India - 2024

ജാലിയന്‍വാലാ ബാഗ്: പടവുകളില്‍ സാഷ്ടാംഗം വീണ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്

സ്വന്തം ലേഖകന്‍ 11-09-2019 - Wednesday

അമൃത്‌സർ: ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയുടെ നൂറാം വാർഷികത്തിൽ സ്മാരകം സന്ദര്‍ശിച്ച് ഖേദപ്രകടനവുമായി ആംഗ്ലിക്കന്‍ സഭയുടെ തലവനും കാന്റർബറി ആർച്ച് ബിഷപ്പുമായ റവ. ജസ്റ്റിൻ വെൽബി. ദേശീയ മ്യൂസിയത്തിന്റെ പടവുകളില്‍ സാഷ്ടാംഗം പ്രണമിച്ചു പ്രാർത്ഥിച്ച റവ. ജസ്റ്റിൻ വെൽബി നിരപരാധികളെ വെടിവച്ചുകൊന്ന സംഭവത്തിൽ അങ്ങേയറ്റം ലജ്ജിക്കുകയും ഖേദിക്കുകയും ചെയ്യുന്നതായി പറഞ്ഞു. സ്മാരകം സന്ദർശിച്ചത് തന്നെ പിടിച്ചുലച്ച അനുഭവമായിരുന്നുവെന്നും അദ്ദേഹം ചൊവ്വാഴ്ച സന്ദര്‍ശനത്തിന് ശേഷം സന്ദർശക ഡയറിയിൽ കുറിച്ചു.

ബ്രിട്ടിഷ് സർക്കാരിന്റെ പ്രതിനിധിയല്ലാത്തതിനാൽ ബ്രിട്ടനുവേണ്ടി സംസാരിക്കാനാവില്ലായെന്നും എന്നാൽ എനിക്കു ക്രിസ്തുവിന്റെ നാമത്തിൽ സംസാരിക്കാൻ കഴിയുമെന്നും ഇതു പാപത്തിന്റെ സ്ഥലമാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. 1919 ഏപ്രിൽ 13നാണ് വൈശാഖി ആഘോഷങ്ങൾക്കായി ജാലിയൻവാലാ ബാഗിൽ ഒരുമിച്ചുകൂടിയ ജനങ്ങൾക്കു നേരെ കേണൽ റെജിനാൾഡ് ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് പട്ടാളം കൂട്ടവെടിവെയ്പ്പ് നടത്തിയത്. 379 പേർ മരിച്ചുവെന്നാണ് സ്ഥിരീകരിച്ചതെങ്കിലും 1600 പേർ രക്തസാക്ഷികളായതായാണ് കണക്ക്.

ദുരന്തത്തിന്റെ നൂറാം വാർഷികത്തിൽ ബ്രിട്ടൻ മാപ്പു പറയണമെന്ന് ആഗോള തലത്തില്‍ സ്വരമുയര്‍ന്നിരിന്നു. എന്നാല്‍ ഖേദപ്രകടനം നടത്തുക മാത്രമാണ് ചെയ്തത്. അതേസമയം കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ അതിനെ അപലപിച്ച് റവ. ജസ്റ്റിൻ വെൽബി ട്വീറ്റ് ചെയ്തിരുന്നു. കൂട്ടക്കൊലയ്ക്കു ബ്രിട്ടീഷ് സര്‍ക്കാരിനു വേണ്ടി മാപ്പുചോദിക്കാനുള്ള പദവിയിലുള്ള ആളല്ലെങ്കിലും വ്യക്തിപരമായി മാപ്പുപറയുന്നുവെന്നായിരുന്നു അന്ന് അദ്ദേഹം കുറിച്ചത്.


Related Articles »