News - 2024

പ്രോലൈഫ് സ്മാരക കുരിശുകൾ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകന്‍ 20-10-2019 - Sunday

പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവാനിയ സംസ്ഥാനത്തെ ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പ ദേവാലയത്തിന് സമീപം സ്ഥാപിച്ചിരുന്ന നാൽപതോളം പ്രോലൈഫ് സ്മാരക കുരിശുകൾ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തി. 1973ലെ കുപ്രസിദ്ധ റോയ് വെസ് വേഡ് കേസിൽ അമേരിക്കൻ സുപ്രീം കോടതി ഭ്രൂണഹത്യ നടത്തുന്നതിന് അനുകൂലമായി വിധി പ്രസ്താവിച്ചതിനു ശേഷം അമ്മമാരുടെ ഉദരത്തിൽ തന്നെ ജീവൻ അപഹരിക്കപ്പെട്ട ലക്ഷക്കണക്കിന് വരുന്ന ഗർഭസ്ഥ ശിശുക്കൾക്കു വേണ്ടിയുള്ള സ്മാരകം എന്ന നിലയിലാണ് 61 കുരിശുകൾ സ്ഥാപിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നത്.

ആക്രമണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിവരിച്ചുകൊണ്ട് ദേവാലയത്തിന്റെ ചുമതലയുള്ള മോൺസിഞ്ഞോർ ജോസഫ് ജെന്റിലി ഇടവകാംഗങ്ങൾക്ക് കത്തയച്ചു. ദേവാലയത്തിന്റെ ചുറ്റുവട്ടത്ത് രണ്ടാഴ്ചക്കിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണ് ഇതെന്ന് കത്തിൽ സൂചിപ്പിക്കുന്നു. ഏതാനും ദിവസങ്ങൾക്കു മുന്‍പ് സമാനമായ മറ്റൊരു ആക്രമണവും നടന്നിരുന്നു. അന്ന് റൈറ്റ് ഓഫ് ക്രിസ്ത്യൻ ഇനിഷിയേഷൻ കോഴ്സിന്റെ ചിഹ്നമാണ് അജ്ഞാതർ തകർത്തത്. ഈ രണ്ട് സംഭവങ്ങളും പോലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, ദേവാലയത്തിനു ചുറ്റും നാൽപതോളം സിസിടിവി ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞുവെന്നും മോൺസിഞ്ഞോർ ജോസഫ് ജെന്റിലി കത്തിൽ വ്യക്തമാക്കി.

കുറ്റവാളികൾ പിടിക്കപ്പെട്ടാൽ ഭരണഘടനാപ്രകാരം നൽകാൻ സാധിക്കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ അവർക്ക് ലഭിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും കത്തിൽ പറയുന്നുണ്ട്. ജീവന്റെ പരിപാവനത സംരക്ഷിക്കുന്നതിനു വേണ്ടി പോരാട്ടം തുടരണമെന്നും, കുറ്റവാളിയുടെ മാനസാന്തരത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് പ്രാർത്ഥനയിലൂടെ തക്കതായ മറുപടി നൽകാനായി, ഔർ ലേഡി ഓഫ് ഗ്വാഡലൂപ്പെ ദേവാലയം ജപമാല റാലി സംഘടിപ്പിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ഇടവകയുടെ സാമൂഹിക മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.


Related Articles »