News - 2024

തകര്‍ത്ത കത്തോലിക്ക ദേവാലയത്തിന് നഷ്ടപരിഹാരവുമായി ചൈനീസ് സർക്കാർ

സ്വന്തം ലേഖകന്‍ 06-11-2019 - Wednesday

ബെയ്ജിംഗ്: വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തിന് ഒടുവില്‍ തകർക്കപ്പെട്ട കത്തോലിക്കാ ദേവാലയത്തിന് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് ചൈനീസ് ഭരണകൂടം. സര്‍ക്കാര്‍ അനുമതിയോടു കൂടി പ്രവര്‍ത്തിച്ചിരിന്ന ഹെബേയി ജില്ലയിലെ ഗുവാന്റാവോയില്‍ തകർക്കപ്പെട്ട ദേവാലയത്തിനാണ് നഷ്ടപരിഹാരം വാഗ്ദാനം ചെയ്ത് സർക്കാർ രംഗത്തെത്തിയിരിക്കുന്നത്. കെട്ടിടാനുമതി ഇല്ലെന്ന് പറഞ്ഞാണ് പ്രാദേശിക ഭരണകൂടം നേരത്തെ ദേവാലയം തകർത്തത്. ഈ സമയം നിരവധി വിശ്വാസികൾ ദേവാലയത്തിനു ചുറ്റും അണിനിരന്ന്‍ ബാരിക്കേഡ് തീർത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയ്ക്കു വഴിതെളിയിച്ചിരിന്നു.

ഹൻഡൻ രൂപതയിലെ വൈദികരും വിശ്വാസികളോടൊപ്പം ദേവാലയ പരിസരത്ത് സംഘടിച്ചത് അധികൃതര്‍ക്കു തലവേദനയായി. തുടര്‍ന്നു വൈദികരും വിശ്വാസികളും, സർക്കാർ പ്രതിനിധികളും തമ്മിൽ ദീർഘ നേരം നീണ്ട ചർച്ചകൾക്കൊടുവിലാണ് തകർത്ത ദേവാലയത്തിന് നഷ്ടപരിഹാരമായി മറ്റൊരിടത്ത് ദേവാലയം പണിയുവാനായി സ്ഥലവും, സാമ്പത്തിക സഹായവും നൽകാമെന്ന് ചൈനീസ് സർക്കാർ അറിയിച്ചത്. രൂപത വളരുന്നതിൽ ഭീതി പൂണ്ടാണ് വു ഗാവോ സാങിലെ ദേവാലയം സർക്കാർ തകർത്തതെന്ന് ഹൻബാൻ രൂപതയിലെ വൈദികൻ യുസിഎ ന്യൂസിനോട് പറഞ്ഞു.

ഒരു വർഷം മുമ്പാണ് വു ഗാവോ സാങിൽ ദേവാലയം വിശ്വാസികൾക്കായി തുറന്നു കൊടുത്തത്. ഇടവക ജനത്തിന്റെ മുന്‍പുണ്ടായിരുന്ന ദേവാലയം തീരെ ചെറുതായതിനാലാണ് പണം മുടക്കി കൃഷി സ്ഥലം വാങ്ങി ദേവാലയം നിർമ്മിച്ചത്. ചൈനീസ് ഉദ്യോഗസ്ഥരുടെ വാക്കാലുള്ള ഉറപ്പ് ഉണ്ടായിരുന്നെങ്കിലും, ഒരു ആരാധനാലയയമായി പ്രവർത്തിക്കാനുള്ള അനുമതി പ്രസ്തുത ദേവാലയത്തിന് സർക്കാരിന്റെ മതകാര്യ വകുപ്പ് നൽകിയിരുന്നില്ലായെന്നു റിപ്പോര്‍ട്ടുണ്ട്. ഇങ്ങനെ പല ദേവാലയങ്ങൾക്കും മതകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ സർക്കാരിന് ഏത് നിമിഷം വേണമെങ്കിലും അവ തകർക്കാൻ സാധിക്കുമെന്ന ശുപാര്‍ശയുടെ മറവിലാണ് അധികൃതര്‍ കഴിഞ്ഞ നാളുകളില്‍ ദേവാലയം തകര്‍ത്തത്.


Related Articles »