News - 2025
ലോകത്തെ മികച്ച അധ്യാപകന്‍ ബ്രദര്‍ തബിച്ചി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍ 11-01-2020 - Saturday
വത്തിക്കാന്‍ സിറ്റി: ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള ‘ഗ്ലോബല്‍ ടീച്ചര്‍ പ്രൈസ്’ പുരസ്കാരം നേടി ജനശ്രദ്ധയാകര്‍ഷിച്ച ഫ്രാന്‍സിസ്കന്‍ സന്യാസി പീറ്റര്‍ തബിച്ചി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ജനുവരി എട്ടിനാണ് പാപ്പയുമൊത്തുള്ള ചിത്രം ബ്രദര്‍ പീറ്റര്‍ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. സാന്താ മാര്‍ത്തയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പാപ്പ തന്നോടു പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിച്ചെന്ന് അദ്ദേഹം വെളിപ്പെടുത്തി. തിരികെ തനിക്കും എല്ലാ അധ്യാപകര്‍ക്കും പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിച്ചെന്നും ട്വീറ്റില്‍ പറയുന്നു.
കെനിയന്‍ സ്വദേശിയായ ബ്രദര്‍ പീറ്റര്‍ കെനിയയിലെ പവാനി ഗ്രാമത്തിലെ റിഫ്റ്റ് വാലിയിലെ സെക്കണ്ടറി സ്കൂളിലെ കണക്ക്-സയന്‍സ് അദ്ധ്യാപകനാണ്. തന്റെ വരുമാനത്തിന്റെ എണ്‍പതു സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചിലവഴിക്കുന്നത്. ഇദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നു സ്കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ദേശീയവും, അന്തര്‍ദേശീയവുമായ ശാസ്ത്രമത്സരങ്ങളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 16-ന് ബ്രദര്‍ തബിച്ചി അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.