Social Media
സന്യാസികളെ അടിമകളായും വേശ്യകളായും ചിത്രീകരിക്കുന്ന 'പകൽ മാന്യന്മാര്‍' അറിയാന്‍
സി. സോണിയ തെരേസ് ഡി.എസ്. ജെ 16-09-2019 - Monday
സന്യാസികളെ അടിമകളായും വേശ്യകളായും സന്യാസഭവനങ്ങളെ വേശ്യാലയങ്ങളായും ചിത്രികരിച്ചപ്പോൾ എന്റെ മനസ്സിലേയ്ക്ക് ഓടിയെത്തിയ ഒരു സംഭവം ഇവിടെ ഞാൻ കുറിയ്ക്കുന്നു: 2007 ഡിസംബർ മാസത്തിലെ ആദ്യ ദിനങ്ങളിൽ ഒന്ന് ഞാൻ എറണാകുളത്തു നിന്ന് കോട്ടയത്തുള്ള രാജമറ്റം എന്ന ഒരു ചെറിയ ഗ്രാമം ലക്ഷ്യമാക്കി യാത്ര ചെയ്യുകയാണ്. അന്ന് ഞാൻ സന്യാസജീവിതത്തിലേയ്ക്ക് കടന്നു വരുവാനുള്ള അവസാനഘട്ടത്തിലെ തയ്യാറെടുപ്പിലാണ്. ഒരു വർഷത്തെ സ്ട്രിക്റ്റ് നൊവിഷ്യറ്റ് കാലഘട്ടം കഴിഞ്ഞ് 6 - മാസത്തെ റീജൻസിയ്ക്കുവേണ്ടി കോട്ടയത്തുള്ള ഞങ്ങളുടെ ഒരു അനാഥാലയം ലക്ഷ്യമാക്കിയുള്ള യാത്രയിലാണ്. "ഉണ്ണീയേശുവിന്റെ ഭവനം" എന്ന ആ ഭവനത്തിൽ ഞാൻ എത്തിയപ്പോൾ ഒരാഴ്ച്ച മുതൽ 15 വയസ്സുവരെയുള്ള ഏകദേശം 30 - ഓളം കുഞ്ഞുങ്ങളും കുട്ടികളും അവിടെയുണ്ടായിരുന്നു.
പുതിയ ചുറ്റുപാടുകളോട് ഇണങ്ങി ചേരാൻ ഒന്നുരണ്ടു ദിവസം എടുത്തു. മൂന്നാം ദിവസം ഞാനും പതിയെ ചെറിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു തുടങ്ങി. ഒരാഴ്ച്ച മുതൽ പത്ത് മാസം വരെയുള്ള 6 കുഞ്ഞുങ്ങൾക്ക് രാത്രിയുടെ യാമങ്ങളിൽ കൂട്ടിരിയ്ക്കുക എന്ന കടമ അല്പം ബുദ്ധിമുട്ടുള്ളതായിരുന്നു. ചില രാത്രികളിൽ ഒരു പോള കണ്ണടയ്ക്കാൻ സാധിക്കില്ലായിരുന്നു. ഒരു കുഞ്ഞ് ഉറങ്ങി വരുമ്പോൾ അടുത്ത കുഞ്ഞ് ഉണരും അവൻ ഉറങ്ങി വരുമ്പോൾ മറ്റൊരുവൻ ഉണരും. സാധാരണ കുടുംബങ്ങളിൽ ഒരു കുഞ്ഞിനെ അല്ലെങ്കിൽ ഇരട്ടകൾ ആണെങ്കിൽ രണ്ട് കുഞ്ഞുങ്ങളെ നോക്കുവാൻ പെടുന്ന പാട് ഞാൻ പറയാതെ തന്നെ നിങ്ങൾക്കെല്ലാം അറിയാം എന്ന് കരുതുന്നു. അപ്പോൾ ഒരു മുറിയിൽ 6 കുഞ്ഞുങ്ങളെ ഒരുമിച്ച് നോക്കുക എന്നത് അത്ര എളുപ്പമല്ല. പ്രത്യേകിച്ച് ഈ കുഞ്ഞുങ്ങൾ എല്ലാം തന്നെ ആരുടെയൊക്കെയോ തെറ്റുകളുടെ ഫലമായിരുന്നതിനാൽ ജനിച്ച് വീണയുടനെ വഴിയരികിലും ആശുപത്രി വരാന്തകളിലും മറ്റും ഉപേക്ഷിയ്ക്കപ്പെട്ടവർ ആയിരുന്നു.
അതിനാൽ സാധാ കുഞ്ഞുങ്ങളെക്കാട്ടിലും അല്പം കൂടുതൽ കരുതൽ അവർക്ക് ആവശ്യമായിരുന്നു. രണ്ട് സിസ്റ്റേഴ്സും ഞാനും കൂടിയാണ് ആ നാളുകളിൽ ഓരോ രാത്രിയിലും മാറി മാറി ആ കുഞ്ഞുങ്ങളെ നോക്കിയിരുന്നത്. ഈ കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞിന്റെ കഥ ഇന്നും എന്റെ മനസ്സിൽ ഒരു നൊമ്പരമായ് അവശേഷിയ്ക്കുന്നു. "മോനു" (യഥാർത്ഥ പേര് അല്ല) എന്ന് വിളിയ്ക്കുന്ന ഓമനത്ത്വം തുളുമ്പുന്ന ഒരു കുഞ്ഞിന്റെ ചില പിടിവാശി എന്നെ അല്പം ചിന്താകുഴപ്പത്തിലാക്കി. ഒരു ചൂരൽ തൊട്ടിലിൽ കിടന്ന് ഉറങ്ങാൻ ആണ് അവൻ എപ്പോഴും ഇഷ്ടപ്പെട്ടിരുന്നത്. അതും അവൻ ഉറങ്ങണമെങ്കിൽ ചൂരൽ തൊട്ടി "sക്ക് ടക്ക് ടക്ക് ടക്ക്" എന്ന് ശബ്ദം വരുന്ന രീതിയിൽ ആ തൊട്ടി ആട്ടിയാൽ മാത്രമെ അവൻ ഉറങ്ങാറുള്ളു.
പിന്നെ കാക്കകളുടെ ശബ്ദം കേൾക്കുമ്പോൾ അവന് വലിയ സന്തോഷമാണ്. ഒപ്പം നല്ല കറുത്ത മുടി കാണുമ്പോൾ അവൻ "കാക്ക" എന്ന് ബുദ്ധിമുട്ടി പറയും. പ്ലാസ്റ്റിക്കിന്റെ ശബ്ദം കേൾക്കുന്നത് അവന് വളരെ അരോചകമായിരുന്നു. ഇത്ര കുഞ്ഞായിരിയ്ക്കുമ്പോൾ തന്നെ എന്തുകൊണ്ടാണ് ഈ കുഞ്ഞിന് ഇങ്ങനത്തെ പ്രത്യേകതകൾ എന്നറിയാൻ എനിയ്ക്ക് അല്പം ആകാംഷയുണ്ടായി. ഞാൻ അവനെപ്പറ്റി അവിടുത്തെ മദറിനോട് സൂചിപ്പിച്ചപ്പോൾ മദർ എന്നോട് പറഞ്ഞു ഒരു പക്ഷെ ആദ്യ ദിനങ്ങളിൽ അവനേറ്റ മുറിവിന്റെ പ്രതിധ്വനികൾ ആകാം ഈ സ്വഭാവപ്രത്യേകതകൾ. പിന്നെ അവനെ അവിടെ കൊണ്ടുവരാൻ ഇടയായ സാഹചര്യം എന്നോട് വിവരിയ്ക്കുകയുണ്ടായി.
ജനിച്ച ഉടനെ അവനെ ആരോ ഒരു പ്ലാസ്റ്റിക്ക് കൂടിൽ ഇട്ട് കെട്ടി റെയിൽവേ ട്രാക്കിന് അടുത്ത് ഒരു കുറ്റിക്കാട്ടിൽ കൊണ്ട് ഇട്ടു. ആ കുഞ്ഞിന്റെ വാവിട്ടുള്ള കരച്ചിൽ കേട്ട് ചുറ്റുവട്ടത്തുണ്ടായിരുന്ന കാക്കകളും പട്ടികളും ബഹളം വച്ചപ്പോൾ ആ വഴി പോയ ആരോ ഒരാളുടെ ശ്രദ്ധയിൽപെട്ടു ആ കുഞ്ഞ്. അയാൾ ഉടനെ പോലീസിനെ അറിയിക്കുകയും പോലീസെത്തി കുഞ്ഞിനെ ഹോസ്പിറ്റലിൽ അഡ്മിറ്റക്കുകയും ചെയ്തു. അവിടെ നിന്ന് കോടതിയുടെ നിർദേശപ്രകാരം കുഞ്ഞിനെ പോലിസ് ഞങ്ങളുടെ ഹൗസിൽ എത്തിച്ചു. അവന്റെ കഥ കേട്ടപ്പോൾ എന്റെ മനസ്സിലെ പല സംശയങ്ങളുടെയും ചുരുൾ അഴിഞ്ഞു തുടങ്ങി. ജനിച്ച് വീണ ഉടനെ അവനെ ബന്ധനത്തിലാക്കിയ പ്ലാസ്റ്റിയ്ക്കിന്റെ ശബ്ദം ജീവിതത്തിന്റെ ആദ്യ നാളുകളിൽ തന്നെ അവന് അരോചകമായ് തീർന്നു. മനുഷ്യനുണ്ടാകാതിരുന്ന കരുണ മൃഗങ്ങളുടെയും പക്ഷികളുടെയും ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ അവൻ അത് തിരിച്ചറിയുകയും അവയെ സ്നേഹിക്കുകയും ചെയ്യുന്നു.
ദൈവത്തിന്റെ അനുഗ്രഹത്താൽ ഇന്ന് അവന് നല്ല ഒരു അപ്പനെയും അമ്മയേയും ലഭിച്ചു. വളരെ മിടുക്കനായ് സന്തോഷത്തോടെ അവൻ വളർന്നു വരുന്നു. ഞാൻ ഈ സംഭവം ഇവിടെ വിവരിയ്ക്കാൻ കാരണം ആരുടെ ഒക്കയോ കാമാസക്തികളുടെ ഫലമായ് ഈ ഭൂമിയിൽ പിറന്നു വീഴാൻ ഇടയാകുന്ന അനേകായിരം കുഞ്ഞുങ്ങളെ സ്വന്തം നെഞ്ചോട് ചേർത്ത് രാത്രിയുടെ യാമങ്ങളിൽ ഒരു പോള കണ്ണടയ്ക്കാതെ ദിവസങ്ങൾ തള്ളി നീക്കുന്ന പുണ്യം നിറഞ്ഞ ധാരാളം സന്യസ്തർ ഇന്ന് കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും ഉള്ളതിനാൽ "പകൽ മാന്യൻമാരായ" പലരും ഇന്ന് അന്തസോടെ സമൂഹത്തിൽ തലയുയർത്തി ജീവിയ്ക്കുന്നു.
ജന്മം നല്കിയതുകൊണ്ട് മാത്രം ആരും അപ്പനും അമ്മയും ആകുന്നില്ല "കർമ്മത്തിൽ കൂടിയുള്ള ആത്മീയ മാതൃത്വം" എന്ന ആ വലിയ യാഥാർത്ഥ്യം ആരും കണ്ടില്ലെന്ന് നടിയ്ക്കരുത്. ബ്രഹ്മചര്യ വ്രതത്തിലൂടെ ഒരു സമർപ്പിത അനേകായിരങ്ങളുടെ അമ്മയായും, സഹോദരിയായും, മകളായും മാറുകയാണ്... രക്തബന്ധത്തിന് പോലും സാധിയ്ക്കാത്ത കാര്യങ്ങൾ ആത്മീയ ബന്ധത്തിലൂടെ സാധിയ്ക്കുന്നു. സമർപ്പണ ജീവിതത്തിലൂടെ തന്റെ ഹ്യദയം ഒരു ചെറിയ കുടുംബത്തിന് മാത്രമായ് മാറ്റിവയ്ക്കാതെ അല്പം കൂടി വിശാലമാക്കുന്നു... ഒരു കുടുംബത്തിൽ മാത്രം ഒതുങ്ങാതെ കൂടുതൽ കൂടുതൽ സ്നേഹിക്കുവാൻ അതിലുമുപരി ലോകം മുഴുവനെയും ഒരു കുടുംബമായ് കാണാൻ ബ്രഹ്മചര്യ ജീവിതത്തിന് സാധിയ്ക്കുന്നു...
വഴിതെറ്റി പോയ ചുരുക്കം ചിലരെ എടുത്തുകാട്ടി നാല്‍പ്പതിനായിരത്തോളം സന്യസ്തരെ ഒന്നടക്കം അടിമകൾ എന്നും വ്യഭിചാരികൾ എന്നും വിളിയ്ക്കുവാൻ കാട്ടുന്ന ഈ ആവേശം അടങ്ങാൻ സന്യസ്തർ നടത്തുന്ന ഇങ്ങനെയുള്ള അനാഥാലയങ്ങൾ ഒന്ന് സന്ദർശിച്ച് നോക്കിയാൽ മതി. നിങ്ങൾ വേശ്യകൾ എന്ന് മുദ്രകുത്തിയ ഈ സന്യസ്തർ ഉള്ളതുകൊണ്ട് ഇന്ന് കേരളത്തിന്റെ തെരുവുകൾ അനാഥരെ കൊണ്ട് നിറയുന്നില്ല. പിന്നെ സ്വന്തം അമ്മയെയും പെങ്ങളെയും പോലും തിരിച്ചറിയാൻ കഴിയാത്ത "ചില ജന്മങ്ങൾ" വിളിച്ച് പറയുന്ന ഇത്തരം വിഡ്ഢിത്തരങ്ങൾ അവരുടെ ഹൃദയത്തിലെ നിക്ഷേപത്തിൽ നിന്ന് ഉരുവെടുക്കുന്നതാണ്...
ഒരു വൈദീകൻ ഒരു സഹോദരിയെ മോശമായ് ചിത്രീകരിച്ചു എന്നു പറഞ്ഞ് സോഷ്യൽ മീഡിയകളും ചാനലുകളും അലമുറയിട്ടപ്പോൾ എന്റെ മനസ്സിൽ തോന്നിയ നിഷ്കളങ്കമായ ഒരു ചോദ്യം ഇതാണ്: കേരളത്തിൽ ഈ ഒരു സഹോദരിയ്ക്ക് മാത്രമെ മാനവും അഭിമാനവും ഒക്കെയുള്ളോ? നാല്‍പ്പതിനായിരത്തിൽ പരം കന്യാസ്ത്രീകളെ വേശ്യകൾ എന്ന് മുദ്രകുത്തിയപ്പോൾ എവിടെ പോയി നിങ്ങളുടെ മാധ്യമ ധർമ്മവും, ധാർമികബോധവും? സന്യാസ ജീവിതത്തെ പിച്ചി ചീന്തി ഭിത്തിയിൽ ഒട്ടിച്ചാൽ മാത്രമെ ഞങ്ങൾ അടങ്ങു അല്ലെങ്കിൽ ഞങ്ങൾക്ക് എന്ത് സുഖം? വ്യക്തമായ ഒരു അജണ്ടയോടുകൂടിയാണ് ഞങ്ങൾ ഇതിന് ഇറങ്ങിതിരിച്ചിരിയ്ക്കുന്നത് എന്ന് അടക്കം പറഞ്ഞ് ഊറിച്ചിരിയ്ക്കുന്ന മഹാൻമാരോടും മഹതികളോടുമായ് ഇങ്ങനെയുള്ള കുഞ്ഞുങ്ങൾ മാത്രമല്ല, നിങ്ങളെ വളർത്തി വലുതാക്കി ഒരു നല്ല നിലയിൽ എത്തിച്ച് കഴിയുമ്പോൾ നിങ്ങൾക്ക് ഭാരമായ് തീരുന്ന അല്ലെങ്കിൽ നിങ്ങളുടെ സുഖത്തിനായ് നിങ്ങൾ തെരുവിലേയ്ക്ക് വലിച്ചെറിയുന്ന നിങ്ങളുടെ മാതാപിതാക്കളെയും രണ്ടു കൈകളും നീട്ടി സ്വീകരിക്കുകയും നിറഞ്ഞ പുഞ്ചിരിയോടെ യാതൊരു പരിഭവവും കൂടാതെ നിങ്ങൾ മക്കളെക്കാട്ടിലും നന്നായ് നോക്കുന്ന ആയിരക്കണക്കിന് സമർപ്പിതർ ഇന്ന് നിങ്ങളുടെ ചുറ്റും ഉണ്ട്.
മാനസികവും ശാരീരികവുമായ വൈകല്യങ്ങൾ കൊണ്ട് സമൂഹം മാറ്റിനിർത്തുന്ന അനേകായിരം മനുഷ്യജന്മങ്ങളെ പൊന്നുപോലെ നോക്കുന്ന വിശുദ്ധ ജന്മങ്ങളും നമ്മുടെ ഈ കൊച്ചുകേരളത്തിൽ തന്നെയുണ്ട്. സംശയമുണ്ടെങ്കിൽ ചങ്ങനാശ്ശേരിയ്ക്കടുത്ത് "കുന്നന്താനം സിസ്റ്റേഴ്സിന്റെ" സന്യാസഭവനത്തിലേയ്ക്ക് ഒന്ന് കടന്നുചെല്ലുക അപ്പോൾ അറിയാം യഥാർത്ഥ സന്യാസികൾ അപരനിൽ ദൈവത്തെ കണ്ട് അവർക്കായ് സ്വയം എരിഞ്ഞുതീരുന്നവർ ആണ് എന്ന്.
ക്രിസ്തുവിനെ അനുഗമിക്കുന്നു എന്ന് ചാനലുകൾ തോറും വിളിച്ച് കൂവുകയും എന്നാൽ ക്രൈസ്തവ സന്യാസത്തെ രൂപതാ വൈദീകരുടെ ജീവിതവുമായ് താരതമ്യം ചെയ്ത് "നിങ്ങൾ വൈദീകർക്ക് ആകാമെങ്കിൽ ഞങ്ങൾ സന്യസ്തർക്ക് എന്തുകൊണ്ട് പറ്റത്തില്ല" എന്ന ഭോഷത്ത്വം നിറഞ്ഞ ചോദ്യം കേൾക്കുമ്പോൾ ഒരു സംശയം തോന്നുന്നു.. ഈ സഹോദരിമാർ "ദരിദ്രനും ബ്രഹ്മചാരിയും മരണത്തോളം പിതാവയ ദൈവത്തെ അനുസരിച്ച" യേശുക്രിസ്തുവിനെ തന്നെയാണോ അനുഗമിയ്ക്കാൻ ആഗ്രഹിയ്ക്കുന്നത് ?
സന്യാസത്തിന്റെ എ ബി സി ഡി പോലും അറിയാത്ത ചാനലുകളിൽ വന്നിരുന്ന് സ്വന്തം ഐഡിയോളജി വിളിച്ച് കൂവുമ്പോൾ അല്പം പേരും പ്രശസ്തിയും ഒക്കെ കിട്ടുമായിരിയ്ക്കും. എന്നാൽ ഇതും കൂടി ഓർത്താൽ കൊള്ളാം: ഇങ്ങനെയുള്ള ധാരാളം ഐഡിയോളജികൾ ആദ്യ നൂറ്റാണ്ടു മുതൽ കത്തേലിക്കാസഭ എന്നും കണ്ടിട്ടുള്ളതാണ് 16 -ാം നൂറ്റാണ്ടിൽ യുറോപ്പിൽ മാർട്ടിൻ ലൂദർ എന്ന വൈദീകനുണ്ടായ "ഐഡിയോളജി" കൊണ്ട് ക്രൈസ്തവ സഭയെ തകർത്തു തരിപ്പണം ആക്കും എന്ന് കരുതിയെങ്കിലും മരണത്തിന് മുമ്പ് ഹൃദയം നിറഞ്ഞ പശ്ചാത്താപത്തോടെ മാർട്ടിൻ ലൂദർ ഇങ്ങനെ എഴുതുകയുണ്ടായി:
"കത്തോലിക്കാസഭയുടെ പൂർവ്വകാല സഭാപിതാക്കൻമാർ എല്ലാം അറിവില്ലാത്ത വിഡ്ഢികൾ ആയിരുന്നു എന്ന് നീ കരുതുന്നുണ്ടോ? നീ മാത്രം ആയിരുന്നോ പരിശുദ്ധാത്മാവിനാൽ പ്രചോദിതനായിരുന്നത്? മറ്റെല്ലാവരും ഇത്രയും കാലം തെറ്റ് ചെയ്യുകയായിരുന്നോ? നീണ്ട 1500 വർഷങ്ങൾ തെറ്റിലൂടെ അലഞ്ഞുതിരിയാൻ ദൈവം തന്റെ ജനത്തെ അനുവദിക്കുമെന്ന് നീ കരുതുന്നുണ്ടോ? ശക്തമായ ഒരു ദൈവീക പ്രചോദനം എന്റെ ആത്മാവിൽ നീ മാത്രമായിരുന്നോ ജ്ഞാനി എന്ന ചോദ്യം എത്ര തവണ എന്റെ ഹൃദയത്തെ വേദനിപ്പിക്കുകയും, ശിക്ഷിക്കുകയും, ശാസിക്കുകയും ചെയ്തു..." നീ പരാജയപ്പെടുകയും നിരവധി ആളുകളെ നിന്റെ ആശയങ്ങൾ കൊണ്ട് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതു വഴി എത്രപേർ എന്നെന്നേക്കുമായി നശിപ്പിക്കപ്പെട്ടിടുണ്ട്? കേരളത്തിൽ അധികമാർക്കും മാർട്ടിൻ ലൂദറിന്റെ ഈ കുമ്പസാര വാക്യങ്ങൾ അത്ര പരിചയം കാണില്ല.
ഇന്ന് നിങ്ങൾ ചാനലുകാരും മഞ്ഞ പത്രക്കാരും വിമതരും ഒക്കെ കാട്ടുന്ന ആവേശത്തിന് നാളയുടെ മക്കൾ നിങ്ങൾക്ക് തരുന്ന ഉത്തരം വളരെ വ്യത്യസ്തമായിരിയ്ക്കും. "ചക്കയേത് ചകിണിയേത്" എന്ന് തിരിച്ചറിയാൻ കഴിയാത്ത പ്രായത്തിൽ സന്യാസജീവിതം തിരഞ്ഞെടുക്കുന്നു എന്ന് പറഞ്ഞ് അക്ഷേപിക്കുമ്പോൾ ഒരു പക്ഷെ അടുത്ത ഒന്നു രണ്ട് വർഷത്തേയ്ക്ക് "സന്യസ്ത ദൈവവിളികൾ കുറഞ്ഞു" എന്ന് നിങ്ങൾക്ക് ആർത്ത് അട്ടഹസിയ്ക്കാം.. എന്നാൽ ഈ രണ്ടു മൂന്ന് വർഷങ്ങൾ കഴിയുമ്പോൾ ചക്കയേത് ചകിണിയേത് എന്ന് തിരിച്ചറിയാത്ത പ്രായത്തിൽ ആയിരിയ്ക്കില്ല മറിച്ച് ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജോലിയും നല്ല ശമ്പളവും എല്ലാം വലിച്ചെറിഞ്ഞായിരിയ്ക്കും നാളയുടെ മക്കൾ സന്യാസത്തെ വാരി പുണരുന്നത്.
"യൂറോപ്പിൽ ചില ദ്വീപുകളിൽ വഴിയരികിൽ കാണപ്പെടുന്ന ഒരുതരം ചെടിയുടെ പ്രത്യേകതയാണ് എത്രമാത്രം ചവിട്ട് ഏല്ക്കുന്നുവോ അത്രമാത്രം അവ തഴച്ചുവളരും". ഇന്ന് നിങ്ങൾ ചവിട്ടി തൂക്കുന്ന ക്രൈസ്തവ സന്യാസവും നാളെ വീണ്ടും തഴച്ചുവളരും. കൂടുതൽ ശക്തിയോടെ.. കൂടുതൽ പ്രഭാവത്തോടെ...!