News - 2024

അഴിമതിക്കെതിരെ സന്ധിയില്ല സമരവുമായി കെനിയന്‍ മെത്രാന്മാര്‍

സ്വന്തം ലേഖകന്‍ 26-10-2019 - Saturday

നകുരു, കെനിയ: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയുടെ തീരാശാപമായ അഴിമതിക്കെതിരായ പോരാട്ടത്തില്‍ പങ്കുചേര്‍ന്നു കത്തോലിക്കാ മെത്രാന്മാര്‍. ദേശവ്യാപകമായി ആറു മാസം നീണ്ടുനില്‍ക്കുന്ന അഴിമതി വിരുദ്ധ പ്രചാരണ പരിപാടിക്കാണ് “അഴിമതിയുടെ ചങ്ങലകള്‍ തകര്‍ക്കുക” മുഖ്യ പ്രമേയത്തെ ആസ്പദമാക്കി ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി സഭാ പ്രവര്‍ത്തനങ്ങള്‍ക്കും സുതാര്യത വരുത്തുവാന്‍ മെത്രാന്മാര്‍ തീരുമാനിച്ചു. ദേവാലയങ്ങളില്‍ രാഷ്ട്രീയക്കാര്‍ നല്‍കുന്ന സംഭാവനകള്‍ പണമായി സ്വീകരിക്കുന്നതിന് പകരം ഓണ്‍ലൈന്‍ ആയോ ചെക്കായോ സ്വീകരിക്കുവാനും ധാരണയായിട്ടുണ്ട്.

ഒക്ടോബര്‍ അഞ്ചിന് നകുരു പ്രവിശ്യയിലെ സുബുകിയയിലെ മേരി മദര്‍ ഓഫ് ഗോഡ് ദേവാലയത്തില്‍വെച്ച് നടന്ന പ്രാര്‍ത്ഥനക്കിടയിലാണ് മെത്രാന്‍മാര്‍ അഴിമതിവിരുദ്ധ പ്രഖ്യാപനം നടത്തി പ്രതിജ്ഞയില്‍ ഒപ്പുവെച്ചത്. കൈയില്‍ കുരിശുമായി പ്രദക്ഷിണമായിട്ട് അള്‍ത്താരയില്‍ എത്തിയ മെത്രാന്മാര്‍ മുട്ടുകുത്തി നിശബ്ദമായി പ്രാര്‍ത്ഥിച്ച ശേഷം അഴിമതിക്കെതിരെ വിശ്രമമില്ലാതെ പോരാടുവാനുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിച്ചുകൊണ്ട് ദേശീയ മെത്രാന്‍ സമിതിയുടെ (കെ.സി.സി.ബി) ചെയര്‍മാനായ ഫിലിപ്പ് അന്യോലോ മെത്രാപ്പോലീത്ത നല്‍കിയ രേഖയില്‍ ഒപ്പുവെച്ചു.

അഴിമതി കുടുംബങ്ങളേയും ഹൃദയങ്ങളേയും തടവിലാക്കിയിരിക്കുകയാണെന്നും അഴിമതിയെ പിഴുതുമാറ്റുവാന്‍ രാജ്യം ഒന്നിക്കേണ്ട സമയമായെന്നും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. അഴിമതിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി എല്ലാ ദേവാലയത്തിലും അഴിമതിക്കെതിരെ പരാതിപ്പെടുവാനുള്ള സൗകര്യമൊരുക്കുവാനും, ഇതിനെ കുറിച്ച് റെക്കോര്‍ഡ് സൂക്ഷിക്കുവാനും ധാരണയായിട്ടുണ്ട്. ആറുമാസക്കാലം എല്ലാ ഞായറാഴ്ചകളിലും ദേവാലയങ്ങളില്‍ മാമ്മോദീസ വാഗ്ദാനം പുതുക്കുന്ന പരിപാടിക്കും പദ്ധതിയിട്ടിട്ടുണ്ട്.


Related Articles »