News - 2025
നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ചൈന പങ്കാളിയാവും: കരാറില്‍ ഒപ്പിട്ടു
സ്വന്തം ലേഖകന്‍ 09-11-2019 - Saturday
ബെയ്ജിംഗ്: ലോക ശ്രദ്ധയാകര്‍ഷിച്ച ഫ്രാന്‍സിലെ നോട്രഡാം കത്തീഡ്രലിന്റെ പുനര്‍നിര്‍മ്മാണത്തില്‍ ചൈനീസ് വിദഗ്ദരും പങ്കാളികളാകും. ഇത് സംബന്ധിച്ച കരാറില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച ഇരു രാഷ്ട്രങ്ങളുടേയും തലവന്‍മാര്‍ ഒപ്പുവെച്ചു. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവായുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്രാന്‍സിന്റെ ആഗോള പ്രതീകമായ ഈ ദേവാലയം അഗ്നിക്കിരയായതുമുതല്‍ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത് സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും പരസ്പരം ബന്ധപ്പെട്ടുവരികയായിരുന്നുവെന്നും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലെ പരസ്പര സഹകരണം സംബന്ധിച്ച ഉടമ്പടിയില്‍ ഇരുരാഷ്ട്രങ്ങളുടേയും തലവന്‍മാര്‍ ഒപ്പിട്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മാനവസംസ്കാരത്തിന്റെ അമൂല്യ നിധി എന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് കത്തീഡ്രല്‍ ദേവാലയത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് മാക്രോണിന്റെ ചൈന സന്ദര്‍ശനത്തിനിടക്കാണ് കത്തീഡ്രലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലെ പരസ്പരസഹകരണം സംബന്ധിച്ച രേഖയില്‍ ഇരു രാഷ്ട്രങ്ങളും ഒപ്പിട്ടത്. 2020-ല്‍ നടക്കുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തികളുടെ പ്രമേയവും മാതൃകയും സംബന്ധിച്ച കാര്യങ്ങളില്‍ ചൈനയും ഫ്രാന്‍സും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും, ഇതിനായി ചൈനീസ് വിദഗ്ദരുടെ സേവനം ലഭ്യമാക്കുമെന്നും ഉടമ്പടി രേഖയെ ഉദ്ധരിച്ചുകൊണ്ട് സിന്‍ഹുവായുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഗ്നിബാധക്കിരയായ പൗരാണിക കെട്ടിടങ്ങളുടെ പ്രത്യേകിച്ച് മരംകൊണ്ടു നിര്‍മ്മിച്ചിട്ടുള്ള കെട്ടിടങ്ങളുടെ പുനര്‍നിര്‍മ്മാണത്തില്‍ ചൈനക്ക് വളരെയേറെ അനുഭവസമ്പത്തുണ്ടെന്നും, നോട്രഡാം കത്തീഡ്രലിന്റെ ഓക്ക് മരത്തില്‍ നിര്‍മ്മിച്ചിരുന്ന മേല്‍ക്കൂരയുടെ പുനരുദ്ധാരണത്തിന് വേണ്ട വിദഗ്ദ നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ ചൈനക്ക് കഴിയുമെന്നും ചൈനീസ് അക്കാദമി ഓഫ് കള്‍ച്ചറല്‍ ഹെറിറ്റേജിന്റെ ഡയറക്ടറായ ചായി ഷിയാവോമിംഗ് 'സിന്‍ഹുവാ'ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
850 വര്‍ഷങ്ങള്‍ പഴക്കമുള്ള നോട്രഡാം കത്തീഡ്രല്‍ ഭാഗികമായി കത്തിനശിച്ചത് ആഗോളതലത്തില്‍ തന്നെ ഞെട്ടല്‍ ഉളവാക്കിയിരുന്നു. ദേവാലയം ഭാഗികമായി നശിച്ചുവെങ്കിലും ദേവാലയത്തിലെ തിരുശേഷിപ്പുകളും, മണികളും, ഗോപുരങ്ങളും, സുരക്ഷിതമാണ്. ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം സംബന്ധിച്ച പഠനങ്ങള്‍ ഇപ്പോഴും നടന്നുവരികയാണ്. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ പുനരുദ്ധാരണം എങ്ങിനെവേണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്തുവാന്‍ കഴിയുകയുള്ളൂ. 2024-ലെ ഒളിമ്പിക്സ് ഗെയിംസിന് മുമ്പ് പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
![](/images/close.png)