News - 2025
പാഴാക്കുന്ന ഭക്ഷണം പാവപ്പെട്ടവന്റെ അന്നം: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 21-10-2019 - Monday
റോം: നാം കൂട്ടിവയ്ക്കുന്നതും, ചിലപ്പോള്‍ പൂഴ്ത്തിവയ്ക്കുന്നതും,പാഴാക്കിക്കളയുന്നതുമായ ഭക്ഷണ സാധനങ്ങള്‍ പാവപ്പെട്ടവന്‍റെ അന്നമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ആഗോള ഭക്ഷ്യദിനത്തില്‍ യുഎന്നിന്‍റെ റോമിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടനയുടെ (F.A.O.) ഡയറക്ടര്‍ ജനറല്‍ ഷീ ഡോങ്യൂവിന് അയച്ച സന്ദേശത്തിലാണ് ഈ പരാമര്‍ശം. സൃഷ്ടിയുടെ ഫലങ്ങളിലാണ് നമ്മുടെ ജീവിതം ആശ്രിയിച്ചിരിക്കുന്നതെന്നും അവ ഒരിക്കലും ക്രമക്കേടായും, യാതൊരു നിയന്ത്രണവുമില്ലാതെയും ഉപയോഗിക്കുന്ന വസ്തുക്കളായി മാറരുതെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
ഒരു നല്ല ജീവിതക്രമം രൂപപ്പെടുത്തിക്കൊണ്ട് ആഹാരക്രമത്തിലെ ക്രമക്കേടുകള്‍ നിയന്ത്രിക്കാനാകും. അതിന്‍റെ പിന്നില്‍ ആത്മനിയന്ത്രണത്തിന്‍റയും, വിരക്തിയുടെയും, ഉപവാസത്തിന്‍റെയും, ഒപ്പം ഐക്യദാര്‍ഢ്യത്തിന്‍റെയും അരൂപിയുണ്ട്. മാനവികതയുടെ ചരിത്രത്തില്‍ ഉടനീളം തെളിഞ്ഞുനില്ക്കുന്ന ഈ പുണ്യങ്ങള്‍ നമ്മെ മിതത്വമുള്ള ജീവിതത്തിനും, മറ്റുള്ളവരുടെ, വിശിഷ്യ പട്ടിണി അനുഭവിക്കുന്ന സഹോദരങ്ങളെക്കുറിച്ച് അവബോധമുള്ളവരായി ജീവിക്കാനും സഹായിക്കുന്നു. സ്വാര്‍ത്ഥതയും വ്യക്തി മാഹാത്മ്യ ചിന്തകളും ഒഴിവാക്കുവാനും അതു നമുക്ക് അത് ഉത്തേജനംപകരും.
മനുഷ്യന്‍റെ ഭക്ഷണത്തിന് സാമൂഹികവും സാംസ്കാരികവും പ്രതീകാത്മകവുമായ ഒരു അര്‍ത്ഥമുണ്ട്. എന്നാല്‍ അത് വെറും ഉപഭോഗവസ്തുവോ കച്ചവടസാധനമോ ആയി തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്. അങ്ങിനെ ലാഭത്തിന്‍റെയും കമ്പോളത്തിന്‍റെയും യുക്തിഭദ്രത നിലനിര്‍ത്തുന്നിടത്തോളം കാലം ലോകത്തു വര്‍ദ്ധിച്ചുവരുന്ന വിശപ്പിനും പോഷക കുറവിനും എതിരായ യുദ്ധത്തിന് അറുതിയുണ്ടാവില്ല. എവിടെയും എപ്പോഴും പ്രഥമ ഉത്ക്കണ്ഠ മനുഷ്യരെക്കുറിച്ചായിരിക്കണം. ആവശ്യത്തിനു ഭക്ഷണമില്ലാതെ ജീവിക്കുന്ന സ്ത്രീ- പുരുഷന്മാര്‍ക്കും കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങളെയും സാമൂഹിക ബന്ധങ്ങളെയും കൈകാര്യംചെയ്യുവാന്‍ ഏറെ പരിമിതികളുണ്ട്.
അതിനാല്‍ മനുഷ്യനു മുന്‍തൂക്കം നല്കിക്കൊണ്ടു പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹിക സഹായ പദ്ധതികള്‍ക്കും വികസന പരിപാടികള്‍ക്കും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നതിലും കൂടുതല്‍ ഫലപ്രാപ്തിയുണ്ടാകും. ലോകത്തിന്‍റെ ചില ഭാഗങ്ങളില്‍ ഭക്ഷണം പാഴാക്കിക്കളയുകയും, നശിപ്പിച്ചുകളയുകയും ചെയ്യുമ്പോള്‍, മറ്റിടങ്ങളില്‍ അത് അമിതമായി ഉപയോഗിക്കുകയോ, മറ്റു ചില ആവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. ഈ വലയത്തില്‍നിന്നും രക്ഷപ്പെടാന്‍ അടിസ്ഥാനപരമായ ഭക്ഷ്യസ്രോതസ്സുക്കളിലേയ്ക്ക് എത്തിപ്പെടാന്‍ കരുത്തുള്ള സാമ്പത്തിക സ്ഥാപനങ്ങളെയും സാമൂഹിക പ്രസ്ഥാനങ്ങളെയും വളര്‍ത്തിയെടുക്കണമെന്നും പാപ്പ കത്തില്‍ ഓര്‍മ്മിപ്പിച്ചു.
![](/images/close.png)