Life In Christ

'യേശുവിന്റെ സ്നേഹം നിമിത്തമാണ് തനിക്കു പാടുവാൻ സാധിച്ചത്': രാണു മൊണ്ടൽ

സ്വന്തം ലേഖകന്‍ 21-09-2019 - Saturday

മുംബൈ: റെയിൽവേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന്റെ മൂലയ്ക്കിരിന്ന് മധുര ശബ്ദത്തിൽ പാടി സോഷ്യൽ മീഡിയയുടെയും ഭാരത ജനത മുഴുവന്റെയും ഹൃദയം കീഴടക്കിയ രാണു മൊണ്ടലിനെ ആരും മറക്കില്ല. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന്, ശബ്ദമാധുര്യത്തില്‍ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനം ആലപിച്ച തെരുവോര ഗായിക ചുരുങ്ങിയ ദിവസങ്ങള്‍ക്കുളില്‍ ചലച്ചിത്ര പിന്നണി ഗായികയായി മാറി. ഒരു ദിവസം കൊണ്ട് ജീവിതം പൂര്‍ണ്ണമായും മാറി മറിഞ്ഞ രാണു മൊണ്ടല്‍ ആദ്യമായി അവതാരകന്റെ മുന്‍പില്‍ മനസ്സ് തുറന്നപ്പോള്‍ അവരുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത് ക്രിസ്തുവിനോടുള്ള അഗാധമായ സ്നേഹമാണ്.

യേശുവിന്റെ സ്നേഹം കാരണമാണ് തനിക്കു പാടുവാൻ സാധിച്ചത് എന്ന രേണുവിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പ്രശസ്തിയിൽ നിൽക്കുമ്പോഴും ദൈവത്തിനു നന്ദി പറയുകയാണ് ഈ പാട്ടുകാരി. യേശുവിന്റെ സ്നേഹം കാരണമാണ് തനിക്ക് പാടുവാന്‍ സാധിച്ചതെന്നും എല്ലാവരുടെയും സ്നേഹം താന്‍ അനുഭവിക്കുന്നത് ദൈവത്തിലൂടെയാണെന്നും ഭാരതത്തിന്റെ സുന്ദര സംഗീതമായി മാറിയ ഈ ഗായിക നല്‍കിയ ഒരു ഇന്‍റര്‍വ്യൂവില്‍ തുറന്ന്‍ സാക്ഷ്യപ്പെടുത്തുന്നു. സ്നേഹം എനിക്ക് ദൈവത്തിലൂടെയാണ് ലഭിച്ചത്. അതിനാൽ ഓരോ പാട്ടും ആസ്വദിച്ചു പാടാൻ കഴിഞ്ഞു. അതിനാൽ ഞാൻ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു. അതോടൊപ്പം എനിക്ക് പ്രോത്സാഹനവും പിന്തുണയും നൽകിയ നിങ്ങൾ ഓരോരുത്തരോടും എന്റെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.

ചെറുപ്പം മുതൽ എനിക്ക് പാടുവാൻ വളരെ ആഗ്രഹമായിരുന്നു. വെറുതെ പാടിയാൽ പോരാ, ഹൃദയത്തിൽ നിന്ന് പാടിയില്ലെങ്കിൽ ഒരുതരം അപൂർണത അനുഭവിച്ചിരുന്നു. എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ തോന്നുന്നത് എന്ന് ആലോചിച്ചിരുന്നു. എന്നിരുന്നാലും എന്റെ സ്വരം എനിക്ക് തന്ന ദൈവത്തെയാണ് ഞാൻ എന്നും ആശ്രയിക്കുന്നത്, ഇപ്പോഴും അത് തുടരുന്നു. ഇപ്പോൾ നടന്നതെല്ലാം ദൈവത്തിന്റെ അനുഗ്രഹം കാരണമാണെന്ന് എനിക്ക് ഉറപ്പാണ്. എന്റെ ജീവിതത്തിൽ ഉണ്ടായതെല്ലാം നിങ്ങൾ കണ്ടതാണല്ലോ.

ഇനിയും ഞാൻ പാട്ടുകൾ പാടും. എല്ലാത്തിനും ഞാൻ നന്ദി പറയുന്നത് ദൈവത്തോടും പിന്നെ നിങ്ങൾ ഓരോരുത്തരോടുമാണ്. ഞാൻ ഒരു ഗായികയാകുമെന്ന് ആശിച്ചിരുന്നില്ല, എങ്കിലും പ്രതീക്ഷ കൈവിടുകയും ചെയ്തില്ല. പാടാൻ അവസരം ലഭിച്ചില്ല എന്ന നിരാശയിൽ കഴിയാതെ, നിരന്തരം പാട്ടുകൾ കേൾക്കുകയും അത് ഹൃദ്യസ്ഥമാക്കുകയും ചെയ്തിരുന്നു. പാടാൻ കഴിയുമെന്ന ബോധ്യം ദൈവമാണ് തനിക്ക് പൂർത്തീകരിച്ചു തന്നതെന്നും രാണു മണ്ടല്‍ തുറന്ന്‍ സാക്ഷ്യപ്പെടുത്തുന്നു. റെയില്‍വേ സ്റ്റേഷനിലെ വൈറല്‍ വീഡിയോക്ക് പിന്നാലേ ക്രൂശിതരൂപം പശ്ചാത്തലത്തിലുള്ള രാണുവിന്റെ ചിത്രം നവമാധ്യമങ്ങളില്‍ നേരത്തെ വൈറലായിരിന്നു.

ഇന്‍റര്‍വ്യൂ കാണാം (4:11 മുതല്‍)


Related Articles »