News - 2024

മൈസൂരിലെ സെന്‍റ് ആന്റണി ദേവാലയത്തിനു മൈനർ ബസിലിക്ക പദവി

സ്വന്തം ലേഖകന്‍ 14-11-2019 - Thursday

വത്തിക്കാന്‍ സിറ്റി/ മൈസൂര്‍: മൈസൂർ രൂപതയ്ക്കു കീഴിലുള്ള ഡൊർണഹള്ളി സെന്‍റ് ആന്റണി ദേവാലയത്തെ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഫ്രാന്‍സിസ് പാപ്പയുടെ ഡിക്രി. ഒക്ടോബർ പതിനേഴിന് ഫ്രാൻസിസ് മാർപാപ്പ പുറപ്പെടുവിച്ച ഡിക്രിയിലാണ് ദേവാലയത്തിനു ഔദ്യോഗിക അംഗീകാരം നല്‍കിയിരിക്കുന്നത്. ദേവാലയത്തിന്റെ പ്രത്യേക പദവി രൂപതയ്ക്കും ലഭിച്ച അംഗീകാരമാണെന്നും ദൈവത്തിന് നന്ദി പറയുന്നതായും മൈസൂർ ബിഷപ്പ് ഡോ.കെ. എ വില്യം പറഞ്ഞു. കത്തോലിക്ക സഭ മാർപാപ്പയോടു ഐക്യപ്പെട്ടിരിക്കുകയാണെന്നും രൂപതയുടെ ഇടയപ്രവർത്തനങ്ങള്‍ കാര്യക്ഷമാക്കുന്നതാണ് ഡിക്രിയെന്നു അദ്ദേഹം പ്രസ്താവിച്ചു.

1989 നവംബർ 9ന് പുറപ്പെടുവിച്ച ഡൊമസ് എക്ലേസിയ ഡിക്രി പ്രകാരം മൈനർ ബസിലിക്ക പദവിയോടൊപ്പം ലഭിക്കുന്ന ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കുമൊപ്പം ഇടയധർമത്തിന്റെ കടമകളും നിർവഹിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. മൈനർ ബസിലിക്ക പദവിയുടെ നന്ദിപ്രകാശനവും ആഘോഷങ്ങളും ഉടൻ തന്നെ തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഒക്ടോബര്‍ ആദ്യ വാരത്തില്‍ ഷിവമോഗയിലെ ഹരിഹർ ആരോഗ്യമാതാവിന്റെ ദേവാലയവും മൈനർ ബസിലിക്കയായി ഉയർത്തപ്പെട്ടിരിന്നു.


Related Articles »