India - 2024
ഫിം കാപ്പിന്റെ ഏഷ്യന്‍ പ്രസിഡന്റുമാരില്‍ തലശേരി അതിരൂപതാംഗവും
സ്വന്തം ലേഖകന്‍ 09-09-2019 - Monday
തലശേരി: വത്തിക്കാനു കീഴിലുള്ള അന്താരാഷ്ട്ര യുവജന സംഘടനയായ ഫിം കാപ്പിന്റെ (ഇന്റര്‍നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് കാത്തലിക് പരോക്കിയല്‍ യൂത്ത്മൂവ്മെന്‍റ്) ഏഷ്യന്‍ പ്രസിഡന്റുമാരില്‍ ഒരാളായി തലശേരി അതിരൂപതാംഗമായ സിജോ അമ്പാട്ട് തെരഞ്ഞെടുക്കപ്പെട്ടു. സിബിസിഐ ഐസിവൈഎമ്മിനെ പ്രതിനിധീകരിച്ചാണു സിജോ ബെല്‍ജിയത്തില്‍ നടന്ന ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്തത്. മുപ്പതിലധികം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത ജനറല്‍ ബോഡിയിലായിരുന്നു തെരഞ്ഞെടുപ്പ്. ഫിലിപ്പീന്‍സുകാരനായ ജറില്‍ ഗബ്രിയേലാണ് മറ്റൊരു പ്രസിഡന്റ്.
നിലവില്‍ സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താവും തലശേരി അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗവുമാണ് സിജോ. ഐസിവൈഎം ദേശീയ പ്രസിഡന്റ്, എസ്എംവൈഎം സ്ഥാപക പ്രസിഡന്റ്, കെസിവൈഎം സംസ്ഥാന ജനറല്‍ സെക്രട്ടറി, തലശേരി അതിരൂപത പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഇന്ത്യന്‍ യുവജനങ്ങളെ അന്താരാഷ്ട്ര യുവജന സംഘടനയിലേക്കു കൈപിടിച്ചുയര്‍ത്താനും വിവിധ പദ്ധതികളിലൂടെ യുവജനങ്ങളിലേക്ക് ഫിംകാപ്പിനെ എത്തിക്കാനും ശ്രമിക്കുമെന്നു സിജോ പറഞ്ഞു. കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഇടവകാംഗമാണ് സിജോ.