Life In Christ - 2025

'ലോക അധ്യാപകന്‍' ബ്രദര്‍ പീറ്റർ തബിച്ചി വൈറ്റ് ഹൗസിൽ

സ്വന്തം ലേഖകന്‍ 18-09-2019 - Wednesday

വാഷിംഗ്ടണ്‍ ഡി‌സി: ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ഈ വര്‍ഷത്തെ ഗ്ലോബല്‍ ടീച്ചര്‍ പുരസ്കാരം നേടിയ ഫ്രാൻസിസ്കൻ സന്യാസി ബ്രദര്‍ പീറ്റർ തബിച്ചി വൈറ്റ് ഹൗസിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സന്ദർശിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയെ അഭിസംബോധന ചെയ്യുന്നതിന് മുന്നോടിയായാണ് അദ്ദേഹം വൈറ്റ് ഹൗസിലെത്തിയത്. തബിച്ചിയുടെ കഷ്ടപ്പാടും, പ്രതിബദ്ധതയും അമേരിക്കക്കാർക്ക് പ്രചോദനമാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്റ്റെഫാനി ഗ്രിഷാം ട്വീറ്റ് ചെയ്തു. അതേസമയം ട്രംപും തപിച്ചിയും തമ്മിൽ നടന്ന സംഭാഷണത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടിട്ടില്ല.

വിശുദ്ധ ഫ്രാൻസിസ് അസീസി പതിമൂന്നാം നൂറ്റാണ്ടിൽ ആരംഭിച്ച ഫ്രാൻസിസ്കൻ സമൂഹത്തിലെ അംഗമാണ് ബ്രദർ തബിച്ചി. കെനിയയിലെ റിഫ്റ്റ്വാലിയിലെ നാകുരുവിലുള്ള വിദൂര ഗ്രാമമായ പവാനിയിലെ ഇല്ലായ്മകള്‍ നിറഞ്ഞ കെരികോ മിക്സഡ്‌ ഡേ സെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബ്രദര്‍ പീറ്ററിനെ ഗ്ലോബല്‍ ടീച്ചര്‍ പുരസ്കാരത്തിനു അര്‍ഹനാക്കിയത്. തന്റെ ശമ്പളത്തിന്റെ എണ്‍പത് ശതമാനവും സ്കൂളിലെ യൂണിഫോമോ, പുസ്തകങ്ങളോ വാങ്ങിക്കുവാന്‍ കഴിയാത്ത പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചിലവഴിക്കുന്നത്. ബ്രദര്‍ പീറ്ററിന്റെ നിസ്തുലമായ സേവനങ്ങളെ അഭിനന്ദിച്ചു ലോക നേതാക്കള്‍ തന്നെ നേരത്തെ രംഗത്തെത്തിയിരിന്നു.


Related Articles »