News - 2024
ന്യൂനപക്ഷ പീഡനത്തിനെതിരെ റാഞ്ചിയില്‍ ക്രൈസ്തവരുടെ വന്‍ പ്രതിഷേധ പ്രകടനം
സ്വന്തം ലേഖകന്‍ 07-09-2019 - Saturday
റാഞ്ചി: ന്യൂനപക്ഷങ്ങളായ ക്രൈസ്തവരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിരസിക്കുന്നുവെന്നു ആരോപിച്ചുകൊണ്ട് നൂറുകണക്കിന് ക്രൈസ്തവര്‍ ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയുടെ തെരുവുകളില്‍ പ്രതിഷേധക്കടല്‍ തീര്‍ത്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 31ന് ഏതാണ്ട് അഞ്ഞൂറോളം ക്രൈസ്തവ യുവജനങ്ങളാണ് തീവ്രഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന ബിജെപി സംസ്ഥാന സര്‍ക്കാരിന്റെ മത ന്യൂനപക്ഷ ദ്രോഹ നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി റാഞ്ചിയില്‍ മാര്‍ച്ച് നടത്തിയത്. തങ്ങളെ സംരക്ഷിക്കേണ്ട സംസ്ഥാന സര്‍ക്കാര്‍ തങ്ങളെ ചവിട്ടിത്താഴ്ത്തുകയാണെന്ന് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ ആരോപിച്ചു. ക്രൈസ്തവരെ ദ്രോഹിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും, പോലീസും, കോടതിയും, ഉദ്യോഗസ്ഥരും ഒറ്റക്കെട്ടാണെന്നാണ് വിശ്വാസികള്‍ പറയുന്നത്.
മുന്‍പെങ്ങും ഇല്ലാത്ത വിധത്തിലുള്ള ഒരു സാഹചര്യമാണ് തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും, തങ്ങളെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥതയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തങ്ങളെ അപമാനിക്കുകയാണെന്നും മാര്‍ച്ചിന് നേതൃത്വം നല്‍കിയ ക്രിസ്ത്യന്‍ യൂത്ത് അസോസിയേഷന്റെ നേതാവായ അബിന്‍ ലാക്ര പറഞ്ഞു. വ്യാജ കേസുകളുടെ പേരില്‍ ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്യുന്നത് പതിവാണെന്ന് റാഞ്ചി രൂപതയുടെ പബ്ലിക് റിലേഷന്‍ ഓഫീസറായ ഫാ. ആനന്ദ് ഡേവിഡ് ക്സാല്‍ക്സോയും വെളിപ്പെടുത്തി.
വ്യാജ ആരോപണങ്ങളുടെ മറവില്‍ ഫാ. അല്‍ഫോണ്‍സ് ഐന്ദിനെ ജീവപര്യന്തം തടവിലിട്ടിരിക്കുന്നതും, ശിശുക്കടത്തിന്റെ പേരില്‍ മിഷ്ണറി ഓഫ് ചാരിറ്റി സഭാംഗമായ സിസ്റ്റര്‍ കണ്‍സെലിയ ബാക്സലയെ ജയിലില്‍ ഇട്ടിരിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. കന്യാസ്ത്രീയുടെ ജാമ്യാപേക്ഷ കോടതി ആവര്‍ത്തിച്ച് നിഷേധിക്കുന്നതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷമായി അവര്‍ ജയിലില്‍ കഴിയുകയാണ്.
രണ്ടാം വട്ടവും അധികാരത്തിലേറിയ ബി.ജെ.പി. സര്‍ക്കാര്‍ ഗോത്രവര്‍ഗ്ഗക്കാരായ ക്രിസ്ത്യാനികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള അനാവശ്യ അന്വേഷണങ്ങള്‍ക്ക് പദ്ധതിയിട്ടിരിക്കുന്ന സാഹചര്യത്തിലാണ് ക്രിസ്ത്യാനികളുടെ മാര്‍ച്ച്. ദേവാലയങ്ങളുടെ കീഴിലുള്ള സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുമെന്ന് ജൂലൈ മാസത്തില്‍ മുഖ്യമന്ത്രി രഘുബര്‍ദാസ് പ്രഖ്യാപിച്ചിരുന്നു. ഗോത്രവര്‍ഗ്ഗക്കാരല്ലാത്തവര്‍ക്ക് ഗോത്രവര്‍ഗ്ഗക്കാരുടെ ഭൂമികള്‍ വാങ്ങുന്നത് നിരോധിച്ചു കൊണ്ടുള്ള സംസ്ഥാന നിയമങ്ങളുടെ പേരിലാണ് അന്വേഷണം. മതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ എണ്‍പത്തിയെട്ടോളം ക്രൈസ്തവ സംഘടനകള്‍ സര്‍ക്കാര്‍ നിരീക്ഷണത്തിലാണ്. ഇവയില്‍ മുപ്പത്തിയൊന്നു എണ്ണത്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതും സഭയുടെ കീഴിലുള്ള സംഘടനകള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ മതപരിവര്‍ത്തനത്തിനായി വഴിതിരിച്ചുവിടുന്നുണ്ടോ എന്നു അന്വേഷിക്കുവാന്‍ ഭീകരവിരുദ്ധ സേനയെ (എ.ടി.എസ്) നിയോഗിച്ച നടപടിയും ക്രൈസ്തവരുടെ ആരോപണങ്ങളെ ശരിവെക്കുകയാണ്.