകം ആളുകള്‍ ദിവ്യബലിയിൽ പങ്കെടുത്തതായി അതിരൂപത വികാരി ജനറാൾ ഫാ. ഡൊമിനിക് ഗോമസ് പറഞ്ഞു.

1910 ആഗസ്റ്റ് മാസം 26-ാം തീയതി യുഗോസ്ലോവിയയിലെ സ്‌കോപ്‌ജെ പട്ടണത്തിലാണ് മദര്‍ തെരേസയുടെ ജനനം. പതിനെട്ടാം വയസിൽ കോൺഗ്രിഗേഷൻ ഓഫ് ഔർ ലേഡി ഓഫ് ലൊറേറ്റോയിൽ ചേർന്ന അവർ 1928 മുതൽ അയർലണ്ടിലും സേവനമനുഷ്ഠിച്ചു. 1931ൽ ഭാരത്തിലെത്തിയ മദര്‍, സിസ്റ്റര്‍ മേരി തെരേസ എന്ന പേര് സ്വീകരിച്ചു. ലിസ്യുവിലെ വിശുദ്ധ തെരേസയുടെ പേരില്‍ നിന്നുമാണ് ഇത്തരം ഒരു നാമം മദര്‍ സ്വീകരിച്ചത്. 1946 ൽ ഒരു ട്രെയിൻ യാത്ര നടത്തിയ സിസ്റ്റര്‍ തെരേസ, കൽക്കട്ടയിലെ തെരുവുവീഥികളിൽ ദുരിതം പേറുന്ന പാവപ്പെട്ടവരുടെ ശുശ്രുഷ ദൗത്യം ഏറ്റെടുക്കുകയായിരിന്നു. തുടർന്ന് സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ സഭയില്‍ നിന്ന്‍ പിന്‍വാങ്ങി.

1950 ഒക്ടോബര്‍ 7-ന് വത്തിക്കാന്റെ അനുമതിയോടെ കൊല്‍ക്കത്ത രൂപതയ്ക്കു കീഴില്‍ മദര്‍ തെരേസ പുതിയ സന്യാസിനീ സഭ ആരംഭിച്ചു. മിഷ്ണറീസ് ഓഫ് ചാരിറ്റിയുടെ പിറവി ഇങ്ങനെയായിരിന്നു. 1965 ൽ പോൾ ആറാമൻ പാപ്പ പൊന്തിഫിക്കൽ പദവിയും നൽകി. 1997 സെപ്റ്റംബർ അഞ്ചിന് അന്തരിച്ച മദർ തെരേസയുടെ കബറിടത്തിൽ അവരുടെ ജീവിതം യാഥാർഥ്യമാക്കിയ 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ' എന്ന വചനം ആലേഖനം ചെയ്തിട്ടുണ്ട്. സന്നദ്ധ സേവനത്തിന്റെ മാതൃകയെന്നാണ് വി. മദർ തെരേസയെ വിശുദ്ധയായി നാമകരണം ചെയ്ത വേളയിൽ മാര്‍പാപ്പ വിശേഷിപ്പിച്ചത്.


Related Articles »