India - 2025
മന്ത്രിസഭാ തീരുമാനം കേരള സമൂഹമനഃസാക്ഷിയോടുള്ള വെല്ലുവിളി: കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്
03-11-2019 - Sunday
കൊച്ചി: കലാലയ രാഷ്ട്രീയത്തിനു നിയമസാധുത നല്‍കുന്ന പുതിയ നിയമനിര്‍മാണത്തിനുള്ള മന്ത്രിസഭാ തീരുമാനം പ്രതിഷേധാര്‍ഹവും കേരളത്തിലെ സമൂഹമനഃസാക്ഷിയോടുള്ള വെല്ലുവിളിയുമാണെന്നു കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്. കലാലയരാഷ്ട്രീയം നിരോധിച്ചുള്ള ഹൈക്കോടതി വിധിയെ മറികടക്കാനാണു സര്‍ക്കാര്‍ പുതിയനിയമം കൊണ്ടുവരുന്നത്. കേന്ദ്ര സര്‍വകലാശാലയും കല്‍പിത സര്‍വകലാശാലകളും സ്വാശ്രയകോളജുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിലും കക്ഷി രാഷ്ട്രീയാടിസ്ഥാനത്തിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കു നിയമപരിരക്ഷ നല്‍കുന്ന പുതിയ നിയമം കേരളത്തിലെ കലാലയങ്ങളെ കലാപശാലകളാക്കി മാറ്റും.
ഈ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരേ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും നിയമപോരാട്ടം നടത്താനും ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി തീരുമാനിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോഷി വടക്കന്‍, ട്രഷറര്‍ ജോസ് ആന്റണി, സിബി വലിയമറ്റം, മാത്യു ജോസഫ്, എം. ആബേല്‍, ഡി. ആര്‍. ജോസ്, ഷാജി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
