Life In Christ - 2025
'നമ്മുടെ കണ്ണുകള്‍ യേശുവില്‍ കേന്ദ്രീകരിച്ചായിരിക്കണം': ഫ്രാന്‍സിസ്കന്‍ സര്‍വ്വകലാശാലയുടെ പുതിയ പ്രസിഡന്റ്
സ്വന്തം ലേഖകന്‍ 04-10-2019 - Friday
സ്റ്റ്യൂബെന്‍വില്ലെ, ഒഹിയോ: 'നമ്മുടെ കണ്ണുകള്‍ യേശുവിലായിരിക്കുക' എന്നതാണ് പുതിയ പ്രസിഡന്റെന്ന നിലയില്‍ തന്റെ കാഴ്ചപ്പാടെന്നും, പ്രവാചകപരമായ ഒരു ദൗത്യമാണ് തന്റെ കീഴില്‍ സര്‍വ്വകലാശാലക്കുള്ളതെന്നും അമേരിക്കന്‍ സംസ്ഥാനമായ ഒഹിയോയിലെ സ്റ്റ്യൂബെന്‍വില്ലെയിലുള്ള ഫ്രാന്‍സിസ്കന്‍ സര്‍വ്വകലാശാലയുടെ പുതിയ പ്രസിഡന്റും, സുപ്രസിദ്ധ പ്രഭാഷകനുമായ ഫാ. ഡേവിഡ് പിവോങ്ക ടി.ഒ.ആര്‍. നമ്മള്‍ ചെയ്യുന്നതിനെ ദൈവം അനുഗ്രഹിക്കണമെന്ന് നമ്മള്‍ക്കാഗ്രഹമില്ലായെന്നും ദൈവം ചെയ്യുന്നതിനെ അനുഗ്രഹീതമായിരിക്കണമെന്നാണ് നമ്മുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 3-ന് കത്തോലിക് ന്യൂസ് ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
നമ്മളെക്കുറിച്ച് തനിക്കൊരു പദ്ധതിയുണ്ടെന്ന് ദൈവം തന്നെ വെളിപ്പെടുത്തുകയും വ്യക്തമാക്കിതരികയും ചെയ്യുമെന്നാണ് തന്റെ പുതിയ പദവിയെക്കുറിച്ച് ഫാ. പിവോങ്ക പറഞ്ഞത്. യേശുവിനോട് വിശ്വസ്തതയുള്ളവരായിരുന്നുകൊണ്ട് അവനില്‍ മാത്രം നമ്മുടെ ദൃഷ്ടി കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും ഫാ. പിവോങ്ക ഓര്‍മ്മിപ്പിച്ചു. സഭക്ക് മുറിവേറ്റിരിക്കുന്നൊരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്നതെങ്കിലും കര്‍ത്താവിന്റെ മണവാട്ടിയായ തിരുസഭക്ക് സ്വയം പ്രതിരോധിക്കുവാന്‍ കഴിവുണ്ടെന്നും, സൗഖ്യവും, ഐക്യവും കൊണ്ടുവരുന്ന ഒരു ഉറവിടമായി സര്‍വ്വകലാശാല മാറണമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. മറ്റുള്ള സര്‍വ്വകലാശാലകളില്‍ നിന്നും ഫ്രാന്‍സിസ്കന്‍ സര്‍വ്വകലാശാല എപ്രകാരം വ്യത്യസ്ഥമായിരിക്കുന്നുവെന്ന് വിശുദ്ധ ഫ്രാന്‍സിസ് നമുക്ക് കാണിച്ചുതരട്ടേയെന്നും അദ്ദേഹം ആശംസിച്ചു.
1989-ല്‍ താന്‍ ബിരുദം നേടിയ സര്‍വ്വകലാശാലയുടെ പുതിയ പ്രസിഡന്റായി മെയ് 21-നാണ് ഫാ. പിവോങ്ക ഐകകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് ഒക്ടോബര്‍ 4-നാണ് അദ്ദേഹം ഔദ്യോഗിക ചുമതലയേല്‍ക്കുന്നത്. ഫ്രാന്‍സിസ്കന്‍ സര്‍വ്വകലാശാലയുടെ ഏഴാമത്തെ പ്രസിഡന്റാണ് അന്‍പത്തിനാലുകാരനായ ഫാ. പിവോങ്ക. സഭയിലും സര്‍വ്വകലാശാലയിലും ഐക്യം നിലനിര്‍ത്തുക എന്നതാണ് സര്‍വ്വകലാശാലയുടെ തലവനെന്ന നിലയില്‍ തന്റെ ലക്ഷ്യമെന്ന് ഫാ. പിവോങ്ക വ്യക്തമാക്കി. സര്‍വ്വകലാശാലയുടെ ഭരണത്തില്‍ സുതാര്യത കൊണ്ടുവരുവാനും താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികളുമായി നല്ല ബന്ധം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിവരിച്ചു.