News - 2025
വത്തിക്കാന്‍-ചൈന കരാര്‍ യാഥാര്‍ത്ഥ്യമോ? ചോദ്യമുയര്‍ത്തി തായ്‌വാന്‍ റീജിയണല്‍ മെത്രാന്‍ സമിതി സെക്രട്ടറി
സ്വന്തം ലേഖകന്‍ 31-10-2019 - Thursday
തായ്പേയി: മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും ചൈനയും തമ്മിലുള്ള കരാര്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ, അതോ ആളുകളുടെ മനസ്സുകളില്‍ മാത്രം ഉള്ളതാണോ എന്ന സംശയമുയര്‍ത്തി തായ്‌വാന്റെ ചുമതലയുള്ള ചൈനീസ് റീജിയണല്‍ മെത്രാന്‍ സമിതിയുടെ സെക്രട്ടറി ജനറല്‍ ഫാ. ഓട്ട്ഫ്രൈഡ് ചാന്‍. ഇക്കഴിഞ്ഞ ഒക്ടോബര്‍ 24-ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഈ സംശയം മുന്നോട്ട് വെച്ചത്.
വത്തിക്കാന്‍-ചൈന കരാര്‍ വെറും വാക്കുകളുടെ കൈമാറ്റം മാത്രമായിരുന്നുവെന്നും, ഔദ്യോഗികമായി രേഖപ്പെടുത്തിട്ടില്ലെന്നുമുള്ള ഊഹാപോഹങ്ങളുള്ളതായി താന്‍ കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും രേഖകളില്‍ ബെയ്ജിംഗ് ഒപ്പുവെച്ചിട്ടുണ്ടെങ്കില്‍ ചൈനയിലെ ക്രൈസ്തവര്‍ പീഡനം ഏറ്റുവാങ്ങേണ്ടി വരുന്നത് തുടരില്ലായെന്ന് അദ്ദേഹം വ്യക്തമാക്കി. രേഖാമൂലമുള്ള കരാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ബെയ്ജിംഗ് അതിനോട് യോജിക്കുമായിരുന്നുവെന്നു സൂചിപ്പിച്ച അദ്ദേഹം കരാറിനെ അനുകൂലിച്ചും, പ്രതികൂലിച്ചും വത്തിക്കാന്‍ അധികാരികള്‍ രംഗത്ത് വന്നുവെങ്കിലും ചൈന ഇതിനെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി.
തായ്പേയിയുമായുള്ള നയതന്ത്രബന്ധം വത്തിക്കാന്‍ ഉപേക്ഷിച്ചാല്‍ ചൈന വത്തിക്കാനുമായി അടുക്കുമോ എന്ന ചോദ്യത്തിന്, നയതന്ത്രബന്ധത്തില്‍ മാറ്റം വന്നാലും തായ്‌വാനിലെ കത്തോലിക്കരെ വത്തിക്കാന്‍ ഉപേക്ഷിക്കുകയില്ലെന്ന ബോധ്യമുണ്ടെന്നാണ് ഫാ. ഓട്ട്ഫ്രൈഡിന്റെ പ്രതികരണം. ചൈനയില്‍ റോമന്‍ കത്തോലിക്ക മെത്രാന്‍മാരെ നിയമിക്കുന്നതില്‍ മാര്‍പാപ്പയ്ക്കു കൂടി അവകാശം നല്‍കുന്ന ചൈന-വത്തിക്കാന്‍ കരാര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 22-നാണ് നിലവില്‍ വന്നത്.
ബെയ്ജിംഗില്‍വെച്ച് ഒപ്പിട്ട ഈ കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ഒരു വര്‍ഷമാകാന്‍ ദിവസങ്ങള്‍ ശേഷിക്കേ ജിന്നിംഗ് നഗരത്തിലെ ഔര്‍ ലേഡി ഓഫ് റോസറി കത്തീഡ്രലില്‍വെച്ച് ആദ്യ മെത്രാന്‍ സ്ഥാനാരോഹണം നടന്നിരിന്നു.
![](/images/close.png)