News - 2024

സീറോ മലബാര്‍ സഭയുടെ വത്തിക്കാനിലെ ഭവനം ഉദ്ഘാടനം ചെയ്തു

13-10-2019 - Sunday

വത്തിക്കാന്‍ സിറ്റി: സീറോ മലബാര്‍ സഭയ്ക്കായി വത്തിക്കാനില്‍ സ്ഥാപിതമായ പ്രൊക്യൂറയുടെ നവീകരിച്ച ഭവനം 'ദോമൂസ് മാര്‍ തോമ'യുടെ വെഞ്ചരിപ്പും ഉദ്ഘാടനവും മെത്രാന്മാരുടെയും വൈദികരുടെയും സന്യസ്ഥരുടെയും സാന്നിധ്യത്തില്‍ നടന്നു. രാവിലെ 9.30ന് ദിവ്യബലിയോടുകൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമൂഹബലിയില്‍ മുഖ്യകാര്‍മികനായി. അഡ് ലിമിന സന്ദര്‍ശനത്തിനായി റോമില്‍ എത്തിയിട്ടുള്ള സീറോമലബാര്‍ സഭയിലെ 48 മെത്രാന്മാരും നിരവധി വൈദികരും സന്യസ്തരും ദിവ്യബലിയില്‍ സംബന്ധിച്ചു.

പൗരസ്ത്യതിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി പ്രൊക്യൂറ ഉദ്ഘാടനം ചെയ്തു. മാര്‍ ആലഞ്ചേരി സ്വാഗതം ആശംസിച്ചു. സീറോമലബാര്‍ സഭയ്ക്ക് കിട്ടിയ വലിയ അംഗീകാരമാണ് പ്രൊക്യൂറ എന്നും വത്തിക്കാനും സീറോ മലബാര്‍ സഭയ്ക്കുമിടയിലെ നയതന്ത്ര കാര്യാലയമായി ഇത് പ്രവര്‍ത്തിക്കുമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു. നിരവധി നല്ല മനസുകളുടെ പ്രാര്‍ത്ഥനയും സഹകരണവും സഹായവും വഴിയാണ് കേന്ദ്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയുടെ വളര്‍ച്ചയ്ക്കും ഐക്യത്തിനും പ്രൊക്യൂറ അടയാളമായി നിലകൊള്ളുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കര്‍ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി പറഞ്ഞു. ഓറിയന്റല്‍ കോണ്‍ഗ്രിഗേഷസിലെ പ്രതിനിധികളും വിവിധ കോണ്‍ഗ്രിഗേഷനുകളിലെ ജനറാള്‍മാരും ചടങ്ങിന് എത്തിയിരുന്നു.

ക്ലരീഷ്യന്‍ ജനറാള്‍ ഫാ. മാത്യു വട്ടമറ്റം, സിഎംസി മദര്‍ ജനറാള്‍ സിസ്റ്റര്‍ സിബി സിഎംസി, സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. പോള്‍ ആച്ചാണ്ടി, ഏഷ്യന്‍ രാജ്യങ്ങളിലുള്ള പ്രോജക്ടുകളുടെ ഡയറക്ടര്‍ നെയര്‍ തെയ്‌റൗഡോ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് നന്ദി പറഞ്ഞു. ഫാ. ചെറിയാന്‍ വാരിക്കാട്ട്, അഡീഷണല്‍ പ്രൊക്യുറേറ്റര്‍ ഫാ. ബിജു മുട്ടക്കുന്നേല്‍, ഫാ. സനല്‍ മാളിയേക്കല്‍, കോഓര്‍ഡിനേറ്റര്‍ ഫാ. ബിജുരാജ് എന്നിവര്‍ നേതൃത്വം നല്‍കി. വത്തിക്കാനിലെ ഇന്ത്യന്‍ അംബാസഡറും മലയാളിയുമായ സിബി ജോര്‍ജ് പ്രത്യേക അതിഥിയായിരുന്നു.


Related Articles »