Life In Christ

കുടുംബം ദൈവവിളിയുടെ വിളനിലമായപ്പോള്‍ പിതാവ് ഡീക്കന്‍, പുത്രന്‍ വൈദികന്‍

സ്വന്തം ലേഖകന്‍ 28-08-2019 - Wednesday

റാപിഡ് സെഡാര്‍: കുടുംബം ദൈവവിളിയുടെ വിള നിലമായപ്പോള്‍ അമേരിക്കയില്‍ ഡീക്കനായ പിതാവിന് വൈദികനായ മകന്‍. അമേരിക്കയിലെ ഇയോവ സംസ്ഥാനത്തെ സെഡാര്‍ റാപ്പിഡിലെ സെന്റ്‌ പാട്രിക്ക് ഇടവകാംഗങ്ങളായ ഡീക്കന്‍ ഡാന്‍ റൌസും അദ്ദേഹത്തിന്റെ പുത്രനും വൈദികനുമായ ഫാ. ജേക്കബ് റൌസുമാണ് ദൈവവിളിയുടെ മഹത്വം ലോകത്തിനു മുന്നില്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇക്കഴിഞ്ഞ ജൂലൈ 20ന് സെന്റ്‌ റാഫേല്‍ കത്തീഡ്രലില്‍ വെച്ച് സ്ഥിര ഡീക്കന്‍ പട്ടം സ്വീകരിച്ച ഡാന്‍ റൌസിന് സ്വന്തം മകന്‍ പുരോഹിതനായിട്ടുള്ള ഡുബുക്ക്‌ അതിരൂപതയിലെ രണ്ടാമത്തെ സ്ഥിര ഡീക്കന്‍ എന്ന വിശേഷണം കൂടിയുണ്ട്. ഇക്കഴിഞ്ഞ മെയ് 26ന് ഡുബുക്കിലെ സെന്റ്‌ റാഫേല്‍ കത്തീഡ്രലില്‍ വെച്ചായിരുന്നു ജേക്കബ് റൌസിന്റെ തിരുപ്പട്ട സ്വീകരണം.

തങ്ങളുടെ പിതാവിന്റെ പട്ടസ്വീകരണം മറ്റേതൊരു പരിപാടിയേക്കാളും തങ്ങളെ കൂടുതലായി അടുപ്പിച്ച ഒരു അനുഭവമായിരുന്നുവെന്നു ഫാ. ജേക്കബ് റൌസും, ഡീക്കന്‍ ഡാനിന്റെ ഭാര്യ ജെയ്നെയും, അവരുടെ ഇളയ മകനായ ജോഷ്വായും അടങ്ങുന്ന റൌസ് കുടുംബം ഒരുപ്പോലെ സാക്ഷ്യപ്പെടുത്തുന്നു. ദൈവവിളി അനുസരിക്കുവാനായി തങ്ങളുടെ മക്കളെ എപ്പോഴും പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നുവെന്നും അതു തിരിച്ചറിയുവാന്‍ അവരെ സഹായിക്കണമെന്ന് ദൈവത്തോട് താന്‍ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നുവെന്നും കത്തോലിക്ക സ്കൂള്‍ അധ്യാപക കൂടിയായ ജെയ്നെ പറഞ്ഞു.

റൌസ് കുടുംബത്തിന് പുറമേ, 2017-ല്‍ സ്ഥിര ഡീക്കന്‍ പട്ടം സ്വീകരിച്ച സ്റ്റാന്‍ ഉപായും, 2018-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച മകന്‍ ഫാ. ആന്‍ഡി ഉപായുമാണ്‌ ഡുബുക്ക്‌ അതിരൂപതയില്‍ നിന്നും പിതാവ് ഡീക്കനും പുത്രന്‍ പുരോഹിതനുമായിട്ടുള്ള മറ്റൊരു കുടുംബം. 2015ല്‍ നിത്യവൃതമെടുത്ത ഡൊമിനിക്കന്‍ സഭാംഗമായ സിസ്റ്റര്‍ മേരി സോഗ്ഗിന്റെ പിതാവും അന്‍പത്തിനാലുകാരനുമായ സ്കോട്ട് സോഗ് ഡീക്കന്‍ പട്ടം സ്വീകരിച്ചത് 2017-ലാണ്. ഇവരും ഡുബുക്ക്‌ അതിരൂപതാംഗങ്ങളാണെന്നത് ശ്രദ്ധേയമാണ്. ദൈവവിളിയുടെ കാര്യത്തില്‍ മറ്റുള്ള കുടുംബങ്ങള്‍ക്ക് പ്രചോദനമായി മാറുകയാണ് ഈ കുടുംബങ്ങള്‍.


Related Articles »