India - 2025

അവഹേളനപരമായ പോസ്റ്റുകള്‍: കന്യാസ്ത്രീകളും വിവിധ സംഘടനകളും പരാതി നല്‍കി

സ്വന്തം ലേഖകന്‍ 29-08-2019 - Thursday

കോട്ടയം: സോഷ്യല്‍ മീഡിയയില്‍ തുടര്‍ച്ചയായി അവഹേളനപരമായ പോസ്റ്റുകളും അപവാദ പ്രചാരണങ്ങളും നടത്തിവരുന്നവര്‍ക്കെതിരേ കന്യാസ്ത്രീകളും വിവിധ സംഘടനകളും പരാതി നല്‍കി. ഫേസ്ബുക്ക്, വാട്ട്‌സ് ആപ് തുടങ്ങിയവയിലൂടെ കന്യാസ്ത്രീകളെ വളരെ മോശമായ ഭാഷയില്‍ അവഹേളിക്കുകയും വ്യാജപ്രചാരണം നടത്തുകയും ചെയ്തവര്‍ക്കെതിരേയാണ് പോലീസ് അധികാരികള്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിരിക്കുന്നത്. അശ്ലീല കമന്റുകള്‍ സഹിതം തുടര്‍ച്ചയായി പോസ്റ്റുകളിട്ട കോഴിക്കോട് സ്വദേശിക്കെതിരേ സന്യാസിനികളുടെ അഭിഭാഷക കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരാതി നല്‍കി.

സോഷ്യല്‍ മീഡിയയിലൂടെ മതവികാരം വ്രണപ്പെടുത്തിയതിനെതിരേ ഇതര ക്രൈസ്തവ സംഘടനകളും കേസ് കൊടുത്തിട്ടുണ്ട്. മതവികാരം വ്രണപ്പെടുത്തിയതിനെതിരേ കൊല്ലം രൂപത കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷനും കെസിവൈഎം രൂപത സമിതിയും പരാതി നല്‍കിയിട്ടുണ്ട്. വ്യാജപ്രചാരണം നടത്തുന്ന ചില വാര്‍ത്താ ചാനലുകള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അപവാദ പ്രചാരണം നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും വിവിധ കന്യാസ്ത്രീ സമൂഹങ്ങളും സംഘടനകളും കോടതിയില്‍ അടക്കം കൂടുതല്‍ പരാതികള്‍ നല്‍കുമെന്നും അറിയിച്ചു.


Related Articles »