Life In Christ
എഴുപതു വർഷത്തിനു ശേഷം ആദ്യമായി ചൈനയില്‍ പൊതുവേദിയിൽ പൗരോഹിത്യ സ്വീകരണം
സ്വന്തം ലേഖകന്‍ 01-11-2019 - Friday
ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് ചൈനയില്‍ എഴുപതു വർഷത്തിനു ശേഷം ഇതാദ്യമായി പൊതുവേദിയിൽ പൗരോഹിത്യ സ്വീകരണം നടന്നു. വിശുദ്ധ ശിമയോന്റെയും, യൂദായുടെയും തിരുനാൾ ദിനത്തില്‍ വിശുദ്ധ പത്രോസ്-പൗലോസ് അപ്പസ്തോലന്മാരുടെ നാമധേയത്തിലുള്ള രൂപതയുടെ പുതിയ കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് മിന്‍ഡോങ് രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് സാൻ സിലു മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡീക്കന്‍ ജോസഫ് ചെൻ, ഡീക്കന്‍ ജോൺ സാങ് എന്നീ രണ്ട് പേരാണ് ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യം സ്വീകരിച്ച് അഭിഷേകം ചെയ്യപ്പെട്ടത്. വിവിധ രൂപതകളിൽ നിന്നെത്തിയ നാൽപ്പതോളം സന്യാസിനികളും, ആയിരക്കണക്കിന് വിശ്വാസികളും പൗരോഹിത്യ സ്വീകരണ ചടങ്ങിൽ സജീവമായി പങ്കെടുത്തു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി രഹസ്യമായാണ് മിന്‍ഡോങ് രൂപത പട്ടം സ്വീകരണ ചടങ്ങുകൾ നടത്തിവന്നിരുന്നത്. അതേസമയം രൂപതയുടെ മുൻ മെത്രാനായിരുന്ന ജുവോസിജിന്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ചൈന - വത്തിക്കാൻ ധാരണ പ്രകാരമാണ് അദ്ദേഹത്തിന് മെത്രാൻ സ്ഥാനം നഷ്ടപ്പെട്ടത്. റോമിന്റെ അധികാര സീമയുടെ പരിധിക്ക് പുറത്ത് പോകുന്ന ചൈനീസ് സഭയുടെ സ്വാതന്ത്ര്യം ജുവോ സിജിൻ അംഗീകരിക്കാത്തതിനാൽ അദ്ദേഹത്തെ സഹായമെത്രാൻ എന്ന നിലയിൽ അംഗീകരിക്കാൻ ചൈനയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ അതൃപ്തി പ്രകടിപ്പിക്കുകയായിരിന്നു. അതേസമയം ചൈന - വത്തിക്കാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു ഒരു വര്‍ഷത്തിന് ശേഷമാണ് ചൈനയില്‍ തിരുപ്പട്ടം നടക്കുന്നതെന്നതും ശ്രദ്ധേയമാണ്.