Life In Christ - 2025
പീഡിത ക്രൈസ്തവരെ സഹായിക്കാൻ ഹംഗറിയുടെ നേതൃത്വത്തിൽ പുതിയ കൂട്ടായ്മ
സ്വന്തം ലേഖകന്‍ 31-10-2019 - Thursday
റോം: ലോകമെമ്പാടും പീഡനമേൽക്കുന്ന ക്രൈസ്തവരെ സഹായിക്കുവാനായി അന്താരാഷ്ട്രതലത്തിൽ കൂട്ടായ്മയുണ്ടാക്കുവാൻ പദ്ധതിയുണ്ടെന്ന് പീഡിത ക്രൈസ്തവ സമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടി നിയമിക്കപ്പെട്ട ഹംഗറിയുടെ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബെജ്. ക്രൈസ്തവ വിശ്വാസികളാണ് ലോകത്തിൽ ഏറ്റവും പീഡനങ്ങൾക്ക് വിധേയരാകുന്ന സമൂഹമെന്നു വത്തിക്കാൻ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് അടുത്ത മാസം നടക്കാനിരിക്കുന്ന സമ്മേളനത്തിൽ ക്രൈസ്തവരെയും, മറ്റ് മത ന്യൂനപക്ഷങ്ങളെയും സഹായിക്കുവാനായി ഒരു അന്താരാഷ്ട്ര കൂട്ടായ്മ രൂപീകരിക്കാൻ ശ്രമിക്കുന്നതെന്നും ട്രിസ്റ്റൺ ആസ്ബെജ് പറഞ്ഞു.
സർക്കാരുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നാൽ പശ്ചിമേഷ്യയിലെയും, ആഫ്രിക്കയിലെയും, മറ്റു പ്രദേശങ്ങളിലേയും ക്രൈസ്തവരുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന സഹായങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ അമേരിക്ക, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ് ഹംഗറി സന്നദ്ധ സഹായ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ ചെക്ക് റിപ്പബ്ലിക്കിന്റെയും, സ്ലോവാക്യയുടെയും സഹകരണവും വരുംനാളുകളിൽ ഹംഗറി പ്രതീക്ഷിക്കുന്നുണ്ട്.
സഹായങ്ങൾ നൽകുന്നതിലൂടെ പീഡിത ക്രൈസ്തവ സമൂഹത്തിന് അവരവരുടെ സ്വന്തം രാജ്യത്തു തന്നെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കാനും, അതുവഴി കുടിയേറ്റം കുറയ്ക്കാനുമാണ് ഹംഗറി പ്രധാനമായും ലക്ഷ്യമിടുന്നത്. കെട്ടിടങ്ങള്‍, സ്കൂളുകള്‍, ദേവാലയങ്ങള്‍ തുടങ്ങിയവ പുനർനിർമ്മിക്കാനും, നവീകരിക്കാനുമായി വലിയ സാമ്പത്തിക സഹായങ്ങൾ ഹംഗറി ഇതിനോടകം നിരവധി മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. ചൊവ്വാഴ്ച ബുഡാപെസ്റ്റിൽ നടന്ന സമ്മേളനത്തിൽ ക്രൈസ്തവർക്ക് നൽകിവരുന്ന സഹായങ്ങൾക്ക് ക്രൈസ്തവ നേതാക്കൾ ഹംഗറിയോട് നന്ദി രേഖപ്പെടുത്തിയിരിന്നു.