News - 2025

ക്രൈസ്തവ മിഷ്ണറിമാര്‍ക്ക് അലവന്‍സുമായി ആന്ധ്ര മുഖ്യമന്ത്രി: എതിര്‍പ്പുമായി ബി‌ജെ‌പി

സ്വന്തം ലേഖകന്‍ 11-09-2019 - Wednesday

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ക്രൈസ്തവ മിഷ്ണറിമാര്‍ക്ക് ഓരോ മാസവും അലവന്‍സുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഢി. തെരഞ്ഞെടുപ്പു കാലയളവില്‍ അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളില്‍ ഒന്നായിരിന്നു മിഷ്ണറിമാര്‍ക്ക് ഓരോ മാസവും അലവന്‍സുകള്‍ നല്‍കുമെന്ന പ്രഖ്യാപനം. ഇത് അടുത്ത വര്‍ഷം ആരംഭത്തോടെ നടപ്പിലാക്കും. പ്രചരണത്തിന്റെ ഭാഗമായി സഹായങ്ങളില്‍ ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി 10000 മുതല്‍ 35000 വരെ നല്‍കുമെന്നും മുസ്ലീം മൗലവിമാര്‍ക്ക് 15000 രൂപ വീതവും അനുവദിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരിന്നു.

ധനസഹായ നിര്‍ണ്ണയത്തിനായി സംസ്ഥാന ന്യൂനപക്ഷ സമുദായ ക്ഷേമവകുപ്പിനെ ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കുമുള്ള സഹായം 2020 മാര്‍ച്ച് മാസത്തിനുള്ളില്‍ നല്‍കുമെന്നും ജഗന്‍മോഹന്‍ റെഡ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ക്രൈസ്തവ മിഷ്ണറിമാര്‍ക്ക് അലവന്‍സ് നല്‍കുവാനുള്ള തീരുമാനത്തില്‍ ബി‌ജെ‌പി നേതൃത്വം അസ്വസ്ഥത പ്രകടിപ്പിച്ചിരിക്കുകയാണ്.

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്തി ആയിരുന്ന രാജശേഖര റെഡ്ഢിയുടെ മകൻ ആണ് ജഗൻ. താന്‍ ദൈവത്തിൽ വിശ്വസിക്കുകയും ദിനംപ്രതി ബൈബിൾ വായിക്കുകയും ചെയ്യുന്നയാളാണെന്നും വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷനായ ജഗൻമോഹൻ റെഡ്ഢി പലവട്ടം പൊതുവേദികളില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ജഗന്റെ സഹോദരിയുടെ ഭർത്താവു അനിൽ കുമാർ ആന്ധ്രയിൽ അറിയപ്പെടുന്ന ഒരു ക്രിസ്തീയ പ്രഭാഷകൻ കൂടിയാണ്.


Related Articles »