India - 2024

സഭാ പ്രശ്നങ്ങളില്‍ ക്രിസ്തീയ പരിഹാരമുണ്ടാകണം: കര്‍ദ്ദിനാള്‍ ക്ലിമീസ് ബാവ

സ്വന്തം ലേഖകന്‍ 05-09-2019 - Thursday

മണര്‍കാട്: യാക്കോബായ സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള ബന്ധത്തില്‍ ക്രിസ്തീയമായ പരിഹാരമുണ്ടാകണമെന്നും പരിശുദ്ധാത്മാവ് ഇടപെട്ട് ഈ വിഷയത്തില്‍ എല്ലാവര്‍ക്കും ഹൃദയത്തിനു ശാന്തത പകരുന്ന ഒരു പരിഹാരമുണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കാമെന്നും സീറോ മലങ്കര സുറിയാനി സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവ. ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മണര്‍കാട് വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പു തിരുനാളിനോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സഭകള്‍ ഒരുമിച്ചു മുന്നേറേണ്ടതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഇത്തരം സംഗമങ്ങളെന്നും കര്‍ദിനാള്‍ പറഞ്ഞു. മണര്‍കാട് പള്ളിയുടെ സാമൂഹിക സേവനങ്ങള്‍ അചഞ്ചലമായ ദൈവാശ്രയത്തിന്റെ പാഠമാണ് നല്‍കുന്നത്. അനേകര്‍ക്ക് അനുഗ്രഹം ചൊരിയുന്ന ദേവാലയമാണു മണര്‍കാട് പള്ളിയെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ പറഞ്ഞു. സേവന രംഗത്ത് മണര്‍കാട് ഇടവക സഭയ്ക്കും സമൂഹത്തിനും രാജ്യത്തിനും ചെയ്യുന്നത് വലിയ സേവനങ്ങളാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തീമോത്തിയോസ് പറഞ്ഞു.

സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവാ നിര്‍വഹിച്ചു. സേവകാസംഘം നിര്‍മിച്ചു നല്‍കുന്ന 15 ഭവനങ്ങളുടെ അടിസ്ഥാനശിലാ വിതരണം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സമൂഹവിവാഹ ധനസഹായ വിതരണം തോമസ് ചാഴികാടന്‍ എംപിയും വയോജന സംഘടനയിലെയും വനിതാ സമാജത്തിലെയും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍ ബെന്നി ബഹനാന്‍ എംപിയും മരിയന്‍ അവാര്‍ഡ് വിതരണവും വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയും നിര്‍വഹിച്ചു.

വികാരി ഇ.ടി. കുര്യാക്കോസ് കോര്‍എപ്പിസ്‌കോപ്പ ഇട്യാടത്ത്, ട്രസ്റ്റിമാരായ സി.പി. ഫിലിപ്പ്, സാബു വര്‍ഗീസ്, രഞ്ജിത് മാത്യു, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ആന്‍ഡ്രൂസ് കോര്‍എപ്പിസ്‌കോപ്പ ചിരവത്തറ, കത്തീഡ്രല്‍ സെക്രട്ടറി വി.വി. ജോയി വെള്ളാപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.


Related Articles »