News - 2024

പശ്ചിമേഷ്യന്‍ ക്രൈസ്തവരെ സഹായിക്കണം: ഐക്യരാഷ്ട്ര സഭയോടു വത്തിക്കാൻ

സ്വന്തം ലേഖകന്‍ 30-09-2019 - Monday

ന്യൂയോര്‍ക്ക്: പശ്ചിമേഷ്യയില്‍ നിന്ന്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണം ഭയന്ന് പലായനം ചെയ്ത ക്രൈസ്തവർ തങ്ങളുടെ ഭവനങ്ങളിലേക്ക് മടങ്ങി വരുമ്പോൾ അവർക്ക് കൂടുതൽ സഹായങ്ങൾ നൽകണമെന്ന് ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധികളോട് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ. സെപ്റ്റംബർ 27നു ന്യൂയോര്‍ക്കില്‍ യു‌എന്‍ ജനറല്‍ അസംബ്ലിയോട് അനുബന്ധിച്ച് ഹംഗറി സംഘടിപ്പിച്ച പാനൽ ചർച്ചയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

"ജീവിതങ്ങൾ പുനരുദ്ധരിക്കപ്പെടുന്നു, സമൂഹങ്ങൾ പുനരുദ്ധരിക്കപ്പെടുന്നു: പീഡിത ക്രൈസ്തവ സമൂഹത്തിന് ഒരു നല്ല ഭാവി ഉറപ്പുവരുത്തുന്നു" എന്ന പേരില്‍ നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം യു‌എന്നിന്‍റെ ഇടപെടല്‍ തേടിയത്. ഇറാഖിലും സിറിയയിലും നടത്തേണ്ട പുനർ നിർമ്മാണ പ്രവർത്തനങ്ങളെ പറ്റി ചർച്ചയിൽ പങ്കെടുത്തവർ വിശദമായ അവലോകനം നടത്തി. തന്റെ സന്ദേശത്തില്‍ നിനവേ പ്രവിശ്യയിലേക്ക് അടുത്തിടെ നടത്തിയ സന്ദര്‍ശന വിവരങള്‍ കർദ്ദിനാൾ പരോളിൻ സ്മരിച്ചു. പ്രസ്തുത യാത്ര ഒരേസമയം പ്രചോദനവും, ദുഃഖവും നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവരുടെ പലായനവും, തിരിച്ചുവരവും ഹെറോദേസ് രാജാവിൽ നിന്നും രക്ഷപ്പെടാൻ തിരുകുടുംബം ഈജിപ്തിലേക്ക് നടത്തിയ യാത്രയെ ഓർമ്മപ്പെടുത്തുന്നതാണെന്നും ക്രൈസ്തവരുടെ തിരിച്ചുവരവ് തിന്മയുടെ മേൽ നന്മ നടത്തിയ വിജയത്തിന്റെ പ്രതീകമാണെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. ക്രൈസ്തവരെ സഹായിക്കാൻ മുന്നോട്ടു വന്ന ഹംഗറിയേയും, കത്തോലിക്കാ സന്നദ്ധ സംഘടനകളായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിനെയും നൈറ്റ്സ് ഓഫ് കൊളംബസിനെയും കാരിത്താസ് ഇന്റർനാഷ്ണലിനെയും അഭിനന്ദിക്കുന്നതായും കര്‍ദ്ദിനാള്‍ പറഞ്ഞു.


Related Articles »