Life In Christ - 2024

ഗര്‍ഭഛിദ്രത്തിനെതിരെ ‘മരിയന്‍ ബ്ലൂ വേവ്’ ക്യാംപെയിന്‍: പങ്കുചേരാന്‍ ആഹ്വാനവുമായി ബിഷപ്പ് സ്ട്രിക്ക്ലാന്‍ഡ്

സ്വന്തം ലേഖകന്‍ 23-10-2019 - Wednesday

ടൈലര്‍, ടെക്സാസ്: ഗര്‍ഭഛിദ്രത്തിനെതിരെ ‘അമേരിക്കന്‍ ലൈഫ് ലീഗ്’ (എ.എല്‍.എല്‍) തുടങ്ങിവെച്ച 'മരിയന്‍ ബ്ലൂ വേവ്' ക്യാംപെയിനില്‍ പങ്കുചേര്‍ന്നു ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ടെക്സാസിലെ ടൈലര്‍ ബിഷപ്പ് ജോസഫ് സ്ട്രിക്ക്ലാന്‍ഡ്. ഫാത്തിമയില്‍ ദൈവമാതാവ് അവസാനമായി പ്രത്യക്ഷപ്പെട്ടതിന്റെ 102-മത് വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് പുറത്തുവിട്ട ലഘു വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മെത്രാന്റെ ആഹ്വാനം. ശക്തമായ പ്രാര്‍ത്ഥന വഴി ഭ്രൂണഹത്യ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയാണ് ‘മരിയന്‍ ബ്ലൂ വേവ്’ പ്രചാരണ പരിപാടിയുടെ പ്രധാന ലക്ഷ്യം.

ദൈവമാതാവ് നമുക്ക് നല്‍കിയ മനോഹര സമ്മാനമായ ജപമാലയില്‍ വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ജപമാല ചൊല്ലുവാനുള്ള ആഹ്വാനമാണ് ‘മരിയന്‍ ബ്ലൂ വേവ്’ എന്നു വീഡിയോയില്‍ ബിഷപ്പ് പറയുന്നു. യേശുക്രിസ്തുവിലുള്ള ആശ്രയത്വമെന്ന അടിസ്ഥാന സന്ദേശം ആവര്‍ത്തിച്ചുകൊണ്ടും, പിതാവായ ദൈവത്തിന്റെ ഇഷ്ടം ആരായുകയും, ദൈവജനമായ നമുക്ക് വേണ്ടി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ജപമാലയെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

മരിയന്‍ ബ്ലൂ വേവില്‍ പങ്കെടുക്കുക വഴി ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെയുള്ള ജീവന്റെ സംരക്ഷണത്തിനു പുറമേ, സഭക്കും ഇന്നത്തെ ലോകത്തിനു വേണ്ടി കൂടിയാണ് നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതെന്ന്‍ മെത്രാന്‍ വ്യക്തമാക്കി. ചരിത്രത്തിലുടനീളം നോക്കിയാല്‍ ദൈവമാതാവ് നിരവധി തവണ നമ്മോടു പ്രാര്‍ത്ഥിക്കുവാന്‍, പ്രത്യേകിച്ച് ജപമാല ചൊല്ലുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ വിശുദ്ധ ലിഖിതങ്ങളിലെ രഹസ്യങ്ങളിലേക്കുള്ള ഈ വിചിന്തനത്തിലേക്ക് പ്രവേശിക്കുവാനും, അങ്ങനെ മരിയന്‍ ബ്ലൂ വേവില്‍ പങ്കെടുക്കുവാനും അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് ബിഷപ്പ് ജോസഫിന്റെ വീഡിയോ അവസാനിക്കുന്നത്.

ഗര്‍ഭഛിദ്ര അനുകൂല നിയമത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കുവോമോ ഒപ്പുവെച്ച് ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം നടത്തിയ “നമുക്ക് പ്രാര്‍ത്ഥിക്കുകയും, ഒരു മരിയന്‍ ബ്ലൂ വേവിനായി പ്രവര്‍ത്തിക്കുകയും ചെയ്യാം” എന്ന ട്വീറ്റില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് അമേരിക്കയിലെ കത്തോലിക്കാ പ്രോലൈഫ് സംഘടനയായ ‘അമേരിക്കന്‍ ലൈഫ് ലീഗ് മരിയന്‍ ബ്ലൂ വേവ് ക്യാംപെയിന് തുടക്കം കുറിച്ചത്.


Related Articles »