India - 2025
ഞായറാഴ്ചകളില്‍ സ്‌കൂള്‍ മേളകള്‍ സംഘടിപ്പിക്കുന്നതിനെതിരെ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്
സ്വന്തം ലേഖകന്‍ 20-10-2017 - Friday
കൊച്ചി: സ്‌കൂള്‍ മേളകള്‍ ഞായറാഴ്ചകളില്‍ സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ പ്രതിഷേധവുമായി കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാന സമിതി. അഞ്ചു ദിവസം ദൈര്‍ഘ്യമുള്ള സംസ്ഥാനതല മേളകള്‍ക്കു മാത്രമാണ് മുന്‍ വര്‍ഷങ്ങളില്‍ ഞായറാഴ്ച ഉള്‍പ്പെടുത്താറുള്ളത്. എന്നാല്‍ ഇക്കുറി വിവിധ ഉപജില്ല, റവന്യൂ ജില്ലാതല സ്‌കൂള്‍ മേളകള്‍ ഞായറാഴ്ചകളില്‍ സംഘടിപ്പിക്കുകയാണെന്ന്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി.
ഞായറാഴ്ചകളില്‍ ക്രിസ്തീയ വിശ്വാസികളായ അധ്യാപകരും കുട്ടികളും ആരാധനയിലും മതപഠന ക്ലാസുകളിലും ചെലവഴിക്കുന്ന ദിനമാണ്. അന്നു മേളകള്‍ നടത്തുന്നതുമൂലം അവര്‍ക്കു മതപരമായ കാര്യങ്ങളില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വരുന്നു. സര്‍ക്കാരിന്റെ ഈ നയം അംഗീകരിക്കാനാവില്ല. കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ജില്ലകളില്‍ മേളകള്‍ ഉണ്ടായിരുന്നു. എട്ടിനും വിവിധ ഉപജില്ലകളില്‍ മേളകള്‍ നടത്തി.
വിദ്യാഭ്യാസ സംരക്ഷണ യത്‌നത്തിന്റെ മറവില്‍ ഞായറാഴ്ച മേളകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ശക്തമായി പ്രതികരിക്കും. അധ്യാപക പരിശീലന പരിപാടികളും ഞായറാഴ്ചകളില്‍ നടത്തുന്നത് തടസമാണ്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും ടീച്ചേഴ്‌സ് ഗില്‍ഡ് ചൂണ്ടിക്കാട്ടി. 21, 22 തീയതികളില്‍ സംസ്ഥാന നേതൃത്വ ക്യാമ്പ് ആലപ്പുഴ കര്‍മസദന്‍ പാസ്റ്ററല്‍ സെന്ററില്‍ നടത്താനും യോഗം തീരുമാനിച്ചു.
ആലപ്പുഴ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി യോഗത്തില്‍ പ്രസിഡന്റ് സാലു പതാലില്‍ അധ്യക്ഷത വഹിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കല്‍, സംസ്ഥാന സെക്രട്ടറി ജോഷി വടക്കന്‍, ജോസ് ആന്റണി, ജെയിംസ് കോശി, എം. ആബേല്‍, ഡി.ആര്‍. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
