India - 2025
'സന്യാസത്തെ ആക്ഷേപിച്ചു സഭയെ തകര്‍ക്കാമെന്ന് കരുതിയവര്‍ക്ക് തെറ്റി'
സ്വന്തം ലേഖകന്‍ 21-09-2019 - Saturday
കോട്ടയം: സന്യാസത്തെയും പൗരോഹിത്യത്തെയും അടച്ചാക്ഷേപിച്ചു സഭയെ തകര്‍ക്കാമെന്ന് ആരെങ്കിലും കരുതിയാല്‍ അവര്‍ക്കു തെറ്റിയെന്നു മലങ്കര സുറിയാനി കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. കോട്ടയം വടവാതൂര്‍ ഗിരിദീപം കാന്പസിലെ മാര്‍ ഈവാനിയോസ് നഗറില്‍ നടന്നുവന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭ 89ാമത് പുനരൈക്യ വാര്‍ഷിക സഭാസംഗമത്തിന്റെയും ബഥനി ആശ്രമ ശതാബ്ദി ആഘോഷത്തിന്റെ സമാപനത്തിന്റെയും ഭാഗമായി ഇന്നലെ നടന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മാര്‍ ക്ലീമിസ് ബാവ. സന്യാസത്തില്‍നിന്നു ശക്തി പ്രാപിച്ച സഭയാണിതെന്നും സഭ പരിശുദ്ധാത്മാവിനാല്‍ സ്ഥാപിതമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അടുത്ത കാലത്തായി സന്യാസത്തെയും സമര്‍പ്പിത ജീവിതത്തെയും അവഹേളിക്കുന്ന ഒരു പ്രവണത കണ്ടുവരുന്നു. വളരെ വേദനയുളവാക്കുന്നതാണ് ഈ അവഹേളനം. സ്വര്‍ഗം ഇതിനു കൂട്ടു നില്‍ക്കില്ലെന്നാണു കത്തോലിക്ക സഭയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലുവ അദ്വൈതാശ്രമാംഗവും ശിവഗിരി ഡയറക്ടര്‍ ബോര്‍ഡംഗവുമായ സ്വാമി ശിവസ്വരൂപാനന്ദ വിശിഷ്ടാതിഥിയായിരുന്നു. ജീവിതത്തെ പരമോന്നതയിലേക്ക് എത്തിക്കാന്‍ സമര്‍പ്പണംകൊണ്ടു സാധിക്കുമെന്നും ഭാരതീയ സംസ്‌കാരത്തിനു സന്യാസത്തിന്റെ സംഭാവനകള്‍ വലുതാണെന്നും സ്വാമി ശിവസ്വരൂപാനന്ദ പറഞ്ഞു.
കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. ഐക്യത്തിന്റെ ചൈതന്യം ദൈവിക ചൈതന്യമാണെന്നും അതിന്റെ പൂര്‍ണത ത്രിത്വൈക ദൈവത്തിലാണെന്നും മാര്‍ മൂലക്കാട്ട് പറഞ്ഞു. ബഥനി മിശിഹാനുകരണ സന്യാസി സമൂഹം സുപ്പീരിയര്‍ ജനറാള്‍ ഫാ. ജോസ് കുരുവിള പീടികയില്‍ ഒഐസി, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റവ.ഡോ. റെജി മനയ്ക്കലേട്ട്, ബഥനി മിശിഹാനുകരണ സന്യാസിനി സമൂഹം മദര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ എസ്‌ഐസി, മേരിമക്കള്‍ സന്യാസിനി സമൂഹം മദര്‍ ജനറല്‍ സിസ്റ്റര്‍ ജയില്‍സ് ഡിഎം, സിസ്റ്റര്‍ മേരി ശോശാമ്മ, അല്മായ പ്രതിനിധി ശോശാമ്മ തോമസ് പാലനില്‍ക്കുന്നതില്‍ എന്നിവര്‍ പ്രസംഗിച്ചു.
ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോസഫ് മാര്‍ തോമസ്, സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. സമ്മേളനത്തിനു മുന്നോടിയായി രാവിലെ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ ബിഷപ്പുമാരും വൈദികരും ചേര്‍ന്നു സമൂഹബലി അര്‍പ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വചനസന്ദേശം നല്‍കി. കഴിഞ്ഞ മൂന്നു ദിവസമായി ഗിരിദീപം കാന്പസില്‍ മാര്‍ ഈവാനിയോസ് നഗറില്‍ നടന്നു വന്ന പുനരൈക്യ വാര്‍ഷിക സഭാ സംഗമത്തിനും ബഥനി ആശ്രമ ശതാബ്ദി സഭാതല ആഘോഷത്തിനും ഇന്നലെ പൊതുസമ്മേളനത്തോടെ സമാപനമായി.
