News - 2025
ലോകത്തെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാര്‍ഡ് കെനിയയിലെ ഫ്രാന്‍സിസ്കന്‍ സഭാംഗത്തിന്
സ്വന്തം ലേഖകന്‍ 25-03-2019 - Monday
ദുബായ്: തന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റിവെച്ച് ആയിരങ്ങള്‍ക്ക് അറിവ് പകര്‍ന്ന കെനിയന്‍ ശാസ്ത്ര അദ്ധ്യാപകനും ഫ്രാന്‍സിസ്കന്‍ സഭാംഗവുമായ ബ്രദര്‍ പീറ്റര്‍ താബിച്ചി ലോകത്തെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ഈവര്‍ഷത്തെ ഗ്ലോബല്‍ ടീച്ചര്‍ പുരസ്കാരത്തിനര്‍ഹനായി. പത്തുലക്ഷം അമേരിക്കന്‍ ഡോളര്‍ (£ 7,60,000) ആണ് പുരസ്കാര തുക. 179 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം അദ്ധ്യാപകരെ പിന്തള്ളിയാണ് ബ്രദര്‍ പീറ്റര്‍ ഈ പുരസ്കാരത്തിനര്‍ഹനായത്.
കെനിയയിലെ റിഫ്റ്റ്വാലിയിലെ നാകുരുവിലുള്ള വിദൂര ഗ്രാമമായ പവാനിയിലെ ഇല്ലായ്മകള്‍ നിറഞ്ഞ കെരികോ മിക്സഡ് ഡേ സെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയ നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബ്രദര്‍ പീറ്ററിനെ പുരസ്കാരത്തിനര്‍ഹനാക്കിയത്. തന്റെ ശമ്പളത്തിന്റെ 80%വും സ്കൂളിലെ യൂണിഫോമോ, പുസ്തകങ്ങളോ വാങ്ങിക്കുവാന്‍ കഴിയാത്ത പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ചിലവഴിക്കുന്നത്. അടിസ്ഥാന സൗകര്യമില്ലായ്മയാണ് തങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന്‍ മുപ്പത്തിയാറുകാരനായ ബ്രദര്‍ പീറ്റര്‍ പറയുന്നു.
35 മുതല്‍ 40 വരെ കുട്ടികളെ ഉള്‍കൊള്ളുവാന്‍ കഴിയുന്ന ക്ലാസ്സ് മുറികളില്‍ 7 മുതല്‍ 80 വരെ കുട്ടികള്‍ തിങ്ങിനിറഞ്ഞാണ് പഠിക്കുന്നത്. പ്രാദേശിക സമൂഹങ്ങളെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കി നല്‍കുന്നതും പഠനം മതിയാക്കുവാന്‍ സാധ്യതയുള്ള കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കുകയും അവരുടെ മാതാപിതാക്കളെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കുകയും താന്‍ നേരിട്ട വെല്ലുവിളികളുടെ ഭാഗമായിരുന്നുവെന്ന് ബ്രദര്‍ പീറ്റര്‍ പറഞ്ഞു.
ദുബായി ആസ്ഥാനമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സണ്ണി വര്‍ക്കി ഫൗണ്ടേഷനാണ് ഗ്ലോബല്‍ ടീച്ചര്‍ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുബായിയില്‍ വെച്ച് പ്രമുഖരുടെ സാന്നിധ്യത്തില്‍ വെച്ചുനടന്ന പുരസ്കാര പ്രഖ്യാപന ചടങ്ങില്‍ അവതാരകനായിരുന്നത് ഓസ്ട്രേലിയന്‍ നടനായ ഹഗ് ജാക്ക്മാനായിരുന്നു. അതേസമയം ബ്രദര്‍ പീറ്ററിനെ അഭിനന്ദിച്ചു കെനിയന്‍ പ്രസിഡന്റ് ഉഹുരു കെന്യാട്ടായും രംഗത്തെത്തിയിട്ടുണ്ട്.