India - 2024

എറണാകുളം - അങ്കമാലി അതിരൂപതയില്‍ സേവനം ചെയ്ത മെത്രാന്മാര്‍ക്കു യാത്രയയപ്പ്

07-11-2019 - Thursday

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയില്‍ സേവനം ചെയ്ത ബിഷപ്പുമാരായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കു യാത്രയയപ്പ് ഇന്ന്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഉച്ചകഴിഞ്ഞു മൂന്നിനു കൃതജ്ഞതാബലിയും സമ്മേളനവും നടക്കും. 2018 ജൂണ്‍ 23 മുതല്‍ 2019 ജൂണ്‍ 27 വരെ അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി സേവനം ചെയ്ത മാര്‍ ജേക്കബ് മനത്തോടത്ത്, പാലക്കാട് രൂപത മെത്രാനായി ശുശ്രൂഷ തുടരുകയാണ്.

17 വര്‍ഷം അതിരൂപതയില്‍ സഹായമെത്രാനായി സേവനം ചെയ്ത ശേഷമാണു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മാണ്ഡ്യ രൂപത മെത്രാനായി ചുമതലയേറ്റത്. 2002 മുതല്‍ 2019 വരെ ഇദ്ദേഹം എറണാകുളത്തു സേവനം ചെയ്തു. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനു മാണ്ഡ്യ മെത്രാനായി മാര്‍ എടയന്ത്രത്ത് ചുമതലയേറ്റെടുത്തു. അതിരൂപതയുടെ സഹായമെത്രാനായി 2013 മുതല്‍ 2019 വരെ ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ശുശ്രൂഷ ചെയ്തു. ഫരീദാബാദ് രൂപതയുടെ പ്രഥമ സഹായമെത്രാനായി ഇദ്ദേഹം പത്തിനു ചുമതലയേറ്റെടുക്കും.

യാത്രയയപ്പിന്റെ ഭാഗമായി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ ഉച്ചകഴിഞ്ഞു മൂന്നിനാരംഭിക്കുന്ന കൃതജ്ഞതാബലിയില്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് മുഖ്യകാര്‍മികത്വം വഹിക്കും. അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍ വചനസന്ദേശം നല്‍കും. ബിഷപ്പുമാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ തോമസ് ചക്യത്ത്, മോണ്‍. വര്‍ഗീസ് ഞാളിയത്ത്, മോണ്‍. ആന്റണി പുന്നശേരി, മോണ്‍. ആന്റണി നരികുളം, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, വികാരി ജനറാള്‍ റവ.ഡോ. ജോസ് പുതിയേടത്ത് എന്നിവര്‍ സഹകാര്‍മികരാകും.

തുടര്‍ന്നു പൊതുസമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മെത്രാന്മാര്‍ക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ച് ആശംസകള്‍ നേരും. ബിഷപ്പ് മാര്‍ തോമസ് ചക്യത്ത്, മോണ്‍. വര്‍ഗീസ് ഞാളിയത്ത്, എസ്എബിഎസ് പ്രോവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി മാപ്പിളപറന്പില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി മിനി പോള്‍, ബസിലിക്ക വികാരി ഫാ. ഡേവിസ് മാടവന എന്നിവര്‍ പ്രസംഗിക്കും. അതിരൂപതയിലെ വൈദികര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍, കൈക്കാരന്മാര്‍, വൈസ് ചെയര്‍മാന്മാര്‍, സണ്‍ഡേ സ്‌കൂള്‍ പ്രധാനധ്യാപകര്‍, സന്യസ്ത സമൂഹങ്ങളിലെ സുപ്പീരിയര്‍മാര്‍, സംഘടനകളുടെ അതിരൂപത പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


Related Articles »