Life In Christ - 2025

ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന്‍ ഒരിക്കലും വ്യതിചലിച്ചിട്ടില്ല: ആസിയയുടെ ആദ്യ അഭിമുഖം പുറത്ത്

സ്വന്തം ലേഖകന്‍ 02-09-2019 - Monday

ഒട്ടാവ, കാനഡ: വ്യാജ മതനിന്ദാക്കുറ്റത്തിന്റെ പേരില്‍ എട്ടു വര്‍ഷത്തോളം മരണവും കാത്ത് ജയിലില്‍ കഴിഞ്ഞതിനു ശേഷം ഈ വര്‍ഷം മോചിതയായ പാക്കിസ്ഥാനി ക്രിസ്ത്യന്‍ വനിത ആസിയാ ബീബി നല്‍കിയ ആദ്യ അഭിമുഖം പുറത്ത്. സഹനത്തിന്റെ കാലഘട്ടങ്ങളില്‍ തന്റെ ക്രൈസ്തവ വിശ്വാസത്തില്‍ നിന്നു ഒരിക്കല്‍ പോലും വ്യതിചലിച്ചിട്ടില്ലെന്നും തന്റെ പെണ്‍മക്കള്‍ തന്നെ ജയിലില്‍ സന്ദര്‍ശിച്ചപ്പോള്‍ ഒരിക്കല്‍ പോലും താന്‍ അവരുടെ മുന്നില്‍വെച്ച് കരഞ്ഞിട്ടില്ലെന്നും സണ്‍ഡേ ടെലിഗ്രാഫിനു നല്‍കിയ അഭിമുഖത്തില്‍ ആസിയാ ബീബി പറഞ്ഞു. ജയില്‍ മോചിതയായയതിന് ശേഷം ആസിയ നല്‍കുന്ന ആദ്യത്തെ അഭിമുഖമാണിത്.

പാക്കിസ്ഥാനിലെ മതനിന്ദാകുറ്റം പിന്‍വലിക്കണമെന്നും വ്യാജ മതനിന്ദയുടെ പേരില്‍ അന്യായമായി ജയിലില്‍ കഴിയുന്ന എല്ലാവരും മോചിപ്പിക്കപ്പെടുന്നതിനായി സര്‍വ്വശക്തന്‍ അവരെ സഹായിക്കട്ടെയെന്നാണ് തന്റെ പ്രാര്‍ത്ഥനയെന്നും ആസിയാ ബീബി പറഞ്ഞു. നിയമം ചുമത്തുന്നതിന് മുന്‍പ് ശരിയായ വിധത്തിലുള്ള അന്വേഷണം നടത്തുന്നതിനുള്ള സംവിധാനം ആവശ്യമാണ്. ശക്തമായ തെളിവുകളുടെ അഭാവത്തിലാണ് മതനിനിന്ദാക്കുറ്റം ചുമത്തുന്നതെന്നും ഇത് പിന്‍വലിക്കപ്പെടണമെന്നും ആസിയ പറഞ്ഞു.

2009-ല്‍ ജോലിക്കിടെ കുടിവെള്ളം സംബന്ധിച്ച് അയല്‍ക്കാരായ സ്ത്രീകളുമായുണ്ടായ തര്‍ക്കമാണ് വ്യാജമതനിന്ദയുടെ പേരില്‍ ആസിയയെ ജയിലിലാക്കിയത്. 2010-ല്‍ പാക്ക് കോടതി വധശിക്ഷ വിധിച്ചുവെങ്കിലും അന്താരാഷ്ട്ര സമൂഹത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ശക്തമായ സമ്മര്‍ദ്ധം മൂലം 2018-ല്‍ പാക് സുപ്രീകോടതി കുറ്റവിമുക്തയാക്കുകയായിരിന്നു. എന്നാല്‍ ഇതേ തുടര്‍ന്നു ഇസ്ലാമിക സംഘടനകള്‍ വന്‍ ആക്രമണങ്ങളാണ് അഴിച്ചുവിട്ടത്. വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആസിയാ ബീബിക്ക് ഒടുവില്‍ കാനഡ അഭയം നല്‍കുകയായിരുന്നു.


Related Articles »