Life In Christ - 2025

ലോകത്തിന്റെ ആദരവും സ്നേഹവും ഏറ്റുവാങ്ങി വീണ്ടും ബ്രദര്‍ പീറ്റര്‍ തബിച്ചി

സ്വന്തം ലേഖകന്‍ 28-09-2019 - Saturday

വാഷിംഗ്‌ടണ്‍ ഡി.സി: ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ‘ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ്’ പുരസ്കാരം നേടി ജനശ്രദ്ധയാകര്‍ഷിച്ച ഫ്രാന്‍സിസ്കന്‍ സന്യാസി പീറ്റര്‍ തബിച്ചിക്കു വീണ്ടും ആഗോള സമൂഹത്തിന്റെ ആദരവ്. പ്രത്യേക ക്ഷണം സ്വീകരിച്ച് വാഷിംഗ്‌ടണും, ഐക്യരാഷ്ട്രസഭയും, സിലിക്കണ്‍ വാലിയും സന്ദര്‍ശിച്ച അദ്ദേഹം അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രത്യേക പ്രഭാഷണം തന്നെ നടത്തി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 17ന് നടത്തിയ പ്രസംഗം ബ്രദര്‍ തബിച്ചി “എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമെ” എന്ന പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. “ഒന്നാമാനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും, എല്ലാവരുടേയും ശുശ്രൂഷകനുമാകണം” എന്ന ക്രിസ്തുവിന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ മറ്റുള്ളവരോട്‌ അനുതപിക്കുവാനും, സേവിക്കുവാനുമായി നമ്മുടെ കൈകളും ഹൃദയവും തുറന്നുപിടിക്കുന്നവരായിരിക്കണമെന്ന് ബ്രദര്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പറഞ്ഞു.

വാഷിംഗ്‌ടണ്‍ ഡി.സിയിലെ കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഫ്രാന്‍സിസ്കന്‍ സമാധാന പ്രാര്‍ത്ഥനയോടെ അമേരിക്കന്‍ കോണ്‍ഗ്രസ് ആരംഭിക്കാനായത് ഒരു ബഹുമതിയും, ആദരവുമായി കാണുന്നുവെന്നാണ് പിന്നീട് ഇതിനെക്കുറിച്ച് ബ്രദര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഗൂഗിള്‍, ഫേസ്ബുക്ക്, സിസ്കോ എന്നീ ലോക പ്രശസ്ത ടെക് കമ്പനികളുടെ ആസ്ഥാന മന്ദിരങ്ങളിലും പ്രത്യേക ക്ഷണപ്രകാരം അദ്ദേഹം സന്ദര്‍ശനം നടത്തി. ആഫ്രിക്കയിലെ എസ്.ടി.ഇ.എം വിദ്യഭ്യാസത്തിന്റെ ഉന്നമനത്തിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ കമ്പനി നേതൃത്വങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കെനിയന്‍ പതാകയോടെയാണ് സിസ്കോയും, ഫേസ്ബുക്കും സ്വാഗതം ചെയ്തതെന്നും, ഗൂഗിളിന്റെ സഹായത്തോടെ ആഫ്രിക്കയിലെ ശാസ്ത്ര വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. കെനിയന്‍ സ്വദേശിയായ ബ്രദര്‍ പീറ്റര്‍ കെനിയയിലെ പവാനി ഗ്രാമത്തിലെ റിഫ്റ്റ് വാലിയിലെ സെക്കണ്ടറി സ്കൂളിലെ കണക്ക്-സയന്‍സ് അദ്ധ്യാപകനാണ്. തന്റെ വരുമാനത്തിന്റെ എണ്‍പതു സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചിലവഴിക്കുന്നത്. ഇദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നു സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ദേശീയവും, അന്തര്‍ദേശീയവുമായ ശാസ്ത്രമത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16-ന് ബ്രദര്‍ തബിച്ചി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ 74-മത് ജനറല്‍ അസംബ്ലിയിലും ഇദ്ദേഹം സംബന്ധിക്കുന്നുണ്ട്.


Related Articles »