India - 2025
അല്‍മായരെന്നാൽ ഭൂമിയുടെ കാവൽക്കാർ: ഡോ.ജെയിംസ് ആനാപറമ്പിൽ
18-11-2019 - Monday
ആലപ്പുഴ: അല്‍മായരെന്നാൽ 'ഭൂമിയുടെ കാവൽക്കാർ' എന്നാണ് അർത്ഥമെന്നു ആലപ്പുഴ രൂപതാ മെത്രാൻ ഡോ.ജെയിംസ് ആനാപറമ്പിൽ. കെ.എൽ.സി.എ. (കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ) ആലപ്പുഴ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരവ് 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു പിതാവ്. ഈ ലോകം മനുഷ്യവാസയോഗ്യമാക്കി മാറ്റി എടുക്കാൻ ശ്രമിക്കണം, തീരദേശപരിപാലന നിയമം രണ്ടുവശവും കണ്ടു തീരുമാനമെടുക്കുന്നവരാണ് നമ്മൾ, ഒരേസമയം നമുക്കിവിടെ താമസിക്കണം അതേസമയം തന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ പറ്റിയും ചിന്തിക്കണം. കടലും, കായലും തമ്മിലുള്ള ബന്ധത്തിൽ നിന്നാണ് നമ്മുടെ സംസ്‌കൃതി രൂപപ്പെട്ടിള്ളത്.
വേലിയേറ്റവും വേലിയിറക്കവും എന്നത് ഭൂമിയുടെ തീരദേശവാസികളുടെ ജീവിതതാളത്തിൽ പെട്ടിട്ടുള്ളതാണ്. അവിടുന്ന് ഒളിച്ചോടപ്പെടുവാനുള്ളവരല്ല നമ്മള്‍. അതുപോലെതന്നെ, അടിച്ചേല്പിക്കപ്പെടുന്ന തീരദേശപരിപാലന നിയമത്തിൽ വീഴുന്നവരുമല്ല നമ്മൾ പക്ഷെ, ബോധമുള്ളവർ ആകണം. ഇതിനെ സംരക്ഷിക്കണം. ഇവിടെ നമുക്ക് താമസിക്കണം. ദേവാലയങ്ങളൊക്കെ പ്രകൃതിയുടെ കൂടാരം പോലെ ആയിതീരണം അതാണ് ദേവാലയസങ്കല്പം. പ്രകൃതിയും, മനുഷ്യനും, ദൈവവും ഒന്നുചേരുന്ന പറുദീസയാണ് ദേവാലയത്തിന്റെ പ്രതീകം. ദേവാലയത്തിൽ പ്ലാസ്റ്റിക് വെക്കുന്നത് പാപമാണ്. പ്രകൃതിയെ മലിനപ്പെടുത്തുന്ന ഒന്നും നമ്മുടെ ഈ വിശുദ്ധ സ്ഥലങ്ങളിൽ അനുവദിക്കരുതെന്നും പിതാവ് ഉദ്‌ബോധിപ്പിച്ചു.
