Social Media - 2025

മറിയം ത്രേസ്യയെ ലോകം ആദരിച്ചപ്പോള്‍ സർക്കാരിന്റെ ധാർഷ്ട്യം: ഈ ശൈലിയ്ക്കു കാലം മാപ്പു നൽകില്ല

ഫാ. ജോസഫ് വടക്കന്‍ 16-10-2019 - Wednesday

വിശുദ്ധ മറിയം ത്രേസ്യയുടെ നാമകരണ ചടങ്ങുകൾ കഴിഞ്ഞ ഞായറാഴ്ച വത്തിക്കാനിൽ കഴിഞ്ഞു.!! കേരളത്തിൽ ജനിച്ച് സ്ത്രീകൾക്കുവേണ്ടി കുടുംബങ്ങൾക്കു വേണ്ടി നിലപാടുകളെടുത്ത ആ മഹതിയെ ലോകം ആദരിക്കുന്ന വേളയിൽ പുച്ഛത്തോടെ പുറം തിരിഞ്ഞു നിന്ന കേരള സർക്കാർ അധികാരത്തിന്റെ ഗർവ്വിൽ എല്ലാം ശരിയാക്കുന്ന തിരക്കിലായിരുന്നു. തികച്ചും അപലപനീയമായ ധാർഷ്ഠ്യം കൊണ്ടു നടക്കുന്ന നേതാക്കൻമാരെയും പിന്നണിയാളുകളെയും ജനം കാർക്കിച്ചു തുപ്പുന്ന കാലം വിദൂരമല്ല എന്നു തോന്നിപോകുന്നു. നവോത്ഥാനത്തിന്റെ പെൺമതിൽ വിശ്വാസ സംരക്ഷണത്തിനു വേണ്ടി കെട്ടിപടുത്ത നേതാക്കൾക്ക്, നവോത്ഥാന ശില്പിയായി മറിയം ത്രേസ്യ എന്ന വിശുദ്ധയായ ഒരു സ്ത്രീയെ ലോകം നെറുകയിൽ അവരോധിക്കുന്ന ചടങ്ങിൽ കേരളത്തിന്റെ പ്രാധിനിത്യം രേഖപ്പെടുത്താൻ പോലും ഒരാളെ പറഞ്ഞയക്കാൻ സാധിച്ചില്ല. കഷ്ടം തന്നെ !!

മതപരമായ കർമ്മമായതുകൊണ്ട് ബഹിഷ്കരിച്ചു എന്നു വാദിക്കുന്ന കമ്മ്യൂണിസ്റ്റ് സൈബർ തൊഴിലാളികളോട് ഒന്നേ പറയാനുള്ളൂ. കേരളം ഇന്നു കാണുന്ന വളർച്ചയുടെ പടവുകൾ ഒരുപാട് മതങ്ങളുടെ പ്രത്യേകിച്ച് ക്രൈസ്തവ മിഷണറിമാരുടെ പരിശ്രമവും ആളുകളെ വിദ്യ അഭ്യസിപ്പിക്കുന്നതിലും ആരോഗ്യം കാത്തു സൂക്ഷിക്കുന്നതലും അവർ കാണിച്ച നേതൃത്വവും ആണ് !! ചരിത്രങ്ങളെ വളച്ചെടിക്കാനെ സാധിക്കൂ........ എത്ര കുഴിച്ചുമൂടിയാലും സത്യം കല്ലറ പൊട്ടിച്ചു പുറത്തുവരുമെന്ന വസ്തുത കണ്ണടച്ച് ഇരുട്ടാക്കുന്നവർ മറക്കരുത്! കമ്യൂണിസ്റ്റ് വിപ്ലവങ്ങൾ കേരള മണ്ണിൽ വേരോടുന്നതിനു മുൻപ് അക്ഷരവിപ്ലവത്തിന് നേതൃത്വം കൊടുത്ത ക്രൈസ്തവ സമൂഹത്തെ തീർത്തും അവഗണിക്കുന്ന ശൈലിയ്ക്ക് കാലം മാപ്പു നൽകില്ല.

കേരളത്തി നിന്ന് വിശുദ്ധരായവരുടെ ചടങ്ങിൽ മുൻപ് കേരള സർക്കാർ പ്രതിനിധി സംഘത്തെ അയച്ച് കേരള ജനതയുടെ ആദരവ് പ്രകടിപ്പിച്ചിട്ടുണ്ട്. അത് മാന്യതയാണ്! അത്യന്തം പ്രോത്സാഹനജനകവുമാണ്. ഒരു സമൂഹം നാടിനു വേണ്ടി ചെയ്യുന്ന സേവനങ്ങളെ നന്ദിപൂർവ്വം ഓർക്കുന്നതിന്റെ അടയാളവുമാണത്. ഒരു കന്യകാസ്ത്രീ സമൂഹത്തിൽ കൊണ്ടുവന്ന വിപ്ലവാത്മക മാറ്റങ്ങളെ ലോകം ആദരിക്കുന്ന വേളയിൽ ആ സ്ത്രീ ജനിച്ച നാട്ടിലെ നേതാക്കന്മാർ ഉറക്കം നടിച്ചിരുന്നത് തികച്ചും നന്ദികേടിന്റെ/ മാന്യതയില്ലായ മയുടെ അടയാളമായി കാണാനേ ഒരു സാധാരണ കാരന് സാധിക്കൂ! ഒരു വേള കേരളത്തെ പരിഗണിക്കുന്നില്ല എന്ന് കരുതുന്ന കേന്ദ്ര സർക്കാർ പോലും ആ മാന്യത കാണിക്കാൻ തയ്യാറായി എന്നത് എടുത്തു പറയാതിരിക്കാനാവില്ല.

ജനങ്ങളാൽ ജനങ്ങൾക്കുവേണ്ടി തിരഞ്ഞെടുക്കുന്ന നേതാക്കൻമാർ ജനങ്ങളുടെ കാവലാൾ ആയി ജീവിക്കേണ്ട കാലഘട്ടത്തിൽ എല്ലാറ്റിനോടും എല്ലാവരോടും പുറന്തിരിഞ്ഞിരുന്നാൽ അത് ആ സർക്കാരിന്റെയും അതിന്റെ പുറകിലുള്ള പ്രസ്ഥാനത്തിന്റെയും ചിതയൊരുക്കുകയാകും ചെയ്യുക എന്ന് ഓർക്കുന്നത് നന്ന്.

എല്ലാ മതങ്ങൾക്കും തുല്യ പ്രാധാന്യം കൊടുക്കുന്ന രാഷ്ട്രീയ നേതാക്കൻമാരുടെ കേരളമായിരുന്നു എന്റെ കേരളം! എന്തിന് നിരീശ്വര പ്രസ്ഥാനമായ കമ്യൂണിസ്റ്റ് പാർട്ടിയിൽ പോലും ഏറെയും ദൈവവിശ്വാസികളായ നാടാണ് ഈ കേരളം. എകെജി, ഇ എം സ്, നായനാർ തുടങ്ങിയ കമ്യൂണിസ്റ്റ് മഹാരഥൻമാരെ ചരിത്രം ഓർക്കുന്നതും അതുകൊണ്ടാണ്. പ്രജകളുടെ വിശ്വാസം കാത്തു സൂക്ഷിക്കാനും വളർത്താനും നേതാക്കൾ ആർജവത്വം കാണിക്കണം. ഇനി ആ വിശ്വാസങ്ങളെ മാനിച്ചില്ലേലും നശിപ്പിച്ചേക്കരുത്! ഒരു വേള കേരളം എന്നു പറയുന്ന ദൈവത്തിന്റെ സ്വന്തം നാട് കുട്ടി പിശാചുക്കളുടെ ഊഷ്യരഭൂമിയായി തീരും !! അതിന്റെ ഫലങ്ങളാണ് വർദ്ധിച്ചു വരുന്ന കൊലപാതകങ്ങളും പീഡനങ്ങളും അഴിമതിയുമെല്ലാം .......

NB: കേരള സർക്കാർ പ്രതിനിധി സംഘത്തെ അയച്ചില്ല എന്ന അറിവിൽ നിന്ന് എനിക്കു തോന്നിയ ചിന്തകൾ ഞാൻ ഇവിടെ കുറിക്കുന്നു! ആരെയും വേദനിപ്പിക്കാനല്ല മറിച്ച് ചിന്തിപ്പിക്കാനാണ് എന്റെ ശ്രമം. അറിയാതെ ആരെയെങ്കിലും വിഷമിപ്പിക്കുന്നുണ്ടെങ്കിൽ ക്ഷമാപണം!


Related Articles »