India - 2025
സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ആത്മീയത ഉപയോഗിക്കുന്ന കാലഘട്ടമാണിതെന്ന് മാര്‍ തോമസ് തറയില്‍
സ്വന്തം ലേഖകന്‍ 21-10-2019 - Monday
തിരുവല്ല: സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടി ആത്മീയത ഉപയോഗിക്കുന്ന കാലഘട്ടമാണിതെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. പന്ത്രണ്ടാമത് തിരുവല്ല കരിസ്മാറ്റിക് സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആത്മീയതയില്‍ സ്വാര്‍ഥതയുടെ പരിവേഷം കടന്നു വരുമ്പോള്‍ സുവിശേഷത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
നിങ്ങള്‍ ലോകം മുഴുവന്‍ പോയി സകലരോടും സുവിശേഷം പറയുകയെന്നാണ് ഈശോ നമ്മെ പ്രബോധിപ്പിച്ചത്. എന്നാല്‍ ഇന്ന്‌നമ്മുടെ സ്വാര്‍ഥ ലാഭത്തിനു വേണ്ടി സ്വന്തം ഇഷ്ടപ്രകാരം ദൈവത്തെ ആരാധിച്ചു പോരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇത് സ്വാര്‍ഥതയിലൂടെയുള്ള ആത്മീയതയാണ്. സുവിശേഷം പറയാന്‍ വിളിക്കപ്പെട്ട സഭാ മക്കള്‍ സുവിശേഷം പറയാന്‍ ലജ്ജിക്കുകയാണ്. ഇത് സഭയെ ജീര്‍ണാവസ്ഥയില്‍ എത്തിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരുവല്ല അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. അതിരൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ചെറിയാന്‍ താഴമണ്‍, ഫാ. ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്‌കോപ്പ, റവ.ഡോ. ഐസക് പറപ്പള്ളില്‍, ഫാ. മാത്യു പുനക്കുളം, റവ. ഡോ. തോമസുകുട്ടി പതിനെട്ടില്‍, ഫാ. എബി വടക്കുംതല, റവ. ഡോ. മാത്യു മഴുവഞ്ചേരി, ഫാ. സിറിയക് പറപ്പള്ളില്‍, ഫാ. ഏബ്രഹാം വലിയകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് തിരുവനന്തപുരം കാര്‍മല്‍ റിട്രീറ്റ് സെന്ററിലെ ഫാ. ദാനിയേല്‍ പൂവണ്ണത്തിലിന്റെ നേതൃത്വത്തില്‍ വചന ശുശ്രൂഷയും നടന്നു. പ്രതികൂല കാലാവസ്ഥയിലും നൂറ് കണക്കിന് വിശ്വാസികള്‍ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. 24നു കണ്‍വന്‍ഷന്‍ സമാപിക്കും. എല്ലാദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ രാത്രി എട്ടുവരെയാണ് കണ്‍വന്‍ഷന്‍. ഫാ. ഡാനിയേല്‍ പൂവണ്ണത്തിലും സംഘവും നേതൃത്വം നല്‍കും.
