News - 2025

വത്തിക്കാന്‍ സഭൈക്യ സംവാദം നിരീക്ഷകനായി ഫാ. ജിജി പുതുവീട്ടില്‍കളം നിയമിതനായി

31-10-2019 - Thursday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നവംബര്‍ 21, 22 തീയതികളില്‍ അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ പ്രതിനിധികളുമായി വത്തിക്കാന്‍ നടത്തുന്ന അന്തര്‍ദേശീയ സഭൈക്യ സംവാദത്തിന്റെ നിരീക്ഷകനായി കേരളത്തില്‍നിന്നുള്ള ഈശോസഭാംഗമായ ഫാ. ജിജി പുതുവീട്ടില്‍ക്കളത്തെ വത്തിക്കാനിലെ സഭൈക്യത്തിനു വേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ നിയമിച്ചു. വത്തിക്കാനില്‍ നടക്കുന്ന സുപ്രധാനമായ ഈ സംവാദത്തില്‍ ഇരുസഭകളില്‍നിന്നുമായി സഭാതലവന്മാരും ദൈവശാസ്ത്രജ്ഞരുമടക്കം പത്ത് പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

മാര്‍ അഫ്രേം മൂക്കന്‍ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ തൃശൂര്‍ കേന്ദ്രമായുള്ള കല്‍ദായ സുറിയാനി സഭയുടെ പ്രതിനിധിയും അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റിന്റെ ഭാഗം എന്ന നിലയില്‍ കേരളത്തില്‍ നിന്നും ഈ സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്. ആരാധനാക്രമ ശൈലിയില്‍ സീറോ-മലബാര്‍ സഭയോട് ഏറെ സമാനതകള്‍ പുലര്‍ത്തുന്ന അസീറിയന്‍ ചര്‍ച്ച് ഓഫ് ഈസ്റ്റ് കല്‍ദായ ആരാധനക്രമ പാരമ്പര്യം പിന്തുടരുന്ന സഭയാണ്. 2017 -ല്‍ കൂദാശാ ജീവിതത്തെപ്പറ്റി ഇരു സഭകളും തമ്മില്‍ ഔദ്യോഗിക ധാരണാപത്രം ഒപ്പു വച്ചതിനു ശേഷം നടക്കുന്ന സഭൈക്യ സംവാദം എന്ന നിലയില്‍ ഈ കൂടിവരവിന് ഏറെ പ്രാധാന്യം ഉണ്ട് എന്ന് സഭാ നിരീക്ഷകര്‍ വിലയിരുത്തുന്നു.

2003 -ല്‍ ഈശോസഭയില്‍ പ്രവേശിച്ച ഫാ. ജിജി ഇപ്പോള്‍ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയിലും, ഇഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും ഡോക്ടറല്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. നിലവില്‍ സീറോ മലബാര്‍ സഭയുടെ സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മിറ്റി അംഗവും, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കണ്‍സല്‍ട്ടറുമായ ഫാ. ജിജിയെ കാത്തോലിക്കാ-ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുമായുള്ള ലബനോനിൽ വച്ചുനടക്കുന്ന സഭൈക്യ സംവാദത്തിന്റെ നിരീക്ഷകനായി ഈ കഴിഞ്ഞ ജൂലൈയില്‍ മാര്‍പാപ്പ നിയമിച്ചിരുന്നു.

2017 ആഗസ്റ്റ് 19 -ന് വൈദിക പട്ടം സ്വീകരിച്ച ഫാ. ജിജി കുട്ടനാട് പുന്നക്കുന്നത്തുശേരിയിലെ പുതുവീട്ടില്‍ക്കളം പി.ടി.ജോസഫ്-ത്രേസ്യാമ്മ ദമ്പതികളുടെ നാലാമത്തെ മകനും ചങ്ങനാശേരി അതിരൂപതയിലെ ഫാ. റ്റെജി പുതുവീട്ടില്‍ക്കളത്തിന്റെ സഹോദരനുമാണ്.


Related Articles »