India - 2024

ന്യൂനപക്ഷ പദ്ധതികളിലെ ക്രൈസ്തവ വിവേചനം കടുത്ത അനീതി: ജാഗ്രതാ സമിതി

01-09-2019 - Sunday

ചങ്ങനാശേരി: സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലും സ്‌കോളര്‍ഷിപ്പുകളിലും നിലവിലുള്ള 80:20 എന്ന അനുപാതം ക്രൈസ്തവര്‍ക്കു നേരെയുള്ള കടുത്ത വിവേചനവും അനീതിയുമാണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്ലിക്ക് റിലേഷന്‍സ്-ജാഗ്രതാ സമിതി. കേരള സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ പദ്ധതികളിലും മറ്റ് ആനുകൂല്യങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങളായ ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും തുല്യ പങ്കാളിത്തവും പ്രാതിനിധ്യവും ഉറപ്പാക്കണമെന്നും ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനാവശ്യമായ ഇതര നടപടികള്‍ സത്വരമായി സ്വീകരിക്കണമെന്നും യോഗം ഗവണ്‍മെന്റിനോടാവശ്യപ്പെട്ടു.

അതിരൂപതാ പബ്ലിക് റിലേഷന്‍സ്-ജാഗ്രതാസമിതയുടെ ആഭിമുഖ്യത്തില്‍ അതിരൂപതാ കേന്ദ്രത്തില്‍ കൂടിയ അല്മായ നേതൃസംഗമം വികാരി ജനറാള്‍ റവ. ഡോ. തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്തു. സി.ബി.സി.ഐ. അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി. സി. സെബാസ്റ്റ്യന്‍ വിഷയം അവതരിപ്പിച്ചു. ഫാ. ജെയിംസ് കൊക്കാവയലില്‍, വര്‍ഗീസ് ആന്റണി, റോയി കൊട്ടാരച്ചിറ, അമല്‍ സിറിയക്ക് എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തി. പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ആന്റണി തോമസ് പ്രമേയം അവതരിപ്പിച്ചു. ജാഗ്രതാ സമിതി കോ-ഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി തലച്ചെല്ലൂര്‍, പി.ആര്‍.ഒ. അഡ്വ. ജോജി ചിറയില്‍, അഡ്വ. ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »